ലെബനനില്‍ കരയുദ്ധം; ഹിസ്ബുള്ളയുടെ ഗറില്ലാ തന്ത്രം ഇസ്രയേലിന് കുരുക്കാകുമോ? കരയുദ്ധത്തില്‍ മേല്‍ക്കൈ ആര്‍ക്ക്?

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇസ്രയേല്‍ സൈന്യം ലെബനനില്‍ പ്രവേശിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ച ശേഷമാണ് ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്ന പേരില്‍ കരയുദ്ധം ആരംഭിച്ചത്. ഇസ്രയേലിനെ ശക്തമായി പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള പറയുന്നുണ്ടെങ്കിലും ഇരുസംഘങ്ങളും പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നിട്ടില്ലെന്നും ശത്രുവിനെ നേരിടാന്‍ സജ്ജമാണെന്നും ഹിസ്ബുള്ള പ്രതികരിച്ചു. എന്തിനാണ് ഇസ്രയേല്‍ ലെബനനെ ആക്രമിക്കുന്നത് ? ഹമാസ്-ഇസ്രയേല്‍ പ്രശ്‌നത്തില്‍ ഹിസ്ബുള്ളയുടെ റോള്‍ എന്താണ്? കരയുദ്ധമുണ്ടായാല്‍ ആര്‍ക്കാണ് മേല്‍ക്കൈ? എന്തൊക്കെയാണ് സാധ്യതകള്‍?

എന്തിനാണ് ഇസ്രയേല്‍ ആക്രമണം

ഗാസയില്‍ ഹമാസും ഇസ്രയേലും യുദ്ധം തുടങ്ങിയതോടെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള ഇസ്രയേലി താമസ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും കടുപ്പിച്ചു. ഇതോടെ ഇവിടെ നിന്ന് 60,000 ഇസ്രയേലികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. ഇവരെ തിരിച്ചെത്തിക്കാന്‍ യുദ്ധത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുമെന്ന് ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരിച്ചെത്തിച്ചാലും അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഹിസ്ബുള്ളയുടെ ആക്രമണമുണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊഴിവാക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഹിസ്ബുള്ളയുടെ ആശയ വിനിമയ സംവിധാനവും മുതിര്‍ന്ന നേതാക്കളെയും ഇല്ലാതാക്കിയ ശേഷമാണ് ഇസ്രയേലിന്റെ യുദ്ധനീക്കമെന്നതും ശ്രദ്ധേയമാണ്. പൂര്‍ണ തോതിലുള്ള യുദ്ധത്തിലേക്ക് പോകാതെ ടാര്‍ഗറ്റഡ് ഗ്രൗണ്ട് റെയ്ഡുകള്‍ മാത്രമാണ് നടത്തുകയെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

ആര്‍ക്കാണ് മേല്‍ക്കൈ

വ്യത്യസ്ത തരത്തിലുള്ള പരിശീലനം ലഭിച്ചവരാണ് ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യവും. ഏതെങ്കിലും ഒരു ഘടകം മാത്രം പരിഗണിച്ച് ആര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഇരുകൂട്ടരുടെയും ശക്തിയും ബലഹീനതയും എന്താണെന്ന് പരിശോധിക്കാം.

ഇസ്രയേല്‍

അത്യാധുനിക ആയുധങ്ങളും ശത്രുവിന്റെ മനസില്‍ പോലും കയറി രഹസ്യം ചോര്‍ത്താനുളള കഴിവുമുള്ളവരാണ് ഇസ്രയേലി സൈനികര്‍. ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സൈന്യമാണ് ഇസ്രയേലിന്റേത്. രാജ്യത്തെ പൊതിഞ്ഞ് കുടപോലെ നില്‍ക്കുന്ന അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനമാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ കരുത്ത്. ശത്രുരാജ്യത്തിന്റെ മിസൈലുകളെയും റോക്കറ്റുകളെയും ആകാശത്ത് വച്ച് തന്നെ കണ്ടെത്തി തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയും. മിഡില്‍ ഈസ്റ്റില്‍ എവിടെയും ചെന്ന് ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചെത്താന്‍ കഴിയുന്ന വ്യോമസേനയും ഇസ്രയേലിന്റെ കരുത്താണ്. പാശ്ചാത്യരാജ്യങ്ങളുമായും യു.എസുമായും നല്ല സൗഹൃദം പുലര്‍ത്തുന്നതും ഇസ്രയേലിന് മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്.
എന്നാല്‍ ഗറില്ലാ യുദ്ധമുറകളില്‍ പ്രാവീണ്യം നേടിയ ഹിസ്ബുള്ളയുടെ തട്ടകത്തിലേക്ക് ചെന്നുകയറുന്നത് അപകടമാണെന്ന് ചിന്തിക്കുന്ന പ്രതിരോധ വിദഗ്ധരുമുണ്ട്. സാധാരണക്കാരെ മറയാക്കി ഹിസ്ബുള്ള ഗറില്ലാ യുദ്ധത്തിനൊരുങ്ങിയാല്‍ ഇസ്രയേലിന് കനത്ത ആക്രമണം നടത്തേണ്ടി വരും. ഇത് കൂടുതല്‍ സാധാരണക്കാരെ ബാധിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുണ്ടാക്കുകയും ചെയ്യും. അയണ്‍ ഡോമുണ്ടെങ്കിലും പലപ്പോഴും ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുന്നുണ്ട്. ഇതും ഇസ്രയേലിനെ അലട്ടുന്ന കാര്യങ്ങളിലൊന്നാണ്.

ഹിസ്ബുള്ള

ഇസ്രയേലി അധിനിവേശത്തെ ചെറുക്കാനെന്ന പേരില്‍ ഷിയാ മുസ്ലിം മതപണ്ഡിതന്മാര്‍ സ്ഥാപിച്ച ഹിസ്ബുള്ളയുടെ കരുത്ത് ഗറില്ലാ യുദ്ധമുറയില്‍ പ്രാവീണ്യം നേടിയ സംഘാംഗങ്ങളാണ്. പലസ്തീന്‍ മാതൃകയിലുള്ള ഭൂഗര്‍ഭ അറകളും റോക്കറ്റ് ലോഞ്ചറുകളും ഒളിയിടങ്ങളും ഹിസ്ബുള്ളയ്ക്ക് മേല്‍ക്കൈ നല്‍കുന്ന കാര്യമാണെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ലെബനനിലെ സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള സ്വാധീനവും ഇറാന്റെ പിന്തുണയും അനുകൂലമാകുമെന്നും ഹിസ്ബുള്ള കരുതുന്നു. മിസൈലുകളുടെയും റോക്കറ്റുകളുടെയും വലിയൊരു ശേഖരം ഇപ്പോഴും ഹിസ്ബുള്ളയുടെ കയ്യിലുണ്ടെന്നാണ് കരുതുന്നത്. നേതൃത്വത്തെ ഇല്ലാതാക്കിയെങ്കിലും ആയിരക്കണക്കിന് ഹിസ്ബുള്ളക്കാര്‍ ഇപ്പോഴും ലെബനനില്‍ സജീവമാണ്. കൂടാതെ സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധപ്രാവീണ്യം നേടിയ വലിയൊരു സംഘവും രാജ്യത്തുണ്ട്.
എന്നാല്‍ അത്യാധുനിക വ്യോമസേനയുടെ പിന്തുണയുള്ള ഇസ്രയേലിന്റെ മുന്നില്‍ ഹിസ്ബുള്ള ഇപ്പോഴും വളരെ ചെറുതാണ്. വലിയ റോക്കറ്റുകളുടെ ശേഖരമുണ്ടെങ്കിലും കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോഴും ഹിസ്ബുള്ളയുടെ കൈവശമില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉപരോധം നിലനില്‍ക്കുന്നതും ഷിയാ സായുധ സംഘടനയ്ക്ക് തിരിച്ചടിയാണ്. ഇറാന്റെ പിന്തുണയോടെ നിലനില്‍ക്കുന്ന സംഘടനയാണ് ഹിസ്ബുള്ള. ഇറാനിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഹിസ്ബുള്ളയെയും ബാധിക്കും.

സാധ്യതകള്‍ എന്തൊക്കെ

2006ലേതിന് സമാനമായി ഐക്യരാഷ്ട്ര സംഘടനയോ അമേരിക്ക പോലുള്ള രാജ്യങ്ങളോ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ധൈര്യമായി താമസിക്കണമെങ്കില്‍ ലെബനീസ് ഭാഗത്തെ ഹിസ്ബുള്ളയുടെ സാന്നിധ്യം ഇല്ലാതാക്കണമെന്ന് ഇസ്രയേലിന് നന്നായറിയാം. ലെബനനില്‍ കടന്ന് ഒരു ബഫര്‍ സോണ്‍ തീര്‍ത്ത ശേഷം തിരിച്ചുവരാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കം. പക്ഷേ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകും. ഇതിനെ വ്യോമാക്രമണം കൊണ്ട് മറികടക്കാന്‍ ഇസ്രയേലിന് കഴിയും. ഹിസ്ബുള്ളയെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഘത്തിന്റെ ശക്തി പരമാവധി നശിപ്പിക്കുകയും ഭാവി ആക്രമണങ്ങളില്‍ നിന്നും തടയുകയും ഇസ്രയേല്‍ ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
യുദ്ധം നീണ്ടുപോയാല്‍ ഇറാന്‍, അമേരിക്ക പോലുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിസ്ബുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ലെന്നും വിദഗ്ധര്‍ കരുതുന്നു.

Related Articles

Next Story

Videos

Share it