
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ മധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. ആണവകരാറുമായി ബന്ധപ്പെട്ട് ഇറാനുമായി യൂറോപ്യന്‍ മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇടപെടുന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് യു.എസ് നിലപാട്. ഇറാനിലെ ഉന്നത നേതാക്കളെയും ലക്ഷ്യം വെച്ചേക്കുമെന്ന് ഇസ്രയേലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുമെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും അടക്കം ഇറാനില്‍ 680 പേരും ഇസ്രയേലില്‍ 24 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍ ഇസ്രയേലിനെതിരെ പ്രത്യാക്രമണവും തുടങ്ങി. ആക്രമണത്തില്‍ ഇരുവിഭാഗത്തിനും നാശനഷ്ടങ്ങളുണ്ടായി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളില്‍ പലതും ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം തെല്‍അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇസ്രയേലിലെ ആശുപത്രിയിലും ഇറാന്റെ ബോംബാക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രത്തില്‍ ഇസ്രയേലും ആക്രമണം നടത്തി.
സംഘര്‍ഷം രൂക്ഷമായതോടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിയേയും ലക്ഷ്യം വെക്കുമെന്നാണ് ഇസ്രയേല്‍ നിലപാട്. ഖുമൈനി ജീവിച്ചിരിക്കാന്‍ യോഗ്യനല്ലെന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞത്. ഇറാന്റെ ആക്രമണമുണ്ടായ ആശുപത്രി സന്ദര്‍ശിച്ച ശേഷമായിരുന്നു കാട്‌സിന്റെ പ്രസ്താവന. ഇറാന്റെ ഉന്നത നേതാക്കളെ ഇതുവരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇനി മാറ്റമുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന സൂചനയും നെതന്യാഹു നല്‍കി. എന്നാല്‍ ഖുമേനിയെ ലക്ഷ്യം വെച്ച് ആക്രമണുണ്ടാകുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ഇറാനില്‍ യു.എസ് നടത്തുന്ന ആക്രമണം വലിയ തെറ്റാകുമെന്നാണ് റഷ്യയുടെ നിലപാട്. ഇത് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്നും റഷ്യ പറയുന്നു. റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ ഇറാന് നല്‍കുന്നുണ്ടെങ്കിലും സംഘര്‍ഷത്തില്‍ റഷ്യ നേരിട്ട് ഇടപെടില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ തന്റെ മകന്റെ വിവാഹം മാറ്റിവെച്ചത് സ്വകാര്യ നഷ്ടമാണെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേലില്‍ വിവാദമായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണമുണ്ടായ ഇസ്രയേലിലെ ബേര്‍ ഷേവ സൊറോക്ക ആശുപത്രിയില്‍ മാധ്യമങ്ങളെ കാണുമ്പോഴാണ് നെതന്യാഹുവിന്റെ പ്രസ്താവന. സുരക്ഷാ കാരണങ്ങളാല്‍ മകന്റെ വിവാഹം രണ്ട് തവണ മാറ്റിവെച്ചത് തന്റെ കുടുംബത്തിന്റെ ത്യാഗമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും സ്വകാര്യമായ നഷ്ടമുണ്ടായി. എന്റെ കുടുംബവും അതില്‍ നിന്നും വിഭിന്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ രംഗത്ത് വന്ന ഇസ്രയേലിലെ ഒരു വിഭാഗം നെതന്യാഹു യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപിച്ചു. ജനങ്ങളുടെ നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ സ്വന്തം മുഖം സംരക്ഷിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെ ഹീറോ എന്ന് വിശേഷിപ്പിച്ചതിനെതിരെ രംഗത്ത് വന്ന ഡെമോക്രാറ്റിക് നെസറ്റ് അംഗം ഗിലാഡ് കാരിവ് രാത്രിയും പണിയെടുക്കുന്ന ഡോക്ടര്‍മാരും സൂം മീറ്റിംഗില്‍ ക്ലാസുകളെടുക്കുന്ന അധ്യാപകരുമാണ് യഥാര്‍ത്ഥ ഹീറോകളെന്നും പറഞ്ഞു.
ആണവ സമ്പുഷ്ടീകരണവുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാനിയന്‍ പ്രതിരോധ മന്ത്രി അബ്ബാസ് അര്‍ഗാഷി ഇന്ന് ജെനീവയില്‍ യു.കെ, ഫ്രാന്‍സ്. ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. വിഷയത്തില്‍ യു.എസും ഇറാനും തമ്മില്‍ നടത്തി വന്ന ചര്‍ച്ചകള്‍ ജൂണ്‍ 12ലെ ഇസ്രയേല്‍ ആക്രമണത്തോടെ താത്കാലികമായി നിറുത്തിയിരുന്നു. ഇറാന്റെ ആണവ പരീക്ഷണങ്ങളില്‍ നയതന്ത്ര പരിഹാരമുണ്ടാക്കാന്‍ ജെനീവയിലെ കൂടിക്കാഴ്ചക്ക് കഴിയുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇതുവഴി പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് യു.കെ പ്രതിരോധ മന്ത്രി ഡേവിഡ് ലാമിയും പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാന്റെ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചില്‍ നിന്ന് 90 മില്യന്‍ ഡോളര്‍ (ഏകദേശം 779 കോടി രൂപ) മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി കവര്‍ന്നതായി ഇസ്രയേല്‍ അനുകൂല ഹാക്കര്‍ സംഘമായ പ്രെഡേറ്ററി സ്പാരോസ്. സാമ്പത്തിക ഉപരോധം മറികടക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ നൊബിടെക്‌സ് തകര്‍ത്തെന്നാണ് സംഘം അവകാശപ്പെടുന്നത്. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിലേക്കുള്ള അക്‌സസ് താത്കാലികമായി സസ്‌പെന്റ് ചെയ്‌തെന്നാണ് നൊബിടെക്‌സിന്റെ വാദം. എന്നാല്‍ നൊബിടെക്‌സിന്റെ ഭാഗമായ അക്കൗണ്ടുകളില്‍ നിന്നും ക്രിപ്‌റ്റോ കവര്‍ന്ന് മറ്റ് വാലറ്റുകളിലേക്കും ക്രിപ്‌റ്റോ അക്കൗണ്ടുകളിലേക്കും കൈമാറ്റം ചെയ്‌തെന്ന് ക്രിപ്‌റ്റോ ട്രാക്കിംഗ് സ്ഥാപനങ്ങള്‍ പറയുന്നുണ്ട്. ഇറാനിലെ സ്റ്റേറ്റ് ബാങ്കിന്റെ സെര്‍വറുകള്‍ തകര്‍ത്തതായും ഇസ്രയേല്‍ ഹാക്കര്‍മാര്‍ പറയുന്നുണ്ട്.
Israel hints at striking Iran's Supreme Leader Khamenei as Netanyahu cites personal costs of war and European ministers plan talks with Iran amid US indecision on joining the conflict.
Read DhanamOnline in English
Subscribe to Dhanam Magazine