വെറും ₹15ന് ജിയോയുടെ അണ്‍ലിമിറ്റഡ് 5ജി ഡേറ്റ! പക്ഷേ എല്ലാവര്‍ക്കും കിട്ടില്ല, നിബന്ധനകള്‍ അറിയാം

വീഡിയോ സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പാക്കേജ്
jio airtel logo a question mark a mobile tower in the background
image credit : canva , jio , airtel
Published on: 

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ജിയോ പുതിയ പ്രീപെയ്ഡ് ഡേറ്റ പ്ലാന്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറിലേക്ക് അതിവേഗ 5ജി ഡേറ്റ അണ്‍ലിമിറ്റഡായി നല്‍കുന്ന പ്ലാനിന് 15 രൂപയാണ് നിരക്ക്. കുറഞ്ഞ സമയത്തേക്ക് കൂടുതല്‍ ഡേറ്റ ആവശ്യമുള്ളവരെ ലക്ഷ്യംവച്ചാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പാക്കേജ്. സാധാരണ ഡാറ്റ ബൂസ്റ്റര്‍ പാക്കുകളില്‍ നിശ്ചിത അളവിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. എന്നാല്‍ പുതിയ പാക്കില്‍ 24 മണിക്കൂര്‍ ജിയോയുടെ ട്രൂ 5ജി നെറ്റ്വര്‍ക്കിലൂടെ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാമെന്നാണ് കമ്പനി അറിയിക്കുന്നത്.

എല്ലാവര്‍ക്കും ലഭിക്കുമോ?

15 രൂപയ്ക്ക് റീചാര്‍ജ് ചെയ്തതുകൊണ്ട് മാത്രം എല്ലാവര്‍ക്കും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കില്ല. ഇതിനായി ചില നിബന്ധനകളുണ്ട്. ജിയോയുടെ 5ജി സേവനം ലഭിക്കുന്ന പ്രദേശത്തായിരിക്കണം ഉപയോക്താവ്.

5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണും യോഗ്യതയുള്ള നിലവിലെ റീചാര്‍ജ് പ്ലാനും ആവശ്യമാണ്. 15 രൂപയുടെ പാക്ക് ഒരു ഡാറ്റ ആഡ് ഓണ്‍ മാത്രമാണ്. ഇതില്‍ അധിക വോയ്സ് കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. നിലവിലെ റീചാര്‍ജ് പ്ലാനിന്റെ കാലാവധിയും വര്‍ധിക്കില്ല.

വോയിസ് ഓണ്‍ലി പ്ലാനുകളും

ജിയോ അടുത്തിടെ കുറഞ്ഞ നിരക്കിലുള്ള വോയിസ് ഓണ്‍ലി പാക്കേജും പുറത്തിറക്കിയിരുന്നു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കര്‍ശന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഇത്തരം കുറഞ്ഞ തുകയുടെ പാക്കേജ് അവതരിപ്പിച്ചത്. 147 രൂപയ്ക്ക് 22 ദിവസം വാലിഡിറ്റിയും സൗജന്യ വോയിസ് കോളുകളും 300 എസ്എംഎസുകളും ലഭിക്കുന്നതാണ് ഇതിലൊരു പാക്കേജ്.

എയര്‍ടെല്ലിന്റെ 28 ദിവസത്തെ വോയിസ് ഓണ്‍ലി കോള്‍ പാക്കേജിന് 185 രൂപയാണ് നിരക്ക്. ജിയോയുടെ സമാന ദിവസത്തെ പാക്കേജിന് 177 രൂപയാണ്. വോഡാഫോണ്‍ ഐഡിയയ്ക്ക് 28 ദിവസത്തെ പാക്കേജിന് 185 രൂപയാണ് ചാര്‍ജ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```