ഭീമന്‍ ഫുഡ് പാര്‍ക്കുമായി ജിദ്ദ നഗരം; 43,000 തൊഴില്‍ അവസരങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ഫുഡ്പാര്‍ക്ക് സൗദി അറേബ്യയിലെ വാണിജ്യ നഗരമായ ജിദ്ദയില്‍. 110 ലക്ഷം ചതുരശ്ര മീറ്ററില്‍ ആരംഭിച്ച ഫുഡ്പാര്‍ക്കില്‍ 43,000 പേര്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നത്. സൗദിയിലെ ഭക്ഷ്യ ശൃംഖലയെ വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇതിനകം ഇടം പിടിച്ചു. ഭക്ഷ്യ സംസ്‌കരണത്തിനുള്ള ഫാക്ടറികള്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണം, പാക്കേജിംഗ്, സ്റ്റോറേജുകള്‍ തുടങ്ങിയ സംവിധാനങ്ങളാണുള്ളത്. സൗദി സര്‍ക്കാരിന്റെ വികസന പദ്ധതിയായ വിഷന്‍ 2030 ല്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം മക്ക ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ നിർവഹിച്ചു .
ലക്ഷ്യം കയറ്റുമതിയും
ജിദ്ദയിലെ വ്യവസായ മേഖലയില്‍ 440 കോടി റിയാല്‍ ചിലവിട്ടാണ് ഫുഡ് പാര്‍ക്കിന്റെ നിര്‍മാണം. 124 ഫാക്ടറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 10 ഉല്‍പ്പന്നങ്ങളിലാണ് ഫുഡ്പാര്‍ക്ക് പ്രാധാന്യം നല്‍കുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തത്തിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. നിരവധി സ്വകാര്യ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഭക്ഷ്യമേഖലയില്‍ ആഭ്യന്തര സ്വയംപര്യാപ്തതക്കൊപ്പം കയറ്റുമതിയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി സൗദി വ്യവസായ മന്ത്രി ബന്തര്‍ അല്‍ ഖുറയഫ് പറഞ്ഞു.