താമസം രണ്ടുമുറി വീട്ടില്‍, കൈയില്‍ മൊബൈല്‍ ഫോണ്‍ പോലുമില്ല; രത്തന്‍ ടാറ്റയുടെ ആരുമറിയാത്ത സഹോദരന്‍ എവിടെയാണ്?

ടാറ്റ ഗ്രൂപ്പിന്റെ ഒട്ടുമിക്ക കമ്പനികളിലും ഓഹരിപങ്കാളിത്തം ഉണ്ടെങ്കിലും വിചിത്രമായ ജീവിതരീതിയാണ് ജിമ്മിയുടേത്‌
താമസം രണ്ടുമുറി വീട്ടില്‍, കൈയില്‍ മൊബൈല്‍ ഫോണ്‍ പോലുമില്ല; രത്തന്‍ ടാറ്റയുടെ ആരുമറിയാത്ത സഹോദരന്‍ എവിടെയാണ്?
Published on

രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ രാജ്യം വിതുമ്പുകയാണ്. സംരംഭകരുടെയും യുവാക്കളുടെയും ആവേശമായിരുന്ന രത്തന്‍ ടാറ്റയുടെ വാക്കുകള്‍ പോലെ ലാളിത്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. രത്തന്‍ ടാറ്റയ്ക്ക് രണ്ട് സഹോദരാണുള്ളത്. ആദ്യത്തേയാള്‍ ജിമ്മി ടാറ്റ. രണ്ടാമന്‍ നോയല്‍ ടാറ്റയും. രത്തനും ജിമ്മിയും പിതാവ് നവല്‍ ടാറ്റയ്ക്ക് ആദ്യ ഭാര്യയില്‍ ഉണ്ടായവരാണ്. നോയല്‍ ടാറ്റയുടെ മാതാവ് സ്വിസ് വംശജയായ സിമോണ്‍ ആണ്.

ആഡംബരത്തോട് മുഖംതിരിച്ച വ്യക്തിത്വം

നോയല്‍ ടാറ്റ ബിസിനസിലേക്ക് കാലെടുത്തു വച്ചെങ്കില്‍ ജിമ്മി ടാറ്റ വളരെ ശാന്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ടാറ്റ കമ്പനികളിലെല്ലാം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന അദ്ദേഹം ബിസിനസ് ലോകത്തേക്ക് വരാന്‍ പോലും ശ്രമിച്ചിട്ടില്ല. താരപ്രഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജിമ്മി താമസിക്കുന്നത് മുംബൈയിലെ ഇടത്തരം രണ്ടുമുറി അപ്പാര്‍ട്ട്‌മെന്റിലാണ്.

ചെറുപ്പത്തില്‍ നല്ലൊരു സ്‌ക്വാഷ് താരമായിരുന്ന ജിമ്മി ടാറ്റയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലുമില്ല. രത്തന്‍ ടാറ്റ ടെക്‌നോളജിക്കൊപ്പം വളര്‍ന്ന ആളായിരുന്നെങ്കില്‍ നേരെ തിരിച്ചായിരുന്നു സഹോദരന്റെ രീതികള്‍. പുസ്തകങ്ങളും പത്രങ്ങളുമായിരുന്നു ജിമ്മിയുടെ ലോകം. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വല്ലപ്പോഴും മാത്രം പുറത്തിറങ്ങിയിരുന്ന ജിമ്മി ടാറ്റ ഗ്രൂപ്പിന്റെ വലിയ പരിപാടികളിലൊന്നും എത്തിയിരുന്നില്ല.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ സണ്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ് എന്നീ കമ്പനികളിലെല്ലാം ജിമ്മിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റികളിലൊരാളുമാണ് അദ്ദേഹം. പലവിധ കാരണങ്ങളാല്‍ വിവാഹം നടക്കാതെ പോയ രത്തന്‍ ടാറ്റയുടെ വഴി തന്നെയായിരുന്നു ജിമ്മി ടാറ്റയുടേതും. അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com