ട്രംപ് മടങ്ങിയാല്‍ ഗസയില്‍ തീവ്രയുദ്ധം, രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍, പ്രതികാര മുന ഇറാന് നേരെയും; മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നതെന്ത്?

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് നടന്ന ഹൂതികളുടെ മിസൈലാക്രമണത്തില്‍ തിരിച്ചടിക്കുമെന്നും ഇസ്രയേല്‍
Israel prime minister Benjamin Nethanyahu US president Donald Trump
Facebook / Prime minister of Israel
Published on

ഗാസ മുനമ്പ് സൈനികമായി പിടിച്ചടക്കാനും അനിശ്ചിതകാലത്തേക്ക് അവിടെ തുടരാനും ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് സൈന്യത്തിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടുകിട്ടാനും ഇസ്രയേല്‍ വ്യവസ്ഥയില്‍ വെടിനിറുത്തല്‍ കരാറിന് പ്രേരിപ്പിക്കാനുമാണ് പുതിയ നീക്കം. ഗാസയുടെ വടക്കന്‍ ഭാഗത്തുള്ള ആയിരക്കണക്കിന് പലസ്തീനികളെ തെക്കന്‍ പ്രദേശത്ത് മാറ്റിപ്പാര്‍പ്പിക്കാനും ഇസ്രയേലിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിറുത്തലിന് ശേഷം മാര്‍ച്ച് 18 മുതലാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിക്കുന്നത്. ഹമാസ് നിയന്ത്രണത്തിലുള്ള ഗസയില്‍ മാര്‍ച്ച് 18ന് ശേഷം 2,436 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ട്രംപിന്റെ സന്ദര്‍ശനം കഴിഞ്ഞാല്‍ തുടങ്ങും

അടുത്ത ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതുകഴിഞ്ഞാല്‍ തീവ്രകരയുദ്ധം ആരംഭിക്കാനാണ് പദ്ധതിയെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചില പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന സൈനിക നടപടി പതിയെ മാസങ്ങളെടുത്ത് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി റിസര്‍വ് സൈനികരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ തിരികെ വിളിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് മുമ്പ് ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ കരാറിലെത്താനും ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സഹായത്തിലും നിയന്ത്രണം

ഗസയിലുള്ളവര്‍ക്ക് അന്താരാഷ്ട്ര സമൂഹം എത്തിക്കുന്ന സഹായം ഹമാസ് കൈക്കലാക്കുകയാണെന്ന ആരോപണവും ഇസ്രയേല്‍ ഉന്നയിച്ചിട്ടുണ്ട്. പലസ്തീനികള്‍ക്കുള്ള സഹായ വസ്തുക്കള്‍ ഹമാസ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നും അന്താരാഷ്ട്ര ഏജന്‍സികളെ ഒഴിവാക്കി സൈന്യം തന്നെ സഹായം വിതരണം ചെയ്യാമെന്നുമാണ് ഇസ്രയേല്‍ നിര്‍ദ്ദേശം. മാര്‍ച്ച് 18ന് കരയുദ്ധം ആരംഭിച്ച ശേഷം ഗസയിലേക്ക് സഹായമെത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ മേല്‍നോട്ടത്തില്‍ സഹായ വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭയും ഹമാസും നിരാകരിച്ചു. മാനുഷിക സഹായത്തെ സൈനിക വത്കരിക്കുന്നത് ശരിയല്ലെന്നാണ് യു.എന്‍ നിലപാട്.

ബന്ദികളുടെ കാര്യത്തില്‍ ആശങ്ക

തീവ്ര സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ സുരക്ഷ അപകടത്തിലാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള സാധ്യത ഇസ്രയേല്‍ സൈന്യം മന്ത്രിസഭയുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും സൈനിക നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. തീവ്രസൈനിക നടപടിയിലേക്ക് പോകുന്നത് ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് കാട്ടി ഇവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. സൈനിക സമ്മര്‍ദ്ദം വഴി ബന്ദികളെ മോചിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു സര്‍ക്കാര്‍.

കാണാമറയത്ത്

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേരെയും മോചിപ്പിച്ചു. ഇനി 59 പേരാണ് ഹമാസിന്റെ പക്കലുള്ളത്. ഇതില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി സംശയമുണ്ട്. യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസിന്റെ നിലപാട്.

ഇറാനെതിരെ പ്രതികാരം

അതിനിടെ കഴിഞ്ഞ ദിവസം ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് നടന്ന ഹൂതികളുടെ മിസൈലാക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാനും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിനെ വേദനിപ്പിക്കുന്നവര്‍ക്ക് ഏഴ് മടങ്ങ് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും പറഞ്ഞു. ഞായറാഴ്ചയാണ് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് യെമനി ഹൂതികളുടെ മിസൈല്‍ വിമാനത്താവളത്തിന് സമീപം പതിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്ക് സര്‍വീസ് നിറുത്തിയിരുന്നു.

തിരിച്ചടിക്കുമെന്ന് ഇറാനും

എന്നാല്‍ അമേരിക്കയോ ഇസ്രയേലോ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മറുപടി. ഹൂതികളുടെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. അതിനിടെ മിസൈലാക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമായിട്ടുണ്ട്.

Israel reportedly approves a new military plan to capture all of Gaza, triggering global outrage and humanitarian concerns.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com