കേരള-ഗൾഫ് വിമാന സർവീസുകളെ ബാധിച്ച് ഇസ്രയേൽ-ഇറാൻ സംഘർഷം, ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു, പൊറുതിമുട്ടി യാത്രക്കാര്‍

കേരളത്തിനും ജി.സി.സി രാജ്യങ്ങൾക്കുമിടയിലുളള നിരവധി വിമാനങ്ങൾ മുൻകൂർ അറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നുണ്ട്
Image courtesy: canva
Image courtesy: canva
Published on

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂലം കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങള്‍ക്കും ഇടയിലുളള വിമാന സർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ലക്ഷകണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിലുളള നിയന്ത്രണങ്ങൾ കാരണം വിമാനങ്ങളുടെ സര്‍വീസുകളില്‍ കാര്യമായ കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടാകുമെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാനാണ് യാത്രക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധന

അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അമിത നിരക്ക് നൽകാൻ നിർബന്ധിതരാകുന്നുവെന്ന ആരോപണവുമായി യാത്രക്കാർ രംഗത്തെത്തി. ഇസ്രയേൽ-ഇറാൻ സംഘർഷം കേരളത്തിൽ നിന്നുള്ള പ്രവാസികളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. കേരളത്തിനും ജിസിസി രാജ്യങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ദുബായിലേക്കും ഷാർജയിലേക്കുമുള്ള നിരവധി വിമാനങ്ങൾ മുൻകൂർ അറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നുണ്ട്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

അവധിക്കാലം

ഗൾഫ് രാജ്യങ്ങളിലെ വേനൽക്കാല അവധിക്കാലം നിലവിലെ പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. ഈ സമയത്ത് വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചതായി യാത്രക്കാര്‍ പറയുന്നു. എല്ലാ വർഷത്തെയും പോലെ കുത്തനെയുള്ള വർദ്ധനവ് പ്രധാനമായും കേരളത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഈ ആഴ്ച നിരക്കുകൾ വർദ്ധിപ്പിച്ചത്. എന്നാല്‍ ഗള്‍ഫിലെ അവധിക്കാലം അവസാനിക്കുന്ന ഓഗസ്റ്റ് പകുതി വരെ നിരക്ക് വര്‍ധന തുടരുമെന്നാണ് കരുതുന്നത്.

Israel-Iran conflict disrupts Kerala-Gulf flights, causes fare hikes and passenger distress.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com