സ്വകാര്യ വാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് അസംബന്ധമാണെന്നും എന്ത് കൊണ്ടാണ് ഈ മാറിയ സാഹചര്യത്തിലും അത് നിലനില്‍ക്കുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
'നിര്‍ദേശങ്ങള്‍ ദയവ് ചെയ്ത് സ്വീകരിക്കണം. ഈ ഉത്തരവ് യഥാര്‍ത്ഥത്തില്‍ അസംബന്ധമാണ്. എന്താണ് അതിപ്പോഴും നിലനില്‍ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു. കോവിഡിന്റെ മാറിയ സാഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ മറ്റുനിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോളും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് മുമ്പില്‍ ശരിവെച്ച ഉത്തരവിനെതിരെ അപ്പീല്‍ വന്നിരുന്നെങ്കില്‍ ഇത് പൊളിച്ചെഴുതുമായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു. എന്നാല്‍ കാറുകളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഡല്‍ഹിയിലെ ചിലയിടങ്ങളില്‍ ഇപ്പോഴും പിഴ ഈടാക്കുന്നുണ്ടെന്നും ട്വിറ്ററിലും മറ്റും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.


Related Articles
Next Story
Videos
Share it