ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി മോദിസര്‍ക്കാര്‍ മൂന്നാമൂഴം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ നിര്‍ണായകമായ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ശേഷം ഇതാദ്യമായി ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ജമ്മുകശ്മീരില്‍ മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ്. സെപ്തംബര്‍ 18, 25, ഒക്‌ടോബര്‍ ഒന്ന് എന്നീ തിയതികളിലാണ് ജമ്മുകശ്മീരില്‍ വോട്ടെടുപ്പ്. ഹരിയാനയില്‍ ഒറ്റഘട്ടമായി ഒക്‌ടോബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കും. രണ്ടിടത്തും ഒക്‌ടോബര്‍ നാലിന് വോട്ടെണ്ണല്‍.

രാഹുല്‍ ഗാന്ധി രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന വയനാട് ലോക്‌സഭ മണ്ഡലം, എം.പിമാരായതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ച പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ജമ്മുകശ്മീരില്‍ പതിറ്റാണ്ടിനിടയില്‍ ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പ്

2014നു ശേഷം ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 370-ാം വകുപ്പു പ്രകാരം പ്രത്യേക പദവിയുള്ള സംസ്ഥാനമെന്ന ഭരണഘടനാ പദവി റദ്ദാക്കിയ 2018 മുതല്‍ ലഫ്. ഗവര്‍ണറാണ് ജമ്മുകശ്മീര്‍ ഭരിക്കുന്നത്. 90 നിയമസഭ സീറ്റുകളും 87 ലക്ഷം വോട്ടര്‍മാരുമാണ് ജമ്മുകശ്മീരില്‍. ജമ്മുകശ്മീര്‍ വിഭജിക്കുന്നതിനു മുമ്പ് ആകെ 111 സീറ്റുകള്‍ ഉണ്ടായിരുന്നു. 90 അംഗ നിയമസഭയാണ് ഹരിയാനയിലും ഉള്ളത്.
Related Articles
Next Story
Videos
Share it