
ഈ സാമ്പത്തികവര്‍ഷം ജിയോസ്റ്റാര്‍ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ മാത്രമായി 32,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉദയ് ശങ്കര്‍. മുംബൈയില്‍ നടന്ന വേവ്‌സ് സമ്മിറ്റില്‍ (WAVES summit) വച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോയും തമ്മില്‍ ലയിച്ച് ജിയോസ്റ്റാര്‍ രൂപീകരിച്ചത്.
2024ല്‍ ജിയോസിനിമയും ഹോട്ട്‌സ്റ്റാറും വ്യത്യസ്ത കമ്പനികളായിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് 25,000 കോടി രൂപയാണ് കണ്ടന്റുകള്‍ക്കായി മുടക്കിയത്. ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് പ്രാദേശിക കണ്ടന്റുകള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പ്രാമുഖ്യം നല്കുന്നതെന്ന് ഉദയ് ശങ്കര്‍ വ്യക്തമാക്കി.
മലയാളത്തിലടക്കം സമീപകാലത്ത് ജിയോസ്റ്റാര്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. സിനിമകള്‍ വലിയ പണം കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി വെബ് സീരിസുകള്‍ നിര്‍മിക്കുന്നതിനാണ് ജിയോസ്റ്റാര്‍ പ്രാധാന്യം നല്കുന്നത്. ഇത് പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുമെന്നാണ് പ്രതീക്ഷ.
മലയാള വിനോദ വ്യവസായത്തിനും ജിയോസ്റ്റാറിന്റെ നീക്കം ഗുണംചെയ്യും. അടുത്തയിടെയായി മലയാളത്തില്‍ വെബ്‌സീരിസുകള്‍ നിര്‍മിക്കാന്‍ ഹോട്ട്‌സ്റ്റാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. സിനിമകളുടെ ഒ.ടി.ടി റൈറ്റ്‌സ് വാങ്ങുന്നതിനേക്കാള്‍ സ്വന്തമായി വെബ്‌സീരിസുകള്‍ നിര്‍മിക്കാനാണ് അവര്‍ ശ്രദ്ധിക്കുന്നത്.
അടുത്തിടെ ജിയോഹോട്ട്‌സ്റ്റാര്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ സംപ്രേക്ഷണം ചെയ്ത വെബ്‌സീരിസ് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ സീരിസുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine