

പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോണ്‍സ് ജോര്‍ജ്ജിനെ നിയമിച്ചു. കമ്പനിയുടെ സ്ഥാപകനും എംഡിയുമായ സിജെ ജോര്‍ജ്ജിന്റെ മകനാണ് ജോണ്‍സ്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സ്(എല്‍ എസ് ഇ), ഓസ്‌ട്രേലിയന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ്മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജോണ്‍സ് 2013 ലാണ് ജിയോജിത്തില്‍ചേര്‍ന്നത്. കമ്പനിയുടെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിനു ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റത്തിലും ചെറുകിട നിക്ഷേപകര്‍ക്കായുള്ള ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പരിചയമുണ്ട്.
ബിസിനസ് വളര്‍ച്ചയ്ക്കും പ്രവര്‍ത്തന മികവിനുമായി ജിയോജിത് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ഡിസംമ്പറില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയുമായ എം പി വിജയ്കുമാറിനേയും പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസിനേയും സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine