

നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി ബാംഗ്ലൂർ ഇൻകം ടാക്സ് അപ്പലറ്റ് ട്രിബ്യൂണൽ (ITAT). ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുമ്പോൾ സംഭവിക്കുന്ന ക്ലറിക്കൽ പിശകുകൾ കാരണം നികുതി ഇളവ് (Tax Exemption) നിഷേധിക്കാൻ കഴിയില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. നികുതിദായകന്റെ പിഴവുകൾ മുതലെടുത്ത് ആനുകൂല്യങ്ങൾ നിഷേധിക്കാൻ നികുതി വകുപ്പിന് കഴിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിധി.
സെക്ഷൻ 12AB പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയിരുന്നു കേസിൽ അപ്പീൽ നൽകിയത്. സെക്ഷൻ 11 പ്രകാരം നികുതി ഇളവിന് ഈ ട്രസ്റ്റിന് നിയമപരമായി അർഹതയുണ്ടായിരുന്നു. എന്നാൽ 2021-22 അസസ്‌മെന്റ് വർഷത്തിൽ ഐ.ടി.ആർ. ഫയൽ ചെയ്യുമ്പോൾ, ട്രസ്റ്റ് സെക്ഷൻ 12AB രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ അശ്രദ്ധമായി വിട്ടുപോയി.
ഈ സാങ്കേതിക പിഴവ് കാരണം, സെൻട്രലൈസ്ഡ് പ്രോസസിംഗ് സെന്റർ (CPC) റിട്ടേൺ പ്രോസസ്സ് ചെയ്യുകയും സെക്ഷൻ 11 ഇളവ് പരിഗണിക്കാതെ ട്രസ്റ്റിന്റെ മൊത്ത വരുമാനം നികുതിക്ക് വിധേയമായി കണക്കാക്കുകയും ചെയ്തു. അപ്പീൽ കമ്മിഷണറും (Commissioner of Income-tax (Appeals)) ഈ തീരുമാനം ശരിവെച്ചു.
വിഷയം ITAT-ൽ എത്തിയപ്പോൾ, ട്രസ്റ്റ് നിയമപരമായി സെക്ഷൻ 12AB രജിസ്‌ട്രേഷൻ നിലനിർത്തുകയും വരുമാനം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. നികുതി ഇളവിനുള്ള എല്ലാ നിയമപരമായ വ്യവസ്ഥകളും പാലിച്ച സാഹചര്യത്തിൽ, ഐ.ടി.ആറിലെ ഒരു നടപടിക്രമപരമായ വീഴ്ചയുടെ (Procedural Lapse) പേരിൽ ഇളവ് നിഷേധിക്കുന്നത് ശരിയല്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.
നികുതിദായകന്റെ ക്ലറിക്കൽ പിശക് മുതലെടുത്ത് നിയമപരമായി ലഭിക്കേണ്ട ഇളവ് നിഷേധിക്കാൻ നികുതി വകുപ്പിന് കഴിയില്ലെന്ന് ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു. നികുതിദായകർക്ക് സാങ്കേതിക പിഴവുകൾ ഉണ്ടായാൽ പോലും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണ് ഈ വിധി.
ITAT rules tax benefits can't be denied due to clerical errors in ITR if legal eligibility is met.
Read DhanamOnline in English
Subscribe to Dhanam Magazine