

സജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ (JSW Group) ജെ.എസ്.ഡബ്ല്യു സിമന്റിന്റെ പ്രാഥമിക ഓഹരി വില്പന (IPO) ഓഗസ്റ്റ് 7ന് ആരംഭിക്കും. ഐ.പി.ഒ 11ന് അവസാനിക്കും. 139-147 രൂപയായിരിക്കും പ്രൈസ് ബാന്‍ഡ്. 3,600 കോടി രൂപയോളം ഐ.പി.ഒ വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. 1,600 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ (offer for sale-OFS) 2,000 രൂപയുടെ ഓഹരികളും ലഭ്യമാക്കും.
102 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ടായിട്ടാകും ഐ.പി.ഒയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. കൂടിയ വില പ്രകാരം 14,994 രൂപയെങ്കിലും മുടക്കേണ്ടി വരും. ഓഗസ്റ്റ് 14നാകും എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യുക.
ഓഹരി വിപണിയില്‍ നിന്ന് കണ്ടെത്തുന്ന തുകയുടെ ഒരു വിഹിതം രാജസ്ഥാനിലെ നാഗാവൂരിലെ പുതിയ പ്ലാന്റിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കും. ജെ.എസ്.ഡബ്ല്യു സിമന്റ്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ രാജസ്ഥാന്‍ പ്ലാന്റ് പൂര്‍ണ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സാധിക്കും. കമ്പനിയുടെ മുന്‍കാല വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാകും ഓഹരി വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക.
2006ല്‍ സ്ഥാപിതമായ കമ്പനിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അത്ര സുഖകരമായിരുന്നില്ല. മൊത്ത വരുമാനം 5,813 കോടി രൂപയായി താഴ്ന്നു. 2023-24 സാമ്പത്തികവര്‍ഷം വരുമാനം 6,028.1 കോടി രൂപയായിരുന്നു. 3.5 ശതമാനത്തിന്റെ കുറവ്. 2024 സാമ്പത്തികവര്‍ഷം 62 കോടി രൂപ ലാഭം നേടിയ സ്ഥാനത്ത് 163.76 കോടി രൂപ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം സംഭവിച്ചത്.
ഇന്ത്യന്‍ സിമന്റ് വിപണി കടുത്ത മത്സരത്തിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് കമ്പനികളെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ വരവ് സിമന്റ് ഇന്‍ഡസ്ട്രിയെ കടുത്ത മത്സരത്തിലേക്ക് നയിച്ചിട്ടുണ്ട്. വിപണിയിലെ മുമ്പന്മാരായ അള്‍ട്രടെക് സിമന്റ്, ശ്രീ സിമന്റ്, അംബുജ സിമന്റ്, ഡാല്‍മിയ ഭാരത്, ജെ.കെ സിമന്റ്‌സ് എന്നീ കമ്പനികളാണ് ജെ.എസ്.ഡബ്ല്യു സിമന്റ്‌സിന്റെ എതിരാളികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine