ഹിസ്ബുള്ളയുമായി വെടിനിറുത്തി ഇസ്രയേല്‍, യുദ്ധം നിറുത്താന്‍ ഹമാസും, ഇറാന്റെ നിലപാട് നിര്‍ണായകം; എണ്ണവിലയില്‍ എന്തുമാറ്റമുണ്ടാകും?

14 മാസം നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഇസ്രയേലും ലെബനീസ് ഷിയാ സായുധ സംഘടനയായ ഹിസ്ബുള്ളയും വെടിനിറുത്തലിലേക്ക്. പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെ 60 ദിവസത്തെ വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്നു. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇന്നലെയാണ് വെടിനിറുത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷവും ഇരുവിഭാഗവും ആക്രമണം തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
അതേസമയം, വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും സൗത്ത് ലെബനനിലെ ഇസ്രയേല്‍ സൈനിക പോസ്റ്റുള്ള സ്ഥലങ്ങളിലേക്കും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഗ്രാമങ്ങളിലേക്കും ഉടന്‍ മടങ്ങരുതെന്ന് ഇസ്രയേല്‍ സൈന്യം ലെബനീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശങ്ങളില്‍ സേനയുടെ സാന്നിധ്യം തുടരുമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൗത്ത് ലെബനനിലേക്ക് ആയിരങ്ങളാണ് തിരികെയെത്തുന്നത്. ലെബനന്‍ ഇസ്രയേല്‍ അതിര്‍ത്തി പ്രദേശത്തുള്ള ലിതാനി നദിയുടെ ഭാഗത്ത് നിന്നും ഹിസ്ബുള്ളയും സൗത്ത് ലെബനനില്‍ നിന്നും ഇസ്ര.യേല്‍ സൈന്യവും പിന്മാറുമെന്ന് സമ്മതിച്ചാണ് ഇരുവിഭാഗവും വെടിനിറുത്തലിന് തയ്യാറായത്. എന്നാല്‍ വെടിനിറുത്തല്‍ എത്രകാലം വരെ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആശങ്ക ശക്തമാണ്. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ ഇതുവരെ 3,823 ലെബനാനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

യുദ്ധം നിറുത്താന്‍ തയ്യാറെന്ന് ഹമാസും

വെടിനിറുത്തല്‍ കരാറിനെ സ്വാഗതം ചെയ്ത ഹമാസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹിസ്ബുള്ളക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പ്രതികരിച്ചു. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ മധ്യസ്ഥരോട് വെടിനിറുത്തലിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. തടവുകാരെ കൈമാറ്റം ചെയ്യാനും തയ്യാറാണ്. എന്നാല്‍ സമാധാന ശ്രമങ്ങളെ ഇസ്രയേല്‍ തകര്‍ക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിറുത്തല്‍ കരാര്‍ മേഖലയിലാകെ സമാധാനം കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും പ്രതികരിച്ചു.

ഇറാന്റെ നിലപാട് നിര്‍ണായകം

വിഷയത്തില്‍ ഇറാന്റെ നിലപാട് നിര്‍ണായകമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇറാന്റെ പക്ഷത്ത് നില്‍ക്കുന്ന സംഘങ്ങളാണ് ഹിസ്ബുള്ളയും യെമനിലെ ഹൂതികളും പലസ്തീനിലെ ഹമാസും. ഇതില്‍ ഹിസ്ബുള്ള മാത്രമാണ് വെടിനിറുത്തല്‍ കരാറിലൊപ്പിട്ടത്. എന്നാലും ഹിസ്ബുള്ള ഇറാനൊപ്പം നില്‍ക്കുമെന്ന് കരുതുന്നത് . കഴിഞ്ഞ മാസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസവും ഇറാന്‍ വെല്ലുവിളിച്ചിരുന്നു. ഒരു പക്ഷേ ഇറാന്‍ നേരിട്ടോ സഖ്യകക്ഷികളെ ഉപയോഗിച്ചോ ഇസ്രയേലിനെ ആക്രമിക്കാനുള്ള സാഹചര്യം കൂടുതലാണെന്നാണ് സൂചന. അങ്ങനെയായാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഇപ്പോഴത്തെ വെടിനിറുത്തല്‍ നയതന്ത്രപരമായി ഇറാന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഉടന്‍ ഒരു ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിന്റെ അച്ചുതണ്ട് വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇറാന്‍ ശ്രദ്ധകേന്ദ്രീകരിച്ചേക്കുമെന്നും സൂചനകളുണ്ട്.

എന്തുമാറ്റം

ഇസ്രയേല്‍-ഹമാസ് യുദ്ധം പല രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിരുന്നു. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ പല രാജ്യങ്ങളിലും എണ്ണവില കൂടുകയും ചെയ്തു. സമാധാനക്കരാര്‍ നിലവില്‍ വന്നത് വിപണിക്ക് ശുഭപ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ സമാധാനക്കരാര്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വിപണിയില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷത്തെ നയങ്ങള്‍ തീരുമാനിക്കുന്നതിന് വേണ്ടി ഡിസംബര്‍ ഒന്നിന് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് + യോഗം ചേരുന്നുണ്ട്. ഇതില്‍ എണ്ണവിലയെ ബാധിക്കുന്ന തീരുമാനങ്ങളുണ്ടാകും, പ്രത്യേകിച്ചും ഇസ്രയേല്‍ ലെബനന്‍ യുദ്ധം അവസാനിച്ചതോടെ. ബാരലിന് 65-70 ഡോളറില്‍ തന്നെ കുറച്ച് ദിവസങ്ങളില്‍ വ്യാപാരം തുടരാനാണ് സാധ്യത. തണുപ്പുകാലത്ത് എണ്ണയുല്‍പ്പാദനം വര്‍ധിക്കുന്നത്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തുന്നത്, ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചത് തുടങ്ങിയ ഘടകങ്ങളും എണ്ണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it