ബാഹുബലിയിലും സ്വകാര്യ പങ്കാളിത്തം, ബഹിരാകാശ മേഖലയില്‍ വേണം ഈ മാറ്റം: ഡോ. എസ്. സോമനാഥ്

61 വിദേശ രാജ്യങ്ങളുമായി ഐ.എസ്.ആര്‍.ഒക്ക് പങ്കാളിത്തമുണ്ടെന്നും സോമനാഥ്‌
isro chairman s somanath speaking on huddle global summit
image credit : huddle global
Published on

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവ് ഭീമമാണ്. അതിനാല്‍ സ്വകാര്യ മേഖലയില്‍നിന്നുള്ള നിക്ഷേപത്തെക്കൂടി പരിഗണിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന്റെ ബഹിരാകാശ രംഗത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകൂവെന്നും സോമനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ ആറാം പതിപ്പില്‍ 'ഐഎസ്ആര്‍ഒയുടെ ലക്ഷ്യങ്ങളും ബഹിരാകാശ സാങ്കേതിക മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് വെറും 15 സ്‌പേസ് സാറ്റലൈറ്റുകള്‍

നിലവില്‍ 15 സ്‌പേസ് സാറ്റലൈറ്റുകള്‍ മാത്രമാണ് ഇന്ത്യയുടേതായി ഉള്ളതെന്നും ഇത് തീരെച്ചെറിയ സംഖ്യയാണെന്നും സോമനാഥ് പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നമ്മുടെ പരിജ്ഞാനവും സാറ്റലൈറ്റ് ഉത്പന്ന നിര്‍മ്മാണ കമ്പനികളുടെ എണ്ണവും പരിഗണിച്ചാല്‍ ഇതിലും വലിയ നേട്ടങ്ങളിലേക്ക് എത്താന്‍ രാജ്യത്തിനാകും. ഇത് സാധ്യമാക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തികസ്വാതന്ത്ര്യം വേണം. ഈ സാഹചര്യത്തിലാണ് ബഹിരാകാശ രംഗത്ത് ബിസിനസ് അവസരങ്ങള്‍ക്കായുള്ള ആവാസവ്യവസ്ഥ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കേണ്ടത് ഗൗരവമായി പരിഗണിക്കേണ്ടതെന്നും സോമനാഥ് വ്യക്തമാക്കി.

ബാഹുബലിയിലും സ്വകാര്യ നിക്ഷേപം

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ബാഹുബലി(എല്‍.വി.എം-3)യുടെ നിര്‍മ്മാണത്തിന് സ്വകാര്യമേഖലയെ ഭാഗമാക്കുന്നുണ്ട്. ഭാവിയില്‍ ഗഗന്‍യാന്‍, ഭാരതീയ സ്‌പേസ് സ്റ്റേഷന്‍ തുടങ്ങിയ പദ്ധതികളും ഐ.എസ്.ആര്‍.ഒയും സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യവും ചേര്‍ന്നു നടത്തും. സബ്ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകളായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ് എന്നിവ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണ വാഹനങ്ങളില്‍ വിക്ഷേപിച്ചവയാണ്. ചെറിയ സാറ്റലൈറ്റുകളുടെ രൂപകല്‍പ്പന, വിക്ഷേപണം, ജിയോസ്‌പേഷ്യല്‍ പരിഹാരങ്ങള്‍, ആശയവിനിമയം, ഓര്‍ബിറ്റല്‍ ട്രാന്‍സ്ഫര്‍ വാഹനങ്ങള്‍ എന്നിവയിലെല്ലാം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ട്.

ബഹിരാകാശ മേഖലയില്‍ ഇന്ത്യ പ്രധാന ശക്തിയാണെങ്കിലും ആഗോള ബഹിരാകാശ വ്യവസായത്തില്‍ ഇന്ത്യയുടെ സംഭാവന 2 ശതമാനം (386 ബില്യണ്‍ യുഎസ് ഡോളര്‍) മാത്രമാണ്. 2030 ല്‍ 500 യുഎസ് ഡോളറായും 2035ല്‍ 800 ഡോളറായും 2047 ല്‍ 1500 ഡോളറായും വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

61 രാജ്യങ്ങളുമായി ഇന്ത്യക്ക് സഹകരണം

ബഹിരാകാശ മേഖലയില്‍ ഇന്ത്യ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുന്നുവെന്നും വിദേശ രാജ്യങ്ങളുടെ 431 സാറ്റലൈറ്റുകളാണ് ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളതെന്നും സോമനാഥ് പറഞ്ഞു. 61 രാജ്യങ്ങളുമായി ഐഎസ്ആര്‍ഒ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നാസയുമായുള്ള നിസാര്‍, സിഎന്‍ഇഎസുമായുള്ള ത്രിഷ്ണ, ജി-20 സാറ്റലൈറ്റ്, ജാക്‌സയുമായുള്ള ലൂണാര്‍ പോളാര്‍ എക്‌പ്ലൊറേഷന്‍ എന്നിവ ഐഎസ്ആര്‍ഒയുടെ നിലവിലെ സംയുക്ത ദൗത്യങ്ങളാണ്. ആഗോള തലത്തിലുള്ള സഹകരണത്തിലൂടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വിപുലപ്പെടുത്താനും നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സഹായകമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com