
രാജ്യത്ത് തൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്ര നടപടികളുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ കുടിയേറ്റ നിയമം ഇറ്റലി പ്രഖ്യാപിച്ചു. 2028നുള്ളില്‍ അഞ്ചുലക്ഷം തൊഴിലാളികളെ രാജ്യത്തെത്തിക്കുകയാണ് ലക്ഷ്യം. യൂറോപ്പിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇറ്റലി.
അവശ്യ തൊഴിലാളികളുടെ വരവ് വേഗത്തിലാക്കാന്‍ പുതിയ നിയമനിര്‍മാണം വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം 1,64,850 തൊഴിലാളികളെ എത്തിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നേതാക്കന്മാരിലൊരാളാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജി മെലോണി.
അവിദഗ്ധ തൊഴിലാളികള്‍ക്കായി വാതില്‍ തുറക്കാനുള്ള ഇറ്റലിയുടെ തീരുമാനം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇറ്റലിയുടെ ആരോഗ്യ മേഖലയില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,67,333 ഇന്ത്യക്കാര്‍ ഇറ്റലിയില്‍ താമസിക്കുന്നുണ്ട്.
മെലോണി അധികാരത്തിലേറിയത് മുതല്‍ അനധികൃത കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുത്ത തീരുമാനങ്ങളായിരുന്നു ഇറ്റലി സ്വീകരിച്ചിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റത്തിനെതിരേ ഒന്നിച്ച് നില്‍ക്കണമെന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും മെലോണി മുന്നോട്ടു വച്ചിരുന്നു.
ഇറ്റാലിയന്‍ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതും തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ കുറയുന്നതും സമ്പദ്‌രംഗത്ത് പ്രതിഫലിച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് വിദേശ തൊഴിലാളികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്.
നിലവില്‍ ഇറ്റലിയുടെ ജനസംഖ്യയില്‍ 23 ശതമാനം പേരും 65 വയസിന് മുകളിലുള്ളവരാണ്. 2050ഓടെ പ്രായമായവരുടെ എണ്ണം 34 ശതമാനത്തിനു മുകളിലാകും. ഇന്ത്യക്കാരായ കൂടുതല്‍ പേര്‍ക്ക് ഇറ്റലിയിലെ തൊഴില്‍ മേഖലയിലേക്ക് അവസരം ലഭിക്കുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ അന്റോണിയോ ബര്‍ട്ടോലി വ്യക്തമാക്കി.
ഹോട്ടല്‍, റെസ്‌റ്റോറന്റ്‌സ്, സെയില്‍സ് മേഖകളില്‍ 2.5 ലക്ഷം പേരുടെ ഒഴിവ്
ആരോഗ്യ രംഗത്ത് 45,000 ഡോക്ടര്‍മാരുടെയും 65,000 നേഴ്‌സുമാരുടെയും അഭാവം
എന്‍ജിനിയറിംഗ് ആന്‍ഡ് ഗ്രീന്‍ ഇക്കോണമിയില്‍ 2.8 ലക്ഷം ഒഴിവുകള്‍.
എഐ, ഡേറ്റ മാനേജ്‌മെന്റ് മേഖലയില്‍ അനവധി ഒഴിവുകള്‍
Read DhanamOnline in English
Subscribe to Dhanam Magazine