
പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ വ്യാപാരരംഗത്ത് കണ്ണുംപൂട്ടിയുള്ള നീക്കങ്ങളാണ് യു.എസ് നടത്തുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ മാത്രം സംരംക്ഷിക്കുകയെന്നതാണ് തന്റെ നയമെന്ന് പ്രഖ്യാപിച്ച ട്രംപിന്റെ നീക്കങ്ങള്‍ ഇന്ത്യയ്ക്കും ചില്ലറ തലവേദന സൃഷ്ടിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയെയും ബാധിക്കുന്നുണ്ട്.
ട്രംപിന്റെ അപ്രവചനീയ നീക്കങ്ങള്‍ പക്ഷേ ഇന്ത്യയ്ക്ക് മറുവശത്ത് നേട്ടങ്ങളും സമ്മാനിക്കുന്നുവെന്നതാണ് വസ്തുത. ചൈനയാണ് യു.എസിന്റെ ഏറ്റവും വലിയ എതിരാളികള്‍. ചൈനീസ് ആധിപത്യം കുറയ്‌ക്കേണ്ടതിന് ആവശ്യമായതെല്ലാം യു.എസ് ചെയ്യും. ഇത്തരത്തില്‍ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ കമ്പനികളെ എത്തിക്കുന്നതിലേക്കാണ് നയിക്കുന്നത്.
കോവിഡിനുശേഷം ചൈന പ്ലസ് വണ്‍ പോളിസിക്ക് ഒട്ടുമിക്ക കമ്പനികളും തുടക്കമിട്ടിരുന്നു. അതായത്, ചൈനയില്‍ നിര്‍മാണ കേന്ദ്രം ഉണ്ടെങ്കിലും ആ രാജ്യത്തിന് പുറത്ത് മറ്റൊരു കേന്ദ്രം കൂടി തുറക്കുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് നോക്കുന്ന കമ്പനികളുടെ കണ്ണിലുടക്കുന്നത് ഇന്ത്യയാണ്. കോവിഡ് മാറിയശേഷം ചൈന പ്ലസ് വണ്‍ നീക്കത്തിന് ഇടിവു സംഭവിച്ചിരുന്നു. എന്നാല്‍, ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഈ നീക്കത്തിന് ഇരട്ടി വേഗമായി. ചൈനയ്ക്ക് എതിരാകുന്ന നിലപാടുകള്‍ ട്രംപില്‍ നിന്നുണ്ടാകുമെന്ന തിരിച്ചറിവിലാണ് കമ്പനികള്‍.
കോവിഡിനുശേഷം ജപ്പാനീസ് കമ്പനികളെല്ലാം ചൈനയ്ക്ക് പുറത്തൊരു നിര്‍മാണ കേന്ദ്രം നോക്കിയിരുന്നു. ഇത്തരത്തിലുള്ള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കാണ് വരുന്നതെന്ന് ഡെലോയിറ്റ് ജപ്പാന്‍ സി.ഇ.ഒ കെനിച്ചി കിമുറ പറയുന്നു. ഇന്ത്യയെ ഒരു നിര്‍മാണ കേന്ദ്രം മാത്രമായല്ല ജപ്പാനീസ് കമ്പനികള്‍ കാണുന്നത്. പകരം, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഗേറ്റ്‌വേ എന്ന സ്ഥാനം കൂടി ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യ വലിയ മാര്‍ക്കറ്റ് ആണെന്നതും ജപ്പാനീസ് കമ്പനികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാണ്. വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള പ്രോത്സാഹനങ്ങളും ഇന്ത്യയിലേക്കുള്ള വരവിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ജപ്പാനീസ് നിക്ഷേപക സ്ഥാപനങ്ങളുടെ ചൈനയിലെ നിക്ഷേപത്തില്‍ കുറവു വന്നിരുന്നു. ഇന്ത്യയിലേക്കുള്ള ജപ്പാനീസ് നിക്ഷേപത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തത് ശുഭസൂചനയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine