വില്‍ക്കുന്നത് വര്‍ഷം 25 ടണ്‍ തിലാപ്പിയ, ബോണ്‍ലെസിന് വില കിലോയ്ക്ക് ₹ 1,000, ജോസിന്റെ മലയോരത്തെ ശുദ്ധജല മത്‌സ്യകൃഷി വന്‍ ഹിറ്റ്!

മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുളള സംസ്ഥാന പുരസ്കാരവും ജോസ് ജോസഫ് കരസ്ഥമാക്കിയിട്ടുണ്ട്
tilapia fish, Jose Joseph
Image courtesy: Canva
Published on

കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ ഫ്രഷ് ഫിഷ് കിട്ടുന്നില്ലെന്ന ബുദ്ധിമുട്ട് പരിഹരിക്കാനിറങ്ങി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് കോട്ടയം തീക്കോയി സ്വദേശി ജോസ് ജോസഫ്. റബ്ബറിന് വില കുറഞ്ഞപ്പോഴാണ് മറ്റു കൃഷി മാര്‍ഗങ്ങളിലേക്ക് ജോസിന്റെ ശ്രദ്ധ തിരിയുന്നത്. എട്ട് വര്‍ഷം മുമ്പ് ആനിയിളപ്പിലെ പുരയിടത്തോട് ചേര്‍ന്ന ഒന്നേകാല്‍ ഏക്കറില്‍ ആരംഭിച്ച ശുദ്ധജല മത്സ്യകൃഷി ഇന്ന് ഹിറ്റായി മാറിയിരിക്കുകയാണ്.

വിജയത്തിന് അടിസ്ഥാനം

ഗിഫ്റ്റ് തിലാപ്പിയ മത്സ്യം മാത്രമാണ് ജോസ് വളര്‍ത്തുന്നത്. ശുദ്ധജലവും മികച്ച തീറ്റയുമാണ് കൃഷിയുടെ വിജയത്തിന് അടിസ്ഥാനം. വെളളത്തിലുളള ഓക്സിജനാണ് തിലാപ്പിയ മത്സ്യങ്ങളുടെ ജീവനാഡി. കുളത്തില്‍ പാഡില്‍ വീല്‍ ഏയറേറ്റര്‍ ഘടിപ്പിച്ചാണ് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നത്. ഗുണമേന്മയുള്ള മീന്‍തീറ്റ മാത്രമാണ് ഇവയ്ക്ക് നല്‍കുന്നത്. സ്വാദുളള മത്സ്യത്തിന് ശുദ്ധജലവും മികച്ച തീറ്റയും അത്യാവശ്യമാണെന്ന് ജോസ് പറയുന്നു. വര്‍ഷം 20 മുതല്‍ 25 ടണ്‍ വരെ മീന്‍ ഇപ്പോള്‍ വില്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രാദേശിക വിപണി കൂടാതെ വാഗമണ്‍, തേക്കടി അടക്കമുളള റിസോര്‍ട്ടുകളിലും മത്സ്യം വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. വളര്‍ത്താനുളള മീന്‍ കുഞ്ഞുങ്ങളെ തൃശൂരില്‍ നിന്നാണ് കൊണ്ടുവരുന്നത്.

50 ലക്ഷത്തോളം രൂപ ചെലവില്‍ മൂന്ന് കുളങ്ങള്‍ സജ്ജമാക്കിയാണ് മത്സ്യകൃഷി നടത്തുന്നത്. മീന്‍ കുഞ്ഞുങ്ങളെ ചെറിയ കുളത്തിലും വലുതാകുന്നതിന് അനുസരിച്ച് രണ്ടാമത്തെ കുളത്തിലും പൂര്‍ണ വളര്‍ച്ചയെത്തുന്ന സമയത്ത് മൂന്നാമത്തെ കുളത്തിലുമായി മാറ്റി വളര്‍ത്തും. മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുളള സംസ്ഥാന പുരസ്കാരവും കണ്ടത്തിന്‍കരയില്‍ ജോസ് ജോസഫ് കരസ്ഥമാക്കിയിട്ടുണ്ട്.

ബോണ്‍ലെസ് തിലാപ്പിയ

മീനിന്റെ മുളളും തൊലിയും മാറ്റി മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കി പാക്കറ്റില്‍ ഫിഷ്‌ലി എന്ന ബ്രാന്‍ഡില്‍ ശീതീകരിച്ചും വില്‍പ്പന നടത്തുന്നുണ്ട്. മീന്‍ കഴുകി ഫ്രൈ പാനില്‍ ഗിഫ്റ്റ് തിലാപ്പിയ 4 മിനിറ്റ് കൊണ്ട് വറുത്തെടുക്കാന്‍ സാധിക്കും. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവ വില്‍പ്പനയ്ക്ക് തയാറാക്കുന്നത്. 3 കിലോ തിലാപ്പിയ ഫില്ലറ്റ് ആക്കുമ്പോൾ ഒരു കിലോ മാത്രമാണ് കിട്ടുക. കിലോയ്ക്ക് 1000 രൂപയ്ക്കാണ് ബോണ്‍ലെസ് തിലാപ്പിയ വിൽക്കുന്നത്. മകന്‍ അമിത് പിതാവിനൊപ്പം ഫാമിന്റെ മേല്‍നോട്ട ചുമതലകള്‍ വഹിക്കുന്നു. ഭാര്യ സൂസനും മക്കളായ ഡോ. ഐനുവും ഐവിനും സംരംഭത്തിന് എല്ലാ പിന്തുണയുമായി കൂടെയുണ്ട്.

Jose Joseph's freshwater tilapia fish farming in Kerala's highlands has become a successful venture, selling 25 tons of fish annually and offering boneless tilapia at 1000 rupees per kilogram.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com