മൊബൈല്‍ ടവറുകള്‍ വേണ്ടാത്ത കാലം വരുമോ? പകരം സംവിധാനം വൈകില്ല! ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ പ്രവചനം

ഉപഗ്രഹ സാങ്കേതിക വിദ്യ വളരുന്നത് ടെലികമ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. അടുത്തിടെ കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ബീച്ച് ഫെസ്റ്റിവലില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപഗ്രഹാധിഷ്ടിത മൊബൈല്‍ കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനായി ആഗോള തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.എസ്.ടി സ്‌പേസ് മൊബൈല്‍, വണ്‍ വെബ്, സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് തുടങ്ങിയ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്ന സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം ഇതിനോടകം ശ്രദ്ധേയമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി വരും വിര്‍ച്വല്‍ ടവറുകള്‍

മീഡിയം എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുന്ന ഉപഗ്രങ്ങളുടെ കൂട്ടം (satellite constellation) ഉപയോഗിച്ച് ബഹിരാകാശത്ത് വിര്‍ച്വല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. ഈ സാങ്കേതിക വിദ്യ നിലവിലുള്ള മൊബൈല്‍ ടവറുകള്‍ക്ക് ബദലായേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവ്, സാങ്കേതികവിദ്യ, ഉപകരണങ്ങളുടെ കൃത്യത, ഇത് സംബന്ധിച്ച ചട്ടങ്ങള്‍ എന്നിവ വെല്ലുവിളിയാണ്. പരമ്പരാഗത ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഇത്തരം വിര്‍ച്വല്‍ ടവറുകള്‍ക്ക് ചെലവ് വരുമെന്നത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.എന്‍.എല്‍ മോഡല്‍

എന്നാല്‍ സ്വന്തമായി വികസിപ്പിച്ച സാറ്റലൈറ്റ്-ടു-ഡിവൈസ് കണക്ടിവിറ്റി സേവനം ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുന്നതോടെ ഈ രംഗത്ത് ഇന്ത്യ ഏറെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നിലവില്‍ വരുന്നതോടെ മൊബൈല്‍ ടവറുകള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കാത്ത മലയോര, ഗോത്ര, ഗ്രാമീണ മേഖലകളില്‍ കണക്ഷന്‍ ലഭ്യമാകും. മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ആളുകള്‍ക്ക് ഫോണ്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും ഇത് വഴി സാധിക്കും. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാധ്യമാകുന്ന ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഈ സേവനം ഇതിനോടകം ലഭ്യമാണ്. കാലിഫോര്‍ണിയയിലെ വിയാസാറ്റ് എന്ന കമ്പനിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രങ്ങള്‍ ഉപയോഗിച്ചാണ് ബി.എസ്.എന്‍.എല്‍ ഈ സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്.

പുതിയ സാധ്യതകള്‍

ഉപഗ്രാധിഷ്ടിത ഇന്റര്‍നെറ്റ് സംവിധാനം നടപ്പിലാകുന്നത് പരമ്പരാഗത ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ഒരുതരത്തില്‍ തിരിച്ചടിയാണ്. എന്നാല്‍ സാറ്റലൈറ്റ് ഓപറേറ്റര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇവര്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ മൊബൈല്‍ ടവറുകളുടെ പ്രസക്തി പെട്ടെന്ന് ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും സോമനാഥ് പറഞ്ഞു.
Related Articles
Next Story
Videos
Share it