Begin typing your search above and press return to search.
ചെലവ് കൂടി! ഗസയിലെ യുദ്ധത്തിന് ഇസ്രയേല്‍ നല്‍കുന്നത് വലിയ വില; ഇരുപക്ഷത്തിനും വന്‍ സാമ്പത്തിക ബാധ്യത
ഗസയില്‍ ഹമാസിനെതിരെയും ലെബനനില്‍ ഹിസ്ബുള്ളക്കെതിരെയുമുള്ള യുദ്ധത്തില്‍ ഇസ്രയേലിന് നല്‍കേണ്ടി വരുന്നത് കനത്ത വില. ചെലവുകള്‍ ഉയര്‍ന്നതോടെ യുദ്ധം ദീര്‍ഘകാലത്തേക്ക് നീട്ടാന്‍ ഇരുവിഭാഗത്തിനും കഴിയില്ലെന്നാണ് വിലയിരുത്തല്‍.യുദ്ധം തുടങ്ങിയതോടെ ഇസ്രയേലിന്റെ സാമ്പത്തിക വളര്‍ച്ച കുറയുകയും ചെലവുകള്‍ വര്‍ധിക്കുകയും ചെയ്തു. യുദ്ധം കഴിഞ്ഞാലും സാമ്പത്തിക ബാധ്യത ഇസ്രയേലിനെ വിട്ടൊഴിയില്ലെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഹമാസുമായുള്ള യുദ്ധത്തിന് മുമ്പ് 1.8 ബില്യന്‍ ഡോളര്‍ (ഏകദേശം 15,000 കോടി രൂപ)ആയിരുന്നു ഓരോ മാസവും ഇസ്രയേല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചെലവിട്ടിരുന്നത്. ഇത് ഡിസംബറായപ്പോഴേക്കും 4.7 ബില്യന്‍ (ഏകദേശം 40,000 കോടി രൂപ) ഡോളറായി വര്‍ധിച്ചതായി സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആകെ ചെലവിട്ടത് 27.5 ബില്യന്‍ ഡോളര്‍ (2.33 ലക്ഷം കോടി രൂപ) ആയിരുന്നു. ആകെ വരുമാനത്തിന്റെ 5.3 ശതമാനം വരുമിത്. വലിയ ജനസംഖ്യയുള്ള രാജ്യങ്ങളായ യു.എസ് 3.4 ശതമാനവും ജര്‍മനി 1.5 ശതമാനവുമാണ് ഈയിനത്തിൽ ചെലവിടുന്നത്.
സാമ്പത്തിക വളര്‍ച്ച കുറഞ്ഞു
ഒക്‌ടോബര്‍ ഏഴിലെ ആക്രമണം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലിന്റെ മൊത്ത വരുമാനം 5.6 ശതമാനം കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 4 ശതമാനത്തിന്റെ വളര്‍ച്ച കാണിച്ചെങ്കിലും രണ്ടാം പാദം നഷ്ടത്തില്‍ അവസാനിച്ചു. ഇതിന് പുറമെ നിരവധി സാമ്പത്തിക നഷ്ടങ്ങളും ഇസ്രയേലിന് സംഭവിച്ചു. സൈനിക സേവനം നിര്‍ബന്ധമാക്കിയ ഇസ്രയേലില്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന റിസര്‍വ് സൈനികരെ യുദ്ധമുഖത്തേക്ക് അയക്കേണ്ടി വന്നത് തൊഴില്‍ വിപണിയിലും മാന്ദ്യമുണ്ടാക്കി. സുരക്ഷാ ഭീഷണി മൂലം പുതിയ നിക്ഷേപങ്ങളൊന്നും ഇസ്രയേലില്‍ നടക്കുന്നില്ല. വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നത് മൂലം സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ടൂറിസം മേഖലയും പ്രതിസന്ധിയിലാണ്.
കൂടുതല്‍ ബാധിച്ചത് ഗസയെ
ജനസംഖ്യയിലെ 90 ശതമാനം പേരും കുടിയൊഴിക്കപ്പെടുകയും ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയത ഗസ മുനമ്പിനെയാണ് യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീനികളെ പിരിച്ചുവിട്ടതോടെ വെസ്റ്റ് ബാങ്കും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വെസ്റ്റ് ബാങ്കിന്റെ സാമ്പത്തികാവസ്ഥ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 25 ശതമാനം ചുരുങ്ങിയെന്നാണ് ലോക ബാങ്കിന്റെ കണക്ക്.
യുദ്ധം കഴിഞ്ഞാലെന്ത്
നിലവിലുള്ള പ്രതിസന്ധി അവസാനിച്ചാലും ഇരുവിഭാഗത്തിനെയും ബാധിച്ച സാമ്പത്തിക മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തല്‍. 2006ല്‍ ഹിസ്ബുള്ളയുമായി നടത്തിയ യുദ്ധത്തിന് ശേഷം ഇസ്രയേല്‍ സാമ്പത്തികാവസ്ഥ പെട്ടെന്ന് പഴയ ട്രാക്കിലെത്തിയിരുന്നു. എന്നാല്‍ അന്ന് 34 ദിവസങ്ങള്‍ മാത്രമാണ് യുദ്ധം നീണ്ടു നിന്നത്. ഇപ്പോഴത്തെ യുദ്ധം ഒരു വര്‍ഷത്തിലേറെ നീണ്ടു പോകുന്നത് ഇസ്രയേലിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ റേറ്റിംഗ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളൊന്നും ഇസ്രയേലിന് പ്രതീക്ഷ നല്‍കുന്നതുമല്ല. യുദ്ധം കഴിഞ്ഞാലും ഗസയില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം തുടരാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.
യു.എസ് എന്ന രക്ഷകന്‍
മുന്‍ യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച സൈനിക കരാര്‍ പ്രകാരം 3.8 ബില്യന്‍ ഡോളറിന്റെ വാർഷിക സൈനിക സഹായം അമേരിക്ക ഇസ്രയേലിന് നല്‍കുന്നുണ്ട്. ഇസ്രയേല്‍ പ്രതിരോധ ചെലവുകളുടെ 14ശതമാനത്തോളം വരുമിത്. ഗസയിലെ യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രയേലിനുള്ള യു.എസ് സൈനിക സഹായം 17.9 ബില്യന്‍ ഡോളറായി വര്‍ധിച്ചതായി ബ്രൗണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ഇതിന് പുറമെ അടിയന്തര ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം നല്‍കാനും യു.എസ് സര്‍ക്കാരുണ്ടാകുമെന്ന പ്രതീക്ഷ ഇസ്രയേലിനുണ്ട്. 2003ല്‍ ഇത്തരത്തില്‍ ഇസ്രയേലിന് അമേരിക്കന്‍ സര്‍ക്കാര്‍ 9 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിരുന്നു. അതേസമയം, യുദ്ധ സാഹചര്യത്തില്‍ പുതിയ ബജറ്റ് തയ്യാറാക്കാന്‍ മുന്‍ സുരക്ഷാ ഉപദേശകന്‍ ജേക്കബ് നഗേലിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിഷനെയും ഇസ്രയേല്‍ നിയമിച്ചിട്ടുണ്ട്.
Next Story
Videos