

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഇന്നലെയുണ്ടായ അതിക്രൂരമായ ഭീകരാക്രമണം സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കോടികളാണ് ബഹുരാഷ്ട്ര കമ്പനികളടക്കം കശ്മീരില്‍ നിക്ഷേപിച്ചിരിക്കുന്നത്. മലയാള വ്യവസായി എം.എ യൂസഫലി മുതല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വരെ ഇത്തരത്തില്‍ വലിയ പദ്ധതികള്‍ ഇവിടെ പ്രഖ്യാപിച്ചിരുന്നു.
മുമ്പ് ഭീകരാക്രമണങ്ങള്‍ പതിവായിരുന്ന കശ്മീരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറെക്കുറെ ശാന്തമായ കാലാവസ്ഥയായിരുന്നു. കൂടുതല്‍ നിക്ഷേപകരും വിനോദസഞ്ചാരികളും ഇവിടേക്ക് വരാന്‍ താല്പര്യം കാണിക്കുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയതോടെ കശ്മീര്‍ വീണ്ടും സാമ്പത്തികമായി ഉന്നമനത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ഏവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 22ലെ ഭീകരാക്രമണം വികസനരംഗത്ത് ഏതുതരത്തില്‍ തിരിച്ചടിയാകുമെന്ന് കണ്ടറിയണം.
2022ലാണ് ലുലുഗ്രൂപ്പ് കശ്മീരിലെ 200 കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ടത്. ഭക്ഷ്യ സംസ്‌കരണ യൂണിറ്റും ലോജിസ്റ്റിക് ഹബ്ബും തുടങ്ങാനായിരുന്നു കരാര്‍. ഇതിനായുള്ള നീക്കങ്ങളും കമ്പനി വേഗത്തിലാക്കിയിരുന്നു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതാണ് പദ്ധതി.
കശ്മീരില്‍ കൂടുതല്‍ നിക്ഷേപത്തിന് ലുലുഗ്രൂപ്പ് സന്നദ്ധരാണെന്ന് കരാര്‍ ഒപ്പിടുന്ന വേളയില്‍ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. ലുലുഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ സമഗ്രമായ പ്രൊജക്ടായിരുന്നു ലുലുഗ്രൂപ്പിന്റെ ലക്ഷ്യം.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 1.63 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്തിന് ലഭിച്ചതായി ജമ്മു കശ്മീര്‍ വ്യവസായ, വാണിജ്യ മന്ത്രി സുരീന്ദര്‍ ചൗധരി വ്യക്തമാക്കിയിരുന്നു. ഇതില്‍ 10,516 കോടി രൂപയുടെ പദ്ധതികള്‍ താഴ്‌വരയില്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതില്‍ 3,407 കോടി രൂപ കാശ്മീരിലും 7,108 കോടി രൂപ ജമ്മു മേഖലയിലുമായിരുന്നു നിക്ഷേപമായി എത്തിയത്.
കശ്മീരിലെ തീവ്രവാദിയാക്രമണത്തിന് തിരിച്ചടി നല്കാന്‍ രാജ്യം ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെയും സൈന്യത്തെയും പിന്‍വലിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ താവളമാക്കിയ ഭീകരവാദ ഗ്രൂപ്പുകളാണെന്ന് വ്യക്തമായതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം വര്‍ധിക്കാനിടയുണ്ട്. ഇത് ഓഹരി വിപണിയില്‍ അടക്കം പ്രതിഫലിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine