ആത്മകഥയുമായി ജോയ് ആലുക്കാസ്; 'സ്പ്രെഡിംഗ് ജോയ്' പ്രകാശനം ഷാര്‍ജയില്‍
പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനോജിംഗ് ഡയറക്ടറുമായ നുമായ ജോയ് ആലുക്കാസിന്റെ ആത്മകഥയായ 'സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ അഞ്ചിന് പ്രകാശനം ചെയ്യും. രാജ്യാന്തര പുസ്തക പ്രസാധകരായ ഹാപര്‍ കോളിന്‍ ആണ് പ്രസാധകര്‍. ജോയ് ആലുക്കാസ് ആഗോള ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകും. പുസ്തകത്തിന്റെ മലയാളം, അറബി പരിഭാഷകളും ഉടന്‍ പുറത്തിറക്കും.
സംരംഭകത്വ രംഗത്തേക്ക് വരുന്നവര്‍ക്ക് പ്രചോദനം
ജോയ് ആലുക്കാസിന്റെ സംഭവബഹുലമായ സംരഭകത്വ ജീവിതവും നേതൃപാടവവും ഒരു ബ്രാന്‍ഡിനെ സൃഷ്ടിച്ച് ആഗോള പ്രശസ്തമാക്കിയതുമുള്‍പ്പെടെ പ്രചോദനാത്മകമായ ജീവിതമാണ് ഈ ആത്മകഥയിലൂടെ വായനക്കാരിലെത്തുന്നത്. പുസ്തകം ഇന്ത്യ, യു.എ.ഇ, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്. സംരംഭകത്വ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന ഉള്‍ക്കാഴ്ചകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിക്കുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
വര്‍ഷങ്ങളായി ഉപഭോക്താക്കളില്‍ നിന്നും ബിസിനസ് സഹകാരികളില്‍ നിന്നും ലഭിച്ച തുടര്‍ച്ചയായ പിന്തുണയും വിശ്വാസവും അംഗീകാരവുമാണ് വിജയഗാഥയ്ക്കു പിന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇയെ രൂപപ്പെടുത്തിയ മികവുറ്റ സംരംഭകത്വ മനോഭാവത്തിന്റെ എല്ലാ തികഞ്ഞ പ്രതിരൂപമാണ് ജോയ് ആലുക്കാസെന്ന് യു.എ.ഇയുടെ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അഹ്‌മദ് അല്‍ സെയൂദി പറഞ്ഞു.