ഇനി ജോലി ചെയ്തുകൊണ്ട് ചുറ്റിക്കറങ്ങാം, പുത്തന്‍ വീസയുമായി ജപ്പാന്‍

ഡിജിറ്റല്‍ നൊമാഡ് വീസയുമായി (nomad visa) ജപ്പാന്‍. ആറ് മാസത്തേക്കാണ് വീസ നല്‍കുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കാതെ ഉപജീവനത്തിനായി പുതിയ ഇടങ്ങള്‍ തേടി യാത്ര ചെയ്യുന്നവരെയാണ് സാധാരണയായി നൊമാഡുകള്‍ എന്നു വിളിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട പുത്തന്‍ തലമുറയിലെ അംഗങ്ങളാണ് ഡിജിറ്റല്‍ നൊമാഡുകള്‍. സ്ഥിരമായി ഒരു ജോലി ഉണ്ടാകാറില്ലാത്ത ഇവര്‍ക്ക് പ്രിയം ഓണ്‍ലൈന്‍ തൊഴിലിടമാണ്.

ജപ്പാന്റെ ഡിജിറ്റല്‍ നൊമാഡ് വീസ ലഭിക്കണമെങ്കില്‍ ഒരുകോടി ജാപ്പനീസ് യെന്നോ (56 ലക്ഷം രൂപ) അല്ലെങ്കില്‍ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള വ്യക്തിയായിരിക്കണം. മാര്‍ച്ച് അവസാനത്തോടെ ഡിജിറ്റല്‍ നൊമാഡ് വീസ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുത്. ജപ്പാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 49 രാജ്യങ്ങളില്‍ നിന്നുള്ള ഡിജിറ്റല്‍ നൊമാഡുകള്‍ വീസയ്ക്ക് അര്‍ഹരാണ്.

അപേക്ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. കൂടാതെ ഈ വീസയില്‍ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ജപ്പാനിലെത്താം. ഡിജിറ്റല്‍ നൊമാഡ് വീസ കൈവശമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന റസിഡന്‍സ് കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ ലഭിക്കില്ല. മാത്രമല്ല ഈ വീസ പുതുക്കാനാവാത്തതാണ്. അതിനാല്‍ കാലാവധി പൂർത്തിയായാൽ വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.

ഓഫീസിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ നാട് കറങ്ങി പലയിടങ്ങളിലിരുന്ന് തൊഴില്‍ ചെയ്ത് പണം സമ്പാദിക്കുന്ന ഈ ഡിജിറ്റല്‍ നൊമാഡുകളുടെ എണ്ണം 3.5 കോടിയിലധികം വരും. ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് 67 ലക്ഷം കോടി രൂപയാണ് (787 ബില്യണ്‍ ഡോളര്‍) ഇവര്‍ സംഭാവന ചെയ്യുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇവരുടെ വരവ് വിനോദസഞ്ചാര രംഗത്തേയും വളര്‍ത്തും. നിലവില്‍ ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങി 50ല്‍ അധികം രാജ്യങ്ങള്‍ ഡിജിറ്റല്‍ നോമാഡ് വീസ നല്‍കുന്നുണ്ട്.

Related Articles
Next Story
Videos
Share it