ഒടുവില്‍ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ജാക്ക് മായ്ക്ക് നഷ്ടമാവുന്നു
ലോകത്തെ ഏറ്റവും പ്രമുഖ ഫിന്‍ടെക്ക് കമ്പനികളില്‍ ഒന്നായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ജാക്ക് മാ ഉപേക്ഷിക്കുന്നു. നിക്ഷേപകര്‍ കമ്പനിയിലെ വോട്ടിംഗ് രീതി പരിഷ്‌കാരങ്ങള്‍ അംഗീകരിച്ചതോടെയാണ് ജാക്ക് മായുടെ മേധാവിത്വം അവസാനിച്ചത്. ജാക്ക് മാ അടക്കം 10 നിക്ഷേപകര്‍ക്കുണ്ടായിരുന്ന സ്വതന്ത്ര വോട്ടിംഗ് അവകാശം ഇനി ഉണ്ടാവില്ല.
ജാക്ക് മായുടെ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള സ്ഥാപനമാണ് ആന്റ്. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ആലിപേ പ്രവര്‍ത്തിക്കുന്നത് ആന്റ് ഗ്രൂപ്പിന് കീഴിലാണ്. നേരത്തെ കമ്പനിയില്‍ 50 ശതമാനത്തിലധികം വോട്ടവകാശമാണ് ജാക്ക് മായ്ക്ക് ഉണ്ടായിരുന്നത്. റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് 6.2 ശതമാനമായി കുറയും. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള മറ്റ് കമ്പനികളിലൂടെയാണ് ജാക്ക് മാ ആന്റിനെ നിയന്ത്രിച്ചിരുന്നത്.
2020ല്‍ ആന്റ് ഗ്രൂപ്പ് ഐപിഒ ചൈനീസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് 2020 നവംബറില്‍ ആന്റിന്റെ 37 ബില്യണ്‍ ഡോളര്‍ ഐപിഒ ഷാന്‍ഹായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റദ്ദാക്കിയത്. തുടര്‍ന്ന് ഹോങ്കോംഗിലെ ലിസ്റ്റിംഗും കമ്പനി ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയില്‍ പുനസംഘടന നടത്തുന്നത്.
ഇപ്പോഴത്തെ നീക്കങ്ങള്‍, ബിസിനസ് മേഖലയില്‍ നിന്നുള്ള ജാക്ക് മായുടെ പിന്മാറ്റമായി വിലയിരുത്തുന്നവരുമുണ്ട്. വമ്പന്‍ സ്വകാര്യ നിക്ഷേപകരെ നിയന്ത്രിക്കാനുള്ള ചൈനീസ് സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം കൂടിയായിരുന്നു ആന്റ് ഐപിഒ റദ്ദാക്കല്‍. 2020 ഒക്ടോബറില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ചൈനയിലെ ബാങ്കിംഗ് നിയമങ്ങളെ വിമര്‍ശിച്ചതാണ് ഭരണ കൂടത്തെ ചൊടിപ്പിച്ചത്.