
ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ യു.എസ് നീക്കം ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സേനാ, ഉദ്യോഗസ്ഥ സാന്നിധ്യത്തില്‍ അനിവാര്യരല്ലാത്തവരെ ഒഴിപ്പിക്കുകയാണ് യു.എസ് ഭരണകൂടം.
ഇസ്രയേല്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും തങ്ങളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈല്‍ തൊടുത്താകും ഇറാന്‍ പ്രതികരിച്ചേക്കുകയെന്ന നിഗമനങ്ങളാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനു പിന്നില്‍.
ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും യു.എസിന് സൈനിക സാന്നിധ്യമുണ്ട്. തങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നല്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സദേഹ് മുന്നറിയിപ്പ് നല്കി.
ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നത്. മറിച്ചാണ് നടക്കുന്നതെങ്കില്‍ സമീപരാജ്യങ്ങളിലെ യു.എസ് സൈനിക ബേസുകളില്‍ കനത്ത ആക്രമണം നടത്തും. ഞങ്ങള്‍ക്കെതിരേ വരുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും- നസീര്‍സദേഹ് വ്യക്തമാക്കി.
ഇസ്രയേല്‍ ആക്രമണത്തിനു കോപ്പുകൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ 'ഞങ്ങള്‍ തയാറാണ്' എന്ന് ഇറാന്‍ പോസ്റ്റ് ചെയ്തത് യുദ്ധം അരികെയെന്ന സൂചന നല്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ആയിരത്തിലധികം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറിപ്പോയി. ഒളിഞ്ഞും തെളിഞ്ഞു ഇസ്രയേലിനെതിരേ ഒളിയുദ്ധം നടത്തിയിരുന്ന ഇറാന്റെ സഖ്യസംഘടനകളെല്ലാം തന്നെ ദുര്‍ബലമായി.
ഗസയ്ക്കു പിന്നാലെ ലെബനനിലെ ഹിസ്ബുള്ള, സിറിയയിലെ ഇറാന്‍ അനുകൂല കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള അടക്കമുള്ള സായുധസംഘടനകള്‍ക്കും ആളും സാമ്പത്തികശേഷിയും നഷ്ടപ്പെടുകയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇറാന്റെ പ്രോക്‌സികളായി പ്രവര്‍ത്തിച്ച സംഘടനകളില്‍ പലതും നാമവശേഷമായത് ടെഹ്‌റാനെ ദുര്‍ബലമാക്കിയിട്ടുണ്ട്.
ഇറാനുമായുള്ള ആണവകരാര്‍ ചര്‍ച്ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് മാധ്യമങ്ങള്‍ ഇസ്രയേലിന്റെ നീക്കം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള ആറാംവട്ട ചര്‍ച്ചക്ക് ഞായറാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് വേദിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine