കോവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ശതകോടീശ്വരന്മാർ

രാജ്യങ്ങളുടെ വളർച്ചാ നിരക്ക് കുറഞ്ഞത് മൂലവും ദിവസവും പെരുകുന്ന തൊഴിലില്ലായ്മ കാരണവും അവശ്യ സാധനങ്ങളുടെ അലഭ്യത കൊണ്ടും സാധാരണക്കാരുടെ ജീവിതത്തെ കോവിഡ് മഹാമാരി എത്ര ബുദ്ധിമുട്ടിലാക്കിയാലും അതൊന്നും ലോകത്തിലെ ശതകോടീശ്വരന്മാരെ ബാധിച്ചിട്ടില്ല. അവരുടെ വിറ്റു വരവ് ഈ മഹാമാരിക്കാലത്തും മുന്നോട്ട് തന്നെ.

ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ വരുമാനം കഴിഞ്ഞ വര്‍ഷം 1.8 ട്രില്യൺ ഡോളറാണ് വർദ്ധിച്ചത്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ മൊത്തം ആസ്തി ഇപ്പോൾ 7.6 ട്രില്യൺ ഡോളറാണ്. അതായത് ഈ മഹാമാരിക്കാലത്തും അവർ ഉണ്ടാക്കിയിരിക്കുന്നത് 31 ശതമാനത്തിന്റെ ബിസിനസ് വളർച്ച. ഇതാകട്ടെ, ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ എട്ട് വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക നേട്ടവും മാർച്ചിൽ മാർക്കറ്റിന്റെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് 3 ട്രില്യൺ ഡോളറിന്റെ കുതിച്ചു ചാട്ടവുമാണ്.
പക്ഷെ, ഈ നേട്ടത്തിലധികവും കയ്യാളുന്നത് അഞ്ച് പേരാണെന്ന് മാത്രം. അവർക്ക് 100 ബില്യൺ ഡോളർ സമ്പാദ്യം വന്നപ്പോൾ അവർക്ക് താഴെയുള്ള 20 പേർ ചേർന്ന് ഉണ്ടാക്കിയത് 50 ബില്യൺ ഡോളർ മാത്രം.
ഇപ്പോഴും ആമസോൺ ഉടമ ജെഫ് ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ. ഇതിന് മുഖ്യ കാരണം കോവിഡ് മൂലമുണ്ടായ ലോക്ക് ഡൌൺ കാലത്തെ ഓൺലൈൻ കച്ചവടത്തിന്റെ കുതിച്ചു ചാട്ടം തന്നെ. എന്നാൽ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എലോൺ മസ്‌കാണ്. ഒരു പക്ഷെ, ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള സ്വത്ത് സമ്പാദനം - ടെസ്‌ലയുടെ കച്ചവടത്തിൽ ഉണ്ടായ കുതിപ്പിനുശേഷം മസ്‌ക് സമ്പന്നരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഇവർ രണ്ടു പേരും കൂടി 12 മാസം കൊണ്ട് നേടിയത് 217 ബില്യൺ ഡോളറാണ്.
കോവിഡ് കാലത്ത് തകർന്നുപോയ രംഗം റിയൽ എസ്റ്റേറ്റ് ആയിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി ചിലർ സമ്പാദ്യം വർദ്ധിപ്പിച്ചു. റോബിൻഹുഡ് പോലുള്ള ഫീസ് വേണ്ടാത്ത ട്രേഡിംഗ്‌ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇക്കൂട്ടർ അവരുടെ കച്ചവടം പൊടി പൊടിച്ചു. റീട്ടെയിൽ നിക്ഷേപകരുടെ തള്ളിക്കയറ്റമാണ് ഇവരുടെ വിജയത്തിന് നിദാനം.
അമേരിക്കയിൽ കുടിയേറിയ ചൈനീസ് സംരംഭകൻ എറിക് യുവാൻ തന്റെ വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യയായ സൂം സർവ്വ വ്യാപിയായതോടെ പ്രശസ്തി നേടി, മുമ്പ് ക്‌ളീനക്സ് ഇടിച്ചു കയറിയത് പോലെ.
ജിമ്മുകൾ ഒക്കെ ലോക്ക് ഡൌൺ കാലത്ത് അടച്ചതോടെ നിരന്തരം വ്യായാമം ചെയ്തു കൊണ്ടിരുന്നവരൊക്കെ തങ്ങളുടെ വീടുകളിൽ ബദൽ സംവിധാനം ഒരുക്കാൻ നിർബ്ബന്ധിതരായി. പെലോട്ടൺ ഇന്ററാക്ടീവ് ആളുകളുടെ ഹരമായതോടെ അതിന്റെ സി ഇ ഒ ജോൺ ഫോളി ശതകോടീശ്വരനാകുകയും ചെയ്തു.
യൂസ്‌ഡ്‌ കാർ സൈറ്റ് ആയ കാർവാന ഡോട്ട് കോം ഉടമകളായ അച്ഛനും മകനും ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായി മാറി. ക്രിപ്റ്റോകറൻസികളുടെ കാര്യത്തിൽ ആളുകൾ വീണ്ടും ആകൃഷ്ടരായതോടെ വിങ്ക്ലെവോസ് ഇരട്ടകൾ വീണ്ടും കോടീശ്വരന്മാരായി.
ചൈനയിലാണ് കോവിഡ് ഉത്ഭവിച്ചതെങ്കിലും പ്രതിസന്ധി തരണം ചെയ്യുന്ന കാര്യത്തിൽ ആദ്യമേ തന്നെ ആരംഭിച്ച ശ്രമങ്ങൾ വിജയകരമായി തീർന്നതോടെ ചൈനയിലെ വ്യവസായികൾ സമ്പത്തിന്റെ കാര്യത്തിൽ വലിയ കുതിച്ചു ചാട്ടം നടത്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിലെ ചൈനീസ് അംഗങ്ങള്‍ 569 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ വർഷം അവരുടെ സമ്പാദ്യത്തിൽ ചേര്‍ത്തു. അമേരിക്കയെ ഒഴിച്ചു നിർത്തിയാൽ ഏത് രാജ്യത്തെക്കാളും വലിയ നേട്ടമാണിത്.
"ലോൺ വുൾഫ്" എന്ന് വിളിപ്പേരുള്ള ലോ പ്രൊഫൈൽ വാട്ടർ ബോട്ടിൽ വ്യവസായിയായ ഴോങ് ഷാൻഷാന്റെ രണ്ട് കമ്പനികളുടെ പ്രാരംഭ ഓഫറുകൾ അദ്ദേഹത്തിന്റെ ആസ്തി 70.9 ബില്യൺ ഡോളർ ആക്കി ഉയർത്തിയതോടെ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി.
എന്നാൽ, മേഖലയിലെ എല്ലാ ശതകോടീശ്വരന്മാരും അഭിവൃദ്ധി പ്രാപിച്ചിട്ടില്ല. 2020 ന്റെ തുടക്കത്തിൽ ജാക്ക് മാ ചൈനയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഇ-കോമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗിലെ വിൽപ്പനയും ആൻറ് ഗ്രൂപ്പ് ഉടനെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടതും ആയിരുന്നു കാരണം. ചൈനീസ് റെഗുലേറ്റർമാർക്കെതിരെ ജാക്ക് മാ തൊടുത്തു വിട്ട വിമർശനത്തിന് തൊട്ടു പിന്നാലെ ആൻറ് ഗ്രൂപ്പ് ഐ പി ഒ തകർന്നു, ഒപ്പം ചൈനയിലെ മറ്റ് ചില ടെക് ഭീമന്മാരെപ്പോലെ അദ്ദേഹത്തിന്റെ ആസ്തിയും കുറഞ്ഞു.
ഹോങ്കോങ്ങിലെ സ്ഥിതിയും വളരെ മോശമായി. വർഷങ്ങളുടെ വലിയ നേട്ടങ്ങൾക്ക് ശേഷം, ഈ മേഖലയിലെ ഏറ്റവും ധനികരായ പലരുടെയും സമ്പാദ്യം പ്രോപ്പർട്ടി മാർക്കറ്റിലെ വില ഇടിവ് കാരണം താഴോട്ടു പോയി. ചൈനയുടെ വിവാദ ദേശീയ സുരക്ഷാ നിയമത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും മറ്റൊരു കാരണമായിരുന്നു.
ഇതൊന്നും കൂടാതെ ആഗോളതലത്തിൽ അതിസമ്പന്നരുടെ സമ്പാദ്യത്തിലുണ്ടായ കുതിച്ചു ചാട്ടം ധാരാളം ജനകീയ പ്രസ്ഥാനങ്ങൾക്ക് എതിർപ്പുമായി രംഗത്തു വരാനുള്ള ഊർജ്ജമായി മാറിയിട്ടുണ്ട്. പല രാജ്യങ്ങൾക്കും നികുതി വർദ്ധിപ്പിക്കാനുള്ള താൽപര്യം കൂട്ടാനും ഇത്പ്രചോദനമായി. ജർമ്മനി,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും, കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ അമേരിക്കയിലെ ചില സംസ്ഥാനങ്ങളും നിയമനിർമ്മാതാക്കൾ,ആക്ടിവിസ്റ്റുകൾ, അക്കാദമിക വിദഗ്ദ്ധർ എന്നിവരും കോവിഡ് മൂലം വറ്റിപ്പോയ സർക്കാർ ഖജനാവുകൾ പുനരുജ്ജീവിപ്പിക്കാൻ സ്വത്ത് നികുതി നടപ്പാക്കണമെന്ന് നിരന്തരം പറയുന്നുണ്ട്.
മഹാമാരിക്കാലത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും സ്വന്തം ആരോഗ്യം, സമ്പത്ത്, ഉപജീവനമാർഗങ്ങൾ എന്നിവ കുറയുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചേടത്തോളം വേദനാജനകമായ വാർത്തയാണ് ശതകോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധന എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസിലെ പ്രോഗ്രാം ഓൺ ഇൻഈക്ക്വാലിറ്റി ആൻഡ് കോമൺ ഗുഡ് ഡയറക്ടർ ചക്ക് കോളിൻസ് പറയുന്നത്.
എന്നാൽ, ഗവൺമെന്റിന്റെ പ്രതികരണം കുറയുമ്പോഴൊക്കെ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ശതകോടീശ്വരന്മാരുടെ മൂലധനം വഹിക്കുന്ന പങ്കും അവർ നിയന്ത്രിക്കുന്ന കമ്പനികൾക്ക് പൂരിപ്പിക്കാൻ കഴിയുന്ന കാര്യങ്ങളും അടിവരയിടുന്നതാണ് മഹാമാരിക്കാലത്തെ പ്രതിസന്ധികൾ. പേർസണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റുകൾ സംഭാവന ചെയ്യുകയോ, മെഡിക്കൽ ഗവേഷണത്തിനും സാമൂഹ്യനീതി നടപ്പാക്കുന്ന ഉദ്യമങ്ങൾക്കും ധനസഹായം നൽകുകയോ വാക്സിനുകൾക്കായി പിന്തുണ നൽകുകയോ ചെയ്തതായാലും അതിസമ്പന്നരുംഈ കോവിഡ് വിതച്ച ദുരിതങ്ങളോട് പ്രതികരിക്കുന്നതിൽ ഒരു പങ്കുവഹിച്ചു എന്നും കാണേണ്ടതുണ്ട്.
ബയോടെക് എന്ന കമ്പനിക്ക് പുറത്തുള്ള കുറച്ചുപേർ മാത്രമേ ഈ വർഷത്തിന്റെ തുടക്കത്തിൽ മോഡേണ അല്ലെങ്കിൽ ബയോൺടെക് എസ് ഇ യെക്കുറിച്ച് കേട്ടിട്ടുരുന്നുള്ളൂ. വിപ്ലവകരമായ മെസഞ്ചർ ആർ‌ എൻ‌ എ അടിസ്ഥാനമാക്കിയുള്ള ഷോട്ടുകൾ‌ ലോകമെമ്പാടും വിതരണം ആരംഭിച്ചതോടെ‌ ഇപ്പോൾ‌ ആ പേര് എല്ലാവര്‍ക്കും അറിയാം. ഫ്രഞ്ച് സ്വദേശിയായ മോഡേണയുടെ സി ഇ ഓ സ്റ്റീഫൻ ബാൻസെൽ ശതകോടീശ്വരനായി. മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള കേംബ്രിഡ്ജ് വാക്സിൻ കോവിഡ് പോരാട്ടത്തിൽ ആദ്യകാല മുന്നേറ്റക്കാരനായി.
തുർക്കി കുടിയേറ്റക്കാരുടെ മകനായ ജർമ്മൻ ശാസ്ത്രജ്ഞൻ ഉഗുർ സാഹിൻ കോവിഡിനെ മെരുക്കുന്നതിൽ പങ്ക് വഹിച്ചു. ബയോൺടെക്കിന്റെ ചീഫ് മെഡിക്കൽ ഓഫീസറായ ഭാര്യ ഓസ്ലെം തുരേസിക്കൊപ്പം യു എസിൽ ആദ്യമായി ഉപയോഗിക്കാൻ അനുമതി ലഭിച്ച വാക്സിൻ വികസിപ്പിച്ചെടുക്കാൻ അദ്ദേഹം നേതൃത്വം നൽകി. തന്റെ താല്പര്യം എല്ലായ്പ്പോഴും ശാസ്ത്രം തന്നെയാണെന്നും സംരംഭകത്വമോ സ്വത്ത് സമ്പാദനമോ അല്ലെന്നും സാഹിൻ പറയുന്നു. പക്ഷെ, തന്റെ ഓഹരിയുടെ മൂല്യം 3.6 ബില്യൺ ഡോളർ സമ്പാദിക്കാൻ അദ്ദേഹത്തെ സഹായിച്ചു.


Ismail Meladi
Ismail Meladi  

Related Articles

Next Story
Share it