Begin typing your search above and press return to search.
മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ മോഹങ്ങള്‍ നടക്കുമോ? ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറയുന്നതിങ്ങനെ
മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ചിന്തകള്‍ ബഹിരാകാശ മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇത് പ്രചോദനമാകുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2024ല്‍ 'ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യങ്ങളും ബഹിരാകാശ സാങ്കേതിക മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ശേഷം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ചിന്തയില്‍ തനിക്ക് സംശയമൊന്നുമില്ലെന്ന് സോമനാഥ് പറഞ്ഞു. ഭൂഖണ്ഡങ്ങള്‍ താണ്ടി ഭൂമിയിലെങ്ങും സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ത്വര മനുഷ്യസഹജമാണ്. അതുകൊണ്ട് തന്നെ മറ്റ് ഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ എത്താനുള്ള സാധ്യതയും കൂടുതലാണ്. പക്ഷേ ഇതിന് വേണ്ടിവരുന്ന സാങ്കേതിക വിദ്യ ഒരു തടസമാണ്. ഇത് മറികടക്കാന്‍ വലിയ പണനിക്ഷേപം ആവശ്യമാണ്. ഇത് സംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ചയാക്കുന്നതിലും അതിന് ചുറ്റും ഒരു സാമ്പത്തിക പ്രവര്‍ത്തനം രൂപപ്പെടുത്തുന്നതിലും ഇലോണ്‍ മസ്‌ക് വിജയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇലോണ്‍ മസ്‌ക് ലക്ഷ്യം കൈവരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യത
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്നും സോമനാഥ് ചൂണ്ടിക്കാട്ടി. 2014ല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ഒരു സ്റ്റാര്‍ട്ടപ് മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2024ല്‍ ഇത് 250ല്‍ അധികമായി. 2023ല്‍ 1,000 കോടി രൂപയുടെ നിക്ഷേപമാണ് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത്. 450ലധികം എം.എസ്.എം.ഇ യൂണിറ്റുകളും 50ലധികം വലിയ കമ്പനികളും ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സ്‌പേസ് ടെക്‌നോളജി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ ശതമാനം ഇപ്പോള്‍ വളരെ കുറവാണ്. ഈ മേഖലയില്‍ വളര്‍ന്നുവരുന്ന കമ്പനികള്‍ കൊണ്ടുവന്ന മാറ്റമാണിത്. നിലവില്‍ 1,200 ടെക്‌നോളജി ഡവലപ്‌മെന്റ്, ഗവേഷണ-വികസന പദ്ധതികള്‍ ഐ.എസ്.ആര്‍.ഒയുടെ പരിധിയില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos