
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുമ്പോള്‍ യുദ്ധം ജയിക്കാന്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണ് ഇരുകൂട്ടരും. യുദ്ധത്തിലേക്ക് അമേരിക്ക കൂടി നേരിട്ട് പങ്കാളിയാകുമെന്ന സൂചനകള്‍ക്കിടയില്‍ സൈബര്‍ ആക്രമണം കൂടി ശക്തമാക്കുകയാണ് ഇസ്രയേല്‍. ഇറാന്റെ ചാനല്‍ മുതല്‍ ബാങ്കിംഗ് സംവിധാനം വരെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാനാണ് ഇസ്രയേല്‍ നീക്കം.
ഒരേസമയം മിസൈല്‍ ആക്രമണത്തിനൊപ്പം സൈബര്‍ യുദ്ധത്തിലും മുന്നിലെത്താനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇറാന്റെ ഔദ്യോഗിക ടിവി ചാനലുകള്‍ ഹാക്ക് ചെയ്യുന്നതില്‍ ഇസ്രയേല്‍ വിജയിക്കുകയും ചെയ്തു. ഇറാന്‍ ചാനലുകളിലൂടെ ഇറാന്‍ ഭരണനേതൃത്വത്തിനെതിരായ ആഹ്വാനങ്ങള്‍ നല്കി ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. ഇതില്‍ ഇസ്രയേല്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ഏറെക്കാലമായി ഇറാനിലെ ജനങ്ങള്‍ അയത്തൊള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരേ സംഘര്‍ഷത്തിലാണ്. മതത്തില്‍ അധിഷ്ഠിതമായ ഭരണത്തില്‍ സ്ത്രീകളും പരിഷ്‌കരണവാദികളും വലിയ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ കാര്യമായി ആക്രമണം നടത്താതെ സൈനിക ആസ്ഥാനങ്ങളിലേക്കും ആയുധശാലകളിലേക്കും ഇസ്രയേല്‍ പ്രഹരത്തിന്റെ ശ്രദ്ധ മാറ്റിയതിനു കാരണവും ഇതുതന്നെയാണ്.
ഇറാന്റെ ആണവായുധ സാധ്യതകള്‍ നശിപ്പിക്കുകയും തങ്ങള്‍ക്ക് കൂടി ഹിതകരമായ ഭരണകൂടത്തെ പ്രതിഷ്ടിക്കുകയുമാണ് യു.എസിന്റെയും ഇസ്രയേലിന്റെയും ലക്ഷ്യം. ഇറാന്‍ ജനതയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ചാല്‍ അത് നടക്കാതെ വരും. ഇത്രയേറെ ആക്രമണങ്ങള്‍ നടന്നിട്ടും എതിരാളികള്‍ക്കെതിരേ ഇറാന്‍ തെരുവുകളില്‍ വലിയ പ്രതിഷേധം ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ഇറാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളുടെ മറവില്‍ ഖമേനി ഭരണവിരുദ്ധ പ്രക്ഷോഭം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന ഭയം സര്‍ക്കാരിനുണ്ട്.
ഇറാന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്കില്‍ ഇസ്രയേലിന്റെ സൈബര്‍ ആക്രമണം. 800 കോടി രൂപയിലധികം മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ നഷ്ടപ്പെട്ടതായാണ് വിവരം. 'പ്രിഡേറ്ററി സ്പാരോ' എന്ന ഇസ്രയേല്‍ അനുകൂല സൈബര്‍ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇറാനില്‍ നിന്നും കൈക്കലാക്കിയ 90 മില്യണ്‍ യുഎസ് ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികള്‍ ഇറാന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം ഡിജിറ്റല്‍ വാലറ്റുകളിലേക്ക് മാറ്റിയെന്നാണ് വിവരം.
ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിലെ ഇടപാടുകാരുടെ പൂര്‍ണ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നശിപ്പിച്ച് കളഞ്ഞു. ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനോ പണം എടുക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ തടസപ്പെടുന്നത് ഇറാനില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിവരം.
Read DhanamOnline in English
Subscribe to Dhanam Magazine