

വീട്ടിലോ ഓഫീസിലോ ഉള്ള ടെലിവിഷന്‍ സെറ്റിനെ ഇനി കമ്പ്യൂട്ടറാക്കി മാറ്റാം. ഡിജിറ്റല്‍ ടിവിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്ന മാറ്റത്തിന് പിന്നാലെയാണ് വെര്‍ച്വല്‍ കമ്പ്യൂട്ടര്‍ പദ്ധതിയുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രംഗത്ത് വരുന്നത്. ജിയോയുടെ പുതിയ ഉല്‍പ്പന്നമായ ജിയോ പിസി വിപണിയില്‍ അവതരിപ്പിച്ചു. ആദ്യഘട്ടത്തില്‍ സൗജന്യമായാണ് സേവനം നല്‍കുന്നത്, പരീക്ഷണ ഘട്ടം കഴിയുന്നതോടെ നിരക്കുകള്‍ ബാധകമാക്കും. റിലയന്‍സ് ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് പുതിയ ബിസിനസ് മോഡല്‍ വികസിപ്പിച്ചെടുത്തത്.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ടെലിവിഷനുകള്‍ വെര്‍ച്വല്‍ കമ്പ്യൂട്ടറുകളാക്കി മാറ്റുന്നു. ജിയോ സെറ്റ് ടോപ് ബോക്‌സുകള്‍ വഴി ക്ലൗഡ് അധിഷ്ഠിത കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് നിങ്ങളുടെ ടെലിവിഷനില്‍ പ്രവര്‍ത്തിപ്പിക്കാനാകും. കീബോര്‍ഡും മൗസും ബന്ധിപ്പിക്കാം. 5,499 രൂപയാണ് സെറ്റ്‌ടോപ് ബോക്‌സിന്റെ വില. ഓപ്പന്‍ സോഴ്‌സ് സോഫ്റ്റ് വെയറായ ലിബര്‍ഓഫീസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള സോഫ്റ്റ് വെയര്‍ പ്രത്യേക ബ്രൗസറിലൂടെ ഉപയോഗിക്കാനാകും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാകുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. അതേസമയം, ഇന്റര്‍നെറ്റിന്റെ ലഭ്യത ഇത് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന ഘടകമാണ്.
ഇന്ത്യയില്‍ ടെലിവിഷനുകളെ അപേക്ഷിച്ച് കമ്പ്യൂട്ടറുകളുടെ എണ്ണം കുറവാണെന്നാണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന് മുമ്പ് ജിയോക്ക് വേണ്ടി നടന്ന മാര്‍ക്കറ്റ് പഠനം തെളിയിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ 70 ശതമാനം പേര്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കമ്പ്യൂട്ടര്‍ ഉള്ളത്. ഈ പഠനം തന്നെയാണ് ടെലിവിഷന്‍ കേന്ദ്രീകൃത ബിസിനസിലേക്ക് ചുവട് വെക്കാന്‍ റിലയന്‍സിനെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വിപണി വേഗത്തില്‍ അല്ല വളരുന്നത്. 2025 ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പ്യൂട്ടര്‍ വില്‍പ്പനയിലെ വാര്‍ഷിക വര്‍ധന എട്ടു ശതമാനമാണ്. സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയിലുള്ള വര്‍ധനയാണ് കമ്പ്യൂട്ടറുകള്‍ക്ക് തിരിച്ചടിയാകുന്നത്.
ജിയോ പിസിക്ക് വേണ്ടി റിലയന്‍സും ഓപ്പണ്‍ എഐയും പുതിയ സഹകരണത്തിന് ചര്‍ച്ച നടക്കുന്നുണ്ട്. ചാറ്റ്ജിപിടി ഉള്‍പ്പടെയുള്ള ടൂളുകളെ പുതിയ സംവിധാനത്തില്‍ ചേര്‍ത്ത് മെച്ചപ്പെടുത്താനാണ് ആലോചിക്കുന്നത്. അതേസമയം, പുതിയ സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് മനസിലാകേണ്ടത് പ്രധാനമാണെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രഭു റാം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ഉപയോക്താക്കളെ ടെലിവിഷന് മുന്നില്‍ എത്തിക്കുന്നത് എളുപ്പമുള്ള ജോലിയല്ല. ഇന്റര്‍നെറ്റ് ലഭ്യതയും സാങ്കേതിക അവബോധവും ഇക്കാര്യത്തില്‍ പ്രധാനമാകുമെന്ന് പ്രഭു റാം പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine