

ദക്ഷിണ ഇസ്രയേലിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായ ഐലറ്റ് (Eilat) അടച്ചുപൂട്ടി. കടക്കെണി മാനംമുട്ടെ ഉയര്‍ന്നതും നികുതി അടക്കമുള്ള കാര്യങ്ങള്‍ മുടങ്ങിയതുമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ചെങ്കടലില്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണം വര്‍ധിച്ചതോടെയാണ് ഐലറ്റിന്റെ ശനിദശ തുടങ്ങിയത്.
68 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തുറമുഖമാണ് ഐലറ്റ്. 1952ല്‍ പ്രവര്‍ത്തനം തുടങ്ങി 1957ലാണ് ഇവിടെ ചരക്കുനീക്കം ആരംഭിക്കുന്നത്. ഇസ്രയേലിന്റെ ചരക്കുനീക്കത്തിന്റെ 5-7 ശതമാനം ഈ തുറമുഖം വഴിയായിരുന്നു. ഇസ്രയേലിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ടൂറിസത്തിനും ഈ തുറമുഖത്തിന്റെ സംഭാവന വളരെ വലുതായിരുന്നു.
കഴിഞ്ഞ വര്‍ഷം യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ഐലറ്റിന്റെ പതനം തുടങ്ങുന്നത്. ചൈനയില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വളങ്ങള്‍, ധാതുക്കള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നതും ഈ തുറമുഖം വഴിയായിരുന്നു.
2023ലെ ആദ്യ പത്തു മാസത്തിനിടെ 134 കപ്പലുകളും 1.5 ലക്ഷം വാഹനങ്ങളും ഇതുവഴി ഇറക്കുമതി ചെയ്തു. എന്നാല്‍ ആ വര്‍ഷം നവംബര്‍ മുതല്‍ തുറമുഖത്തിന്റെ പതനം തുടങ്ങി. ഹുതികള്‍ ആക്രമണം ശക്തമാക്കിയതോടെ 2024 മാര്‍ച്ച് എത്തിയപ്പോള്‍ ഇറക്കുമതിയില്‍ 85 ശതമാനം കുറവുണ്ടായി.
2024 മാര്‍ച്ചോടെ പകുതിയിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനി പ്രതിസന്ധിയിലായ കാലത്തെല്ലാം തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്കാന്‍ മാനേജ്‌മെന്റ് ശ്രദ്ധിച്ചിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും അതിജീവനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ അടച്ചുപൂട്ടപെട്ടത്.
ഐലറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇസ്രയേലില്‍ ചരക്കുനീക്കത്തിന്റെ പ്രധാന വഴിയായി ഇന്ത്യന്‍ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖം മാറും. 2023ലാണ് അദാനി പോര്‍ട്‌സ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഈ ഹൈഫയില്‍ ഓഹരി പങ്കാളിത്തം നേടുന്നത്. 9,400 കോടി രൂപയ്ക്ക് 70 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്‌സ് സ്വന്തമാക്കിയത്.
ടെന്‍ഡറില്‍ രണ്ടാമതെത്തിയ കമ്പനി മുന്നോട്ടുവച്ചതിനേക്കാള്‍ 55 ശതമാനം തുകയ്ക്കാണ് അദാനി അടങ്ങിയ കണ്‍സോര്‍ഷ്യം ഈ തന്ത്രപ്രധാന തുറമുഖത്തില്‍ പങ്കാളിത്തം നേടിയത്.
ഹൈഫ പോര്‍ട്ട് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഇന്ത്യയിലെ ഇസ്രയേല്‍ മുന്‍ അംബാസഡര്‍ റോണ്‍ മാല്‍ക്കയെ നിയമിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നിയമനത്തിനെതിരേ രംഗത്തു വന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine