

നികുതി വെട്ടിപ്പുകള്‍ തടയുന്നതിനായി രാജ്യ വ്യാപകമായി റെയ്ഡുകള്‍ ആരംഭിച്ച് ആദായനികുതി വകുപ്പ്. വ്യാജ നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്ന വ്യക്തികളെയും, ഇതിന് സഹായിക്കുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്. 200 ലധികം സ്ഥലങ്ങളിലാണ് നിലവിൽ പരിശോധനകള്‍ നടക്കുന്നത്. രാഷ്ട്രീയ സംഭാവനകൾ, ട്യൂഷൻ ഫീസ്, മെഡിക്കൽ ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ തലങ്ങളിൽ വ്യാജ കിഴിവുകൾ ക്ലെയിം ചെയ്യുന്നവരെയാണ് റെയ്ഡുകളില്‍ ലക്ഷ്യമിടുന്നത്.
രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ നികുതി വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കുന്ന സെക്ഷൻ 80GGC പ്രകാരമുള്ള കിഴിവുകളിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തുന്നത്. നികുതിദായകരുടെ നികുതി ബാധ്യത കൃത്രിമമായി കുറയ്ക്കാൻ സഹായിക്കുന്നതിനായി നിരവധി ഇടനിലക്കാർ വ്യാജ സംഭാവനകൾ ക്ലെയിം ചെയ്യാന്‍ സഹായിക്കുന്നതായാണ് ഐ.ടി വിഭാഗം കരുതുന്നത്.
രാഷ്ട്രീയ സംഭാവനകൾക്ക് പുറമേ ട്യൂഷൻ ഫീസ്, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, കിഴിവ് സാധ്യമായ മറ്റ് ചെലവുകൾ എന്നിവയിൽ വ്യാജ ക്ലെയിമുകൾ നടത്താന്‍ സഹായിക്കുന്ന സ്ഥാപനങ്ങളെയും റെയ്ഡുകളില്‍ ലക്ഷ്യമിടുന്നുണ്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള കിഴിവുകളില്‍ വ്യാപകമായ ദുരുപയോഗം നടക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പിന്തുണയ്ക്കാത്ത കിഴിവുകളെക്കുറിച്ച് മുൻകൂട്ടി അറിയിക്കുകയും പിഴകൾ ഒഴിവാക്കാൻ പുതുക്കിയ റിട്ടേണുകൾ സ്വമേധയാ ഫയൽ ചെയ്യാൻ നികുതിദായകരോട് നിര്‍ദേശിക്കുകയും ചെയ്യുന്ന കാമ്പയിന്‍ വകുപ്പ് നടത്തുന്നുണ്ട്. മതിയായ രേഖകളില്ലാതെ ക്ലെയിമുകൾ നടത്താന്‍ നിരവധി നികുതിദായകർ പേപ്പർ രഹിത ആദായനികുതി റിട്ടേൺ ഫയലിംഗുകളുടെ സൗകര്യം ചൂഷണം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
The Income Tax Department launches nationwide raids targeting fraudulent tax claims including political donations, tuition, and medical expenses.
Read DhanamOnline in English
Subscribe to Dhanam Magazine