

ഇക്കൊല്ലത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ജിയോഹോട്ട്‌സ്റ്റാര്‍ ലക്ഷ്യം വെക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം. ഇതിനോടകം മുപ്പതിലധികം സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ഉറപ്പിച്ചെന്നും ബാക്കിയുള്ളവ ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ സബ്‌സ്‌ക്രിപ്ഷനിലൂടെയും ടെലികോം ബണ്ടില്‍ ഓഫറുകളിലൂടെയും 10 കോടി പെയ്ഡ് സ്ട്രീമിംഗ് ഉപയോക്താക്കളെയും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.
8.5 ബില്യന്‍ ഡോളര്‍ കരാറില്‍ മുകേഷ് അംബാനിയുടെ റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും ലയിച്ചതിന് ശേഷമുള്ള ആദ്യ ഐ.പി.എല്‍ മത്സരമാണ് ഇക്കുറി. നേരത്തെ ജിയോ ടിവിയില്‍ സൗജന്യമായി ലഭ്യമായിരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ ഇക്കുറി ഇരുകമ്പനികളുടെയും ഹൈബ്രിഡ് ആപ്പായ ജിയോസ്റ്റാര്‍ വഴിയാണ് സ്ട്രീം ചെയ്യുക. ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം 2023ലാണ് അഞ്ച് വര്‍ഷത്തേക്ക് 26,000 കോടി രൂപക്ക് ജിയോ സിനിമ സ്വന്തമാക്കിയത്. നിലവില്‍ ഡിജിറ്റല്‍, ടിവി പരസ്യങ്ങള്‍ക്കായി പ്രമുഖ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ജിയോസ്റ്റാറിന് ലഭിച്ചിട്ടുണ്ട്. വലിയ ബ്രാന്‍ഡുകളുടെയും എം.എസ്.എം.ഇകളുടെയും അടക്കം 1,100ലധികം ബ്രാന്‍ഡുകളുടെ പരസ്യമാണ് ഇത്തവണയുണ്ടാവുക. സാധാരണ ഗൂഗിള്‍, മെറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ചെയ്തിരുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങളിലാണ് ഇത്തവണ ജിയോസ്റ്റാര്‍ കൂടുതലായും ലക്ഷ്യം വെച്ചത്.
40 മുതല്‍ 240 കോടി രൂപ വരെയാണ് ഇക്കുറി ടിവി പരസ്യങ്ങള്‍ക്ക് ജിയോസ്റ്റാര്‍ ഈടാക്കുന്നത്. കണക്ടഡ് ടിവിയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് 10 സെക്കന്‍ഡിന് 8.5 ലക്ഷം രൂപയും മൊബൈലില്‍ ഒരു ഉപയോക്താവിനെ പരസ്യം കാണിക്കുന്നതിന് 250 രൂപയുമാണ് നിരക്ക്. പരസ്യത്തിന് പുറമെ സബ്‌സ്‌ക്രിപ്ഷനിലൂടെയും കൂടുതല്‍ വരുമാനം കണ്ടെത്താനാണ് ജിയോസ്റ്റാറിന്റെ തീരുമാനം. ഇത്തവണ 4 കോടിയിലധികം പുതിയ പെയ്ഡ് യൂസര്‍മാര്‍ പുതുതായി എത്തുമെന്നും ജിയോസ്റ്റാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, ജിയോസിനിമ എന്നിവ ലയിച്ചതോടെ 6.2 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി പൂര്‍ണമായും സൗജന്യമായി ഐ.പി.എല്‍ മത്സരങ്ങള്‍ കാണാനും കഴിയില്ല.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ടി.വി കാണുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്‌പോര്‍ട്ട് ഇവന്റുകള്‍ ടി.വിയിലൂടെ കാണുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ 15 മുതല്‍ 20 ലക്ഷം വരെ പുതിയ ഉപയോക്താക്കളെയാണ് ജിയോസ്റ്റാര്‍ പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാന്‍ കഴിയാത്ത ക്രിക്കറ്റ് ആരാധകര്‍ക്കായി ബി.സി.സി.ഐ ഒരുക്കുന്ന ഫാന്‍പാര്‍ക്കുകള്‍ ഇക്കുറി കേരളത്തിലും. കൊച്ചിയിലും പാലക്കാടുമാണ് വലിയ സ്‌ക്രീനില്‍ സ്റ്റേഡിയം വൈബിലിരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യമുള്ളത്. പ്രവേശനം സൗജന്യമാണ്. മാര്‍ച്ച് 22,23 തീയതികളില്‍ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ആദ്യ ഫാന്‍ പാര്‍ക്ക്. ആര്‍.സി.ബി-കെ.കെ.ആര്‍ ഉദ്ഘാടന മത്സരവും രണ്ടാം ദിവസത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരവുമാണ് ഇവിടെ കാണാനാവുക. മാര്‍ച്ച് 29,30 തീയതികളില്‍ പാലക്കാട് കോട്ട മൈതാനിയിലാണ് അടുത്ത ഫാന്‍പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine