Begin typing your search above and press return to search.
ഐ.ടി സെക്ടര്‍ തിരിച്ചു വരുന്നു, പുതിയ നിയമനങ്ങളില്‍ 18 ശതമാനം വര്‍ധന, ഇത്തരം കഴിവുള്ളവര്‍ക്ക് മുന്‍ഗണന
നിയമന മാന്ദ്യത്തിന് ശേഷം സെപ്റ്റംബറില്‍ ഐ.ടി സെക്ടറിലെ നിയമനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ജയ്പ്പൂരാണ് 47 ശതമാനം വര്‍ധനയുമായി മുന്നിലുള്ളത്. തൊട്ടുപിന്നില്‍ കര്‍ണാടകയുമുണ്ടെന്നും നൗക്രി ജോബ്‌സ്പീക്ക് ഇന്‍ഡെക്‌സ് പറയുന്നു. കഴിഞ്ഞ മാസങ്ങളിലെ പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ തൊഴിലുകളില്‍ 31 ശതമാനം വര്‍ധനയുണ്ട്. 16 വര്‍ഷത്തിന് മുകളില്‍ തൊഴില്‍ പരിചയമുള്ള പ്രൊഫഷണലുകളുടെ നിയമനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ധിച്ചു.
വിദേശ കമ്പനികളുടെ ഇന്ത്യയിലെ ശാഖകളും (ഗ്ലോബല്‍ ക്യാപബിലിറ്റി സെന്റര്‍ -ജി.സി.സി) ഈ കാലയളവില്‍ കൂടുതല്‍ ആളുകളെ നിയമിച്ചതായും റിപ്പോര്‍ട്ട് തുടരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. ബംഗളൂരുവും കൊല്‍ക്കത്തയുമാണ് ഈ രംഗത്തെ ഹോട്ട്‌സ്‌പോട്ടുകള്‍. മാനേജിംഗ് കണ്‍സള്‍ട്ടിംഗ് കമ്പനികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ നിയമിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം കൂടുതല്‍ ആളുകളെ ഈ കാലയളവില്‍ ഇത്തരം കമ്പനികള്‍ നിയമിച്ചു. എഫ്.എം.സി.ജി സെക്ടറുകള്‍ പരിഗണിച്ചാല്‍ മുംബൈയും ബംഗളൂരുവുമാണ് മുന്നില്‍ നില്‍ക്കുന്നത്.
പ്രതീക്ഷ നല്‍കുന്ന വളര്‍ച്ച
ഏറെക്കാലത്തെ തൊഴില്‍ മാന്ദ്യത്തിന് ശേഷം പുതിയ നിയമനങ്ങള്‍ നടക്കുന്നത് ഐ.ടി മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ഐ.ടി, ബി.പി.ഒ, എ.ഐ തുടങ്ങിയ മേഖലകള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും നൗക്രി ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ പറയുന്നു. ഉത്പാദന മേഖലയിലും കാര്യമായ നിയമനങ്ങള്‍ നടക്കുന്നുണ്ട്. 2022 ജൂണിന് ശേഷം 40 ശതമാനം അധിക നിയമനങ്ങള്‍ നടത്തി ഇന്ത്യന്‍ ഉത്പാദന മേഖല അതിവേഗത്തില്‍ വളരുകയാണെന്ന് മറ്റൊരു ജോബ് വെബ്‌സൈറ്റായ ഇന്‍ഡീഡ് പ്രതിനിധി പറയുന്നു.
Next Story
Videos