ജപ്പാന്‍ എയര്‍ലൈന്‍സിന് നേരെ സൈബര്‍ ആക്രമണം, ടിക്കറ്റ് വില്പന അവതാളത്തില്‍

ജപ്പാന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഇന്ന് രാവിലെ 7.24നാണ് സൈബര്‍ ആക്രമണത്തെപ്പറ്റിയുള്ള ആദ്യ സൂചന ജപ്പാന്‍ വിമാനക്കമ്പനി പുറത്തു വിടുന്നത്. ചെക്ക് ഇന്‍, ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അവതാളത്തിലായതായി കമ്പനി തൊട്ടുപിന്നാലെ അറിയിച്ചു. ഇതിനിടെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ കമ്പനി റദ്ദാക്കി.
പ്രശ്‌നത്തിന്റെ കാരണം തിരിച്ചറിഞ്ഞ് നടപടിയെടുത്തെന്നും സിസ്റ്റം തകരാറിന് കാരണമായ റൂട്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായും ജപ്പാന്‍ എയര്‍ലൈന്‍സ് പിന്നീട് അറിയിച്ചു. എന്നാല്‍ ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളുടെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവച്ചതായും കമ്പനി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ കാരണം എന്താണെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും സമാനമായ സൈബര്‍ ആക്രമണം കമ്പനി നേരിട്ടിരുന്നു.

ജപ്പാനിലെ രണ്ടാമന്‍

ജപ്പാനിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയാണ് ജപ്പാന്‍ എയര്‍ലൈന്‍സ്. ഓള്‍ നിപ്പോള്‍ എയര്‍വെയ്‌സ് (എ.എന്‍.എ) ആണ് ഒന്നാമന്‍. 1951 ഓഗസ്റ്റ് 1-നാണ് ജപ്പാന്‍ എയര്‍ലൈന്‍സ് സ്ഥാപിതമായത്. സ്വകാര്യ മേഖലയില്‍ തുടങ്ങിയ കമ്പനി പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറി. 1987ല്‍ എയര്‍ലൈന്‍ വീണ്ടും പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു.
Related Articles
Next Story
Videos
Share it