
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിലേക്ക് യു.എസ് കൂടി എത്തിയതോടെ ആഗോള ഓഹരി വിപണികള്‍ തിങ്കളാഴ്ച തകര്‍ച്ചയില്‍. യു.എസ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം ഏത് രീതിയിലേക്ക് മാറുമെന്ന ആശങ്കയാണ് നിക്ഷേപകരെ അലട്ടുന്നത്. ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധവും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പുകളും ക്ഷീണത്തിലാക്കിയ വിപണിക്ക് കനത്ത ആഘാതമാണ് യു.എസ് ഇടപെടലിലൂടെ ഉണ്ടായത്. കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാകുമോയെന്ന ആശങ്കയും വിപണിക്കുണ്ട്.
ഇറാനെതിരായ സൈനിക നടപടിയില്‍ താന്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടത്. ഇത് ട്രംപിന്റെ തന്ത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. രണ്ടാഴ്ചത്തെ സമയം ലഭിക്കുമെന്ന് കരുതി എതിരാളി ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കുകയാണ് ഇതിലൂടെ ട്രംപ് ഉദ്ദേശിച്ചത്. തിരിച്ചടിയില്‍ തളര്‍ന്ന ഇറാന്‍ ആണവ പരീക്ഷണങ്ങളില്‍ നിന്നും പിന്മാറുമെന്നും യു.എസ് കരുതുന്നു. ഒപ്പം ചര്‍ച്ചയുടെ വഴിയും യു.എസ് തുറന്നിടുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചയാകാമെന്നാണ് യു.എസ് നിലപാട്.
ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില 70 ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പം വര്‍ധിക്കാനും സാമ്പത്തിക വളര്‍ച്ച കുറയാനും ഇടയാക്കും. എന്നാല്‍ തീരുമാനം സഖ്യകക്ഷികളായ ചൈനയെയും സൗഹൃദ രാജ്യമായ ഇന്ത്യയെയും സാരമായി ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കാന്‍ ഇടയില്ല.
എണ്ണവില വര്‍ധിക്കുന്നതിനൊപ്പം ഇന്ത്യയിലെ പല മേഖലകളെയും ഇത് ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ ഇറാനും ഇസ്രയേലുമായുള്ള വ്യാപാരം കുറവാണെങ്കിലും വളം, ഡയമണ്ട്, കെമിക്കല്‍, ബസ്മതി അരി തുടങ്ങിയ മേഖലകളെ ബാധിക്കാനിടയുണ്ട്. ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ 14 ശതമാനം മാത്രമാണ് ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ളത്. സംഘര്‍ഷ ബാധിതമല്ലാത്ത പ്രദേശങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യാമെങ്കിലും സംഘര്‍ഷം ഏറെക്കാലം നീണ്ടുനില്‍ക്കുന്നത് ഗുണകരമല്ലെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പറയുന്നത്.
വളം മേഖലയില്‍ ഇന്ത്യക്ക് ആവശ്യമായ പൊട്ടാസ്യം ക്ലോറേഡിന്റെ 7 ശതമാനം ഇസ്രയേലില്‍ നിന്നാണ് എത്തിക്കുന്നത്. സംഘര്‍ഷം കനത്താല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവയെത്തിച്ച് പ്രതിസന്ധി പരിഹരിക്കാം. കൂടാതെ ഡയമണ്ട് വ്യാപാരത്തിലും ഇന്ത്യക്ക് ഇസ്രയേലിനെ ഒഴിവാക്കി ബെല്‍ജിയം, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലൂടെ പുതുവഴികള്‍ തേടാമെന്നും വിലയിരുത്തലുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അടുത്ത കാലത്തൊന്നും ഇന്ത്യയെ സാരമായി ബാധിക്കാന്‍ ഇടയില്ലെന്നും ക്രിസില്‍ പറയുന്നു. സംഘര്‍ഷം ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ എണ്ണവില വര്‍ധിക്കുന്നതും വിതരണ ശൃഖലയിലെ തടസങ്ങളും ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും ഇവര്‍ കരുതുന്നു. സംഘര്‍ഷം നീളുകയും വിതരണ ശൃംഖലയില്‍ തടസങ്ങളുണ്ടാവുകയും ചെയ്താല്‍ കെമിക്കല്‍സ്, പെയിന്റ്‌സ്, ഏവിയേഷന്‍ കമ്പനികളുടെ ലാഭത്തിനെ ഇത് ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യയിലേക്കുള്ള 40-50 ശതമാനം വരെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇതില്‍ തടസം നേരിട്ടാല്‍ ഷിപ്പിംഗ്, സുരക്ഷ, ഇന്‍ഷുറന്‍സ് എന്നിവയുടെ തുക ഉയരും. ഇത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രവര്‍ത്തനച്ചെലവ് കൂടുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലെ ലാഭവും കുറയും. പതിയെ പണപ്പെരുപ്പവും വര്‍ധിക്കും.
The Israel-Iran conflict may raise global crude prices, impacting India’s paints, aviation, tyre, and chemical sectors with potential margin pressures.
Read DhanamOnline in English
Subscribe to Dhanam Magazine