ജിയോ ഫിനാന്‍ഷ്യലിന്റെ ലാഭത്തിൽ ഇടിവ്, വരുമാനത്തില്‍ നേരിയ വര്‍ധന; ഓഹരി താഴേക്ക്

ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പുതിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും
Loans, Jio Fin Logo
Image : Canva and JioFin website
Published on

റിലയന്‍സിനു കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Jio Fin) 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദ ലാഭത്തില്‍ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 332 കോടി രൂപയില്‍ നിന്ന് 313 കോടി രൂപയായാണ് ലാഭം കുറഞ്ഞത്. ഇക്കാലയളവില്‍ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 413.13 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധനയോടെ 417.82 കോടി രൂപയുമായി.

കമ്പനിയുടെ മൊത്തം ചെലവുകള്‍ 53.81 കോടി രൂപയില്‍ നിന്ന് 79.35 കോടി രൂപയായി. അതേ സമയം തൊട്ടുമുന്‍ പാദത്തിലെ 103.12 കോടി രൂപയുമായി നോക്കുമ്പോള്‍ ചെലവുകള്‍ കുറഞ്ഞിട്ടുണ്ട്. 

ഓഹരിയുടെ നേട്ടം 

ഇന്നലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വ്യാപാരം അവസാനിപ്പിച്ചതിനു ശേഷമാണ് ജിയോ ഫിനാന്‍ഷ്യല്‍ പാദഫലക്കണക്കുകള്‍ പുറത്തു വിട്ടത്. ഇന്ന് രാവിലെ രണ്ട് ശതമാനത്തിലധികം ഇടിവിലാണ് ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ഇതു വരെ 48 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2023 ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്തത് മുതല്‍ ഇതുവരെ 60 ശതമാനത്തിലധികം നേട്ടവും നല്‍കിയിട്ടുണ്ട്.

ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലിമിറ്റഡ് ഡിജിറ്റല്‍ ചാനല്‍ വഴി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഷുറന്‍സ് പോര്‍ട്ട്‌ഫോളിയോ ഉയര്‍ത്തുമെന്നും കമ്പനിയുടെ ഇന്‍വെസ്റ്റര്‍ പ്രസന്റേഷനില്‍ പറയുന്നു. ജിയോ ഫിനാന്‍സ് വഴി പ്രോപ്പര്‍ട്ടി, സെക്യൂരിറ്റി വായ്പകളും കമ്പനി വാഗ്ദാനം ചെയ്യാനൊരുങ്ങുന്നുണ്ട്. ഈ വര്‍ഷമാദ്യമാണ് ജിയോ ഫിന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എതിരായി വായ്പകള്‍ അവതരിപ്പിച്ചത്. വ്യക്തിഗത വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് വായ്പ, ഇന്‍ഷ്വറന്‍സ്, പേയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സ്ഥാപനമാണ് ജിയോഫിന്‍.

കോര്‍ ഇന്‍വെസറ്റ്‌മെന്റ് കമ്പനി പദവിയിലേക്ക് 

അടുത്തിടെയാണ് ബാങ്കിതര ധനകാര്യ സ്ഥാപനമായിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കോര്‍ ഇന്‍വെസറ്റ്‌മെന്റ് കമ്പനിയായി (Core Investment Comp-any /CIC) പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചത്. 100 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള പ്രത്യേക എന്‍.ബി.എഫ്.സി ആണ് കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി. 2016 ഡിസംബര്‍ 20 ലെ ആര്‍.ബി.ഐ സര്‍ക്കുലര്‍ അനുസരിച്ച് ചില വ്യവസ്ഥകളോടെ സി.ഐ.സികള്‍ക്ക് ഓഹരികളും സെക്യൂരിറ്റികളും ഏറ്റെടുക്കാനാകും. ഓഹരികള്‍, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍ അറ്റ ആസ്തിയുടെ 90 ശതമാനത്തില്‍ കുറയാത്ത നിക്ഷേപം കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ക്ക് ഉണ്ടാകണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com