
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ തെല്‍അവീവ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ടെല്‍അവീവ് 125 സൂചിക ഞായറാഴ്ച മുന്നേറിയത് 1.8 ശതമാനം. ഈ ആഴ്ച മാത്രം കുതിച്ചത് 8 ശതമാനം. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് വേഗം കുറയുമെന്ന പ്രതീക്ഷയിലാണ് ഇസ്രയേല്‍ വിപണി മുന്നേറുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ ഇസ്രയേല്‍ ഓഹരി വിപണി കുതിപ്പിലാണ്. തെല്‍അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നേരെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കും ഇതിനെ തടയാന്‍ കഴിഞ്ഞില്ല.
അതേസമയം, യുദ്ധഭീതിയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളെല്ലാം കുതിപ്പിലാണ്. കുവൈത്ത് ഓഹരി വിപണിയായ ബൗര്‍സ ( Boursa) കുവൈത്ത് പ്രീമിയര്‍ മാര്‍ക്കറ്റ് ഇന്‍ഡെക്‌സ് (BPK) ഒരു ശതമാനത്തോളം ഉയര്‍ന്ന് 8,650.6 എന്ന നിലയിലെത്തി. ഈജിപ്ത് വിപണി 1.7 ശതമാനം ഉയര്‍ന്നു. ബഹ്‌റൈനിലെ പ്രധാന സൂചിക ഫ്‌ളാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമാനിലെ ഓഹരി സൂചിക 0.5 ശതമാനവും നേട്ടത്തിലായി.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ അമേരിക്കയും ഭാഗമായി. ഇറാന്റെ ശക്തി ക്ഷയിക്കുന്നത് പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ നീക്കമാണെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവ-സൈനിക ശക്തി കുറയുന്നത് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ചില നിരീക്ഷകര്‍ പറയുന്നു. വിഷയത്തില്‍ യു.എസ് ഇടപടെലുണ്ടാകുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. ഇനി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഇവര്‍ കരുതുന്നു. സംഘര്‍ഷം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോയെന്നാണ് ആശങ്ക. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, മേഖലയില്‍ ഇറാന്റെ സാന്നിധ്യം കുറയുന്നതോടെ യു.എസ്.എ-സൗദി അറേബ്യ സഖ്യം ശക്തിപ്പെടുമെന്നും നിരീക്ഷണമുണ്ട്. ഇസ്രയേലിനൊപ്പം യു.എസും ചേര്‍ന്നതോടെ ഇറാന്‍ ഒറ്റപ്പെട്ട നിലയിലാണ്. കൂടെനില്‍ക്കുമെന്ന് കരുതിയ അറേബ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധം പതിവുപോലെ പ്രസ്താവനയില്‍ ഒതുക്കി. സൗഹൃദ രാജ്യങ്ങളായ റഷ്യയും ചൈനയും നേരിട്ട് ഇടപെടുന്നില്ലെന്ന നിലപാടിലാണ്. പ്രതിരോധത്തിന്റെ അച്ചുതണ്ടെന്ന നിലയില്‍ ഇറാന്‍ വളര്‍ത്തിയ ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയെയും യമനിലെ ഹൂതികളെയും തിരിച്ചടിക്ക് കഴിയാത്ത വിധം ഇസ്രയേല്‍ തകര്‍ത്തു. ഇതോടെ മിഡില്‍ ഈസ്റ്റില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അധികാര കേന്ദ്രം കൂടുതല്‍ ശക്തമാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
യു.എസ് ആക്രമണത്തിന് പകരം ഗള്‍ഫിലെ യു.എസ് ബേസുകളില്‍ ഇറാന്‍ പ്രത്യാക്രമണം നടത്തുമോയെന്ന ആശങ്കയും ശക്തമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബഹ്‌റൈനിലും കുവൈത്തിലും വിപുലമായ മുന്നൊരുക്കങ്ങള്‍ നടന്നു. അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് പ്രധാനപാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്‌റൈന്‍ മുന്നറിയിപ്പ് നല്‍കി.
Despite rising tensions in the Israel-Iran conflict and a US military strike on Iran, Middle East stock markets are gaining—here’s why investors remain optimistic.
Read DhanamOnline in English
Subscribe to Dhanam Magazine