

ഏഷ്യയിലെ മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ജപ്പാന്റേത്. വലിയ തിരിച്ചടികളില്‍ നിന്ന് ഉയര്‍ന്നു വരാനുള്ള അവിടുത്തെ ജനങ്ങളുടെ പോരാട്ടവീര്യം തന്നെയാണ് ജപ്പാനെ വ്യത്യസ്തരാക്കുന്നത്. ജനസംഖ്യപരമായ പ്രതിസന്ധി ഈ ഏഷ്യന്‍ രാജ്യത്തെ ബാധിക്കുന്നുണ്ടെങ്കിലും സാമ്പത്തികരംഗത്ത് ശക്തമാണവര്‍. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനും ജപ്പാന്‍ ശ്രദ്ധിക്കുന്നുണ്ട്.
2025ല്‍ ഇന്ത്യയിലേക്ക് വന്ന ജപ്പാന്‍ നിക്ഷേപം സര്‍വകാല റെക്കോഡാണ്. 81,250 കോടി രൂപയുടെ നിക്ഷേപമാണ് ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങളും ബാങ്കുകളും ചേര്‍ന്ന് ഇന്ത്യയില്‍ നടത്തിയത്. ലോകത്തെ വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്നത് മാത്രമല്ല ജപ്പാനില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇത്തരത്തിലുള്ള നീക്കത്തിന് കാരണമാകുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ സെക്ടറിലാണ് ജപ്പാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത്. ജപ്പാനിലെ ഏറ്റവും ബാങ്കായ മിസ്തുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ശ്രീറാം ഫിനാന്‍സില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം നേടിയതാണ് ഇതില്‍ പ്രധാനം. 40,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്.
അവെന്‍ഡസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ മിസുഹോ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ നിക്ഷേപം, യെസ് ബാങ്കില്‍ മിറ്റ്‌സൂയി ബാങ്കിംഗ് കോര്‍പറേഷന്റെ ഓഹരിപങ്കാളിത്തം എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷമാണ് സംഭവിച്ചത്.
ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ ജാപ്പനീസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തമാണ്. ലോക സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യന്‍ വളര്‍ച്ചയാണ് ആദ്യത്തേത്. ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ലോകമെങ്ങും നിക്ഷേപങ്ങളുണ്ട്. വളരുന്ന സമ്പദ്‌വ്യവസ്ഥകളിലും സ്ഥാപനങ്ങളിലുമാണ് അവരുടെ നിക്ഷേപങ്ങളേറെയും. സാമ്പത്തികരംഗത്ത് അടുത്ത വര്‍ഷങ്ങള്‍ ഇന്ത്യയുടേതാണെന്ന തിരിച്ചറിവാണ് ഇവിടേക്കുള്ള വരവിന് കാരണം.
വാര്‍ധക്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ് ജപ്പാനില്‍. സമീപഭാവിയില്‍ പ്രായമായവരുടെ എണ്ണം ജപ്പാനില്‍ വര്‍ധിക്കും. നേരെ മറിച്ചാണ് ഇന്ത്യയിലെ സ്ഥിതി. യുവജനതയുടെ എണ്ണമാണ് ഇവിടെ കൂടുതല്‍. സ്വഭാവികമായും സാമ്പത്തികരംഗത്ത് വളര്‍ച്ചതോത് വര്‍ധിക്കും.
മേഖലയില്‍ ചൈനയാണ് ജപ്പാന്റെ പ്രധാന എതിരാളികള്‍. ചൈനയ്‌ക്കെതിരേ നില്‍ക്കുന്ന വിശ്വസിക്കാന്‍ പറ്റുന്നൊരു പങ്കാളിയായിട്ടാണ് ആ രാജ്യം ഇന്ത്യയെ കാണുന്നത്. ദക്ഷിണേഷ്യയില്‍ ചൈനയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നൊരു രാജ്യവുമായുള്ള പങ്കാളിത്തം ജപ്പാനെ സംബന്ധിച്ച് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയെ അവര്‍ തന്ത്രപ്രധാന പങ്കാളികളായി കാണുന്നു.
വരും വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള നിക്ഷേപത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ തന്ത്രപരമായ സഹകരണത്തിന് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത് രാഷ്ട്രീയ ഭൂപടത്തിലും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ച് പാക്കിസ്ഥാനും ചൈനയ്ക്കുമൊപ്പം ബംഗ്ലാദേശ് കൈകോര്‍ത്ത സാഹചര്യത്തില്‍.
Read DhanamOnline in English
Subscribe to Dhanam Magazine