
ഇറാനിലെ ഫോര്‍ദോ (Fordow) ഭൂഗര്‍ഭ ആണവ പരീക്ഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ചയും ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍. എന്നാല്‍ ആരാണ് ആക്രമണം നടത്തിയതെന്നോ എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നോ വ്യക്തമല്ല. അതിനിടയില്‍ ഇറാനും ഇസ്രയേലും പരസ്പരം ആക്രമിക്കുന്നത് തുടരുകയാണ്. ഇറാനിലെ വിമാനത്താവളങ്ങള്‍ അടക്കം ആക്രമിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിലേക്ക് വലിയ രീതിയില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇറാനും അവകാശപ്പെടുന്നുണ്ട്.
അതേസമയം, ഇസ്രയേലിലെ പലയിടങ്ങളിലും ഇറാന്റെ മിസൈലാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച രണ്ട് തവണയെങ്കിലും മിസൈലുകള്‍ ഇസ്രയേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതായും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഇതിന് പിന്നാലെ പലയിടങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടു. ആളപായമുണ്ടായതായി ഇതുവരെയും സ്ഥിരീകരണമില്ല.
ഇതിന് തിരിച്ചടിയായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതുവരെയില്ലാത്ത രീതിയിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടത്തുന്നതെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2040ല്‍ ഇസ്രയേലിനെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍ സ്ഥാപിച്ച ഡിസ്ട്രക്ഷന്‍ ഓഫ് ഇസ്രയേല്‍ ക്ലോക്കും തകര്‍ത്തതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന എവിന്‍ ജയിലിലും ആക്രമണമുണ്ടായി. തടവുകാര്‍ രക്ഷപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിലെ നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഫോര്‍ദോ. തലസ്ഥാനമായ തെഹ്‌റാന്റെ 100 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇറാന്‍ ആണവായുധമുണ്ടാക്കാന്‍ വേണ്ട യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും 2009ലാണ് ഇക്കാര്യം ഇറാന്‍ പുറത്തുവിടുന്നത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഫോര്‍ദോയുടെ സുരക്ഷക്കായി ഇറാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഭൂമിക്കടിയിലേക്ക് ഏറെ ആഴത്തില്‍ ആഘാതമേല്‍പ്പിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യു.എസ് പ്രയോഗിച്ചത്. ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
Israel has reportedly struck Iran’s underground Fordow nuclear facility again as both countries exchange waves of air and missile attacks in an intensifying conflict.
Read DhanamOnline in English
Subscribe to Dhanam Magazine