

മാമ്പഴ സീസണ്‍ സജീവമാകുന്നതിനിടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ജപ്പാനില്‍ നിന്ന് തിരിച്ചടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തടസമില്ലാതെ തുടര്‍ന്നിരുന്ന മാമ്പഴ ഇറക്കുമതി ജപ്പാന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉത്തര്‍പ്രദേശിലെ ഒരു ട്രീറ്റ്മെന്റ് ഫെസിലിറ്റിയില്‍ ജാപ്പനീസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2026 സീസണിലെ കയറ്റുമതിക്ക് വിലക്ക് വീണത്. അൽഫോൺസ, കേസരി, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇനങ്ങള്‍ക്കാണ് ജപ്പാന്‍ പൂട്ടിട്ടത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പീക്ക് സീസണില്‍ ഉണ്ടായ ഈ തീരുമാനം കയറ്റുമതി മേഖലയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കടുത്ത ഉഷ്ണതരംഗം മൂലമുള്ള വിളനാശം, ഉയര്‍ന്ന ചരക്കുകൂലി, പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്നുള്ള ഷിപ്പിംഗ് തടസങ്ങള്‍ എന്നിവയ്ക്കിടയിലാണ് മാമ്പഴ വിപണിക്ക് പുതിയ പ്രഹരമേല്‍ക്കുന്നത്.
കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന പഴ ഈച്ചകളെക്കുറിച്ചുള്ള ആശങ്കയാണ് ജപ്പാന്റെ കടുത്ത നടപടിക്ക് പിന്നില്‍. മാമ്പഴങ്ങള്‍ക്കുള്ളില്‍ മുട്ടയിട്ട് അവയെ ഉള്ളില്‍ നിന്ന് നശിപ്പിക്കുന്നവയാണ് ഈ കീടങ്ങള്‍. കര്‍ശനമായ കാര്‍ഷിക ക്വാറന്റൈന്‍ വ്യവസ്ഥകളുള്ള ജപ്പാന്‍, ആഭ്യന്തര കൃഷിയെ സംരക്ഷിക്കാന്‍ ഇത്തരം കീടങ്ങളുടെ സാന്നിധ്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തവണ മാമ്പഴങ്ങളില്‍ ഈച്ചകളെ കണ്ടെത്തിയതല്ല, മറിച്ച് ഇന്ത്യയിലെ കീടനിയന്ത്രണ സംവിധാനങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ജപ്പാനെ ചൊടിപ്പിച്ചത്. എല്ലാ സീസണിന് മുന്‍പും ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി 'വേപ്പര്‍ ഹീറ്റ് ട്രീറ്റ്മെന്റ്' (VHT) കേന്ദ്രങ്ങളില്‍ പരിശോധന നടത്താറുണ്ട്. മാമ്പഴങ്ങളിലെ കീടങ്ങളെ നശിപ്പിക്കാന്‍ രാസവസ്തുക്കള്‍ ഇല്ലാതെ കൃത്യമായ താപനിലയില്‍ ആവി കടത്തിവിടുന്ന പ്രക്രിയയാണിത്. ഉത്തര്‍പ്രദേശിലെ റഹ്‌മാന്‍പൂരിലുള്ള വി.എച്ച്.ടി കേന്ദ്രത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ അണുനശീകരണ പ്രക്രിയകളില്‍ വലിയ വീഴ്ചകള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് മാര്‍ച്ച് 25-ന് ശേഷമുള്ള ഇന്ത്യന്‍ മാമ്പഴ കണ്‍സൈന്‍മെന്റുകള്‍ സ്വീകരിക്കില്ലെന്ന് യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തുന്നത് ആദ്യമായല്ല. 1986-ല്‍ പഴ ഈച്ചകളുടെ സാന്നിധ്യം മുന്‍നിര്‍ത്തി ജപ്പാന്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. രണ്ട് പതിറ്റാണ്ടാണ് ആ നിരോധനം നീണ്ടുനിന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും വി.എച്ച്.ടി സംവിധാനങ്ങള്‍ നവീകരിച്ചതിനും ശേഷമാണ് 2006-ല്‍ ഇന്ത്യക്ക് വീണ്ടും ജപ്പാന്‍ വിപണി തുറന്നുകിട്ടിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം അൽഫോൺസ, കേസരി, ബംഗനപ്പള്ളി, ലാംഗ്ര, ചൗസ, മല്ലിക എന്നീ ആറ് ഇനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ളവ മാത്രമാണ് കയറ്റി അയച്ചിരുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഈ വിപണിയില്‍ ഇപ്പോള്‍ വീണ്ടും കരിനിഴല്‍ വീഴുന്നത്.
ഉഷ്ണതരംഗം മൂലം മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ അല്‍ഫോന്‍സോ കൃഷിക്ക് വന്‍ നാശനഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമെയാണ് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുടെ വാടക കുത്തനെ ഉയര്‍ന്നത്. ചരക്കുകൂലി വര്‍ധിച്ചതും കണ്ടെയ്നറുകളുടെ ദൗര്‍ബല്യവും മാമ്പഴ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വി.എ.എഫ്.എ ഫ്രഷ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. റൂട്ടുകള്‍ നീണ്ടതോടെ ഷിപ്പിംഗ് ഫ്രീക്വന്‍സിയും കുറഞ്ഞു.
കേരളത്തിലെ മാമ്പഴ വിപണിയെയും ഈ ആഗോള പ്രതിസന്ധി പരോക്ഷമായി ബാധിക്കും. കേരളത്തില്‍ നിന്നുള്ള മാമ്പഴങ്ങള്‍ ജപ്പാനിലേക്ക് നേരിട്ട് പോകുന്നില്ലെങ്കിലും, വടക്കേന്ത്യന്‍ പ്രീമിയം ഇനങ്ങള്‍ക്ക് ആഗോള വിപണിയില്‍ വിലക്ക് വീഴുന്നത് ആഭ്യന്തര വിപണിയില്‍ വലിയ തോതില്‍ മാമ്പഴം കെട്ടിക്കിടക്കാന്‍ കാരണമായേക്കാം. ഇത് കേരളത്തിലെ പൊതുവിപണിയില്‍ മാമ്പഴ വില ഇടിയുന്നതിനും പ്രാദേശിക കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാതിരിക്കുന്നതിനും ഇടയാക്കും.
പ്രതിവര്‍ഷം 24 മില്യണ്‍ മെട്രിക് ടണ്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദകര്‍. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര വിപണിയിലാണ് വിറ്റഴിക്കുന്നത്. യു.എ.ഇ, യു.എസ്, യു.കെ, കുവൈറ്റ്, ഖത്തര്‍ എന്നിവടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലേക്കുള്ള കയറ്റുമതി അളവില്‍ കുറവാണെങ്കിലും മൂല്യത്തില്‍ വളരെ ഉയര്‍ന്നതാണ്. കടുത്ത ഗുണനിലവാര മാനദണ്ഡങ്ങളുള്ളതിനാല്‍ ഉയര്‍ന്ന വിലയാണ് ജപ്പാനില്‍ ഇന്ത്യന്‍ പ്രീമിയം മാമ്പഴങ്ങള്‍ക്ക് ലഭിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 29,938 മെട്രിക് ടണ്‍ പച്ചമാമ്പഴം കയറ്റി അയച്ചു. ഇതിന്റെ മൂല്യം 56.5 മില്യണ്‍ ഡോളറാണ്. ഇതില്‍ ജപ്പാനിലേക്കുള്ള കയറ്റുമതിയുടെ മൂല്യം 2025-26 വര്‍ഷത്തില്‍ 1.54 മില്യണ്‍ ഡോളറായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള കേസരി മാമ്പഴങ്ങളാണ് ഇതില്‍ സിംഹഭാഗവും.
നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എപ്പോള്‍ കയറ്റുമതി പുനരാരംഭിക്കാന്‍ കഴിയുമെന്നതില്‍ ജപ്പാന്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യയിലെ ട്രീറ്റ്മെന്റ് ഫെസിലിറ്റികളുടെ നിലവാരം മെച്ചപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ മാത്രമേ അനുമതി നല്‍കൂ എന്നാണ് ജാപ്പനീസ് നിലപാട്. നടപ്പ് സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ വര്‍ഷം ജപ്പാനിലെ ഷെല്‍ഫുകളില്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ ഉണ്ടാകില്ലെന്ന് കയറ്റുമതിക്കാര്‍ ആശങ്കപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine