സിനിമയല്ല, തലവര മാറ്റിയത് ക്രിക്കറ്റ്! സമ്പന്ന നടി പട്ടം ജൂഹീ ചൗളക്ക്, ഋത്വിക് റോഷനും അമിതാഭ് ബച്ചനും പിന്നില്‍

2024ലെ ഐ.പി.എല്‍ കിരീട നേട്ടം ഷാരൂഖ് ഖാനെ ഹുറൂണ്‍ സമ്പന്ന പട്ടികയില്‍ ഒന്നാമതെത്തിച്ചു
A woman in a navy blue embellished gown poses gracefully on a balcony with a modern wooden lattice backdrop
https://www.facebook.com/IamJuhiChawla
Published on

ബോളിവുഡിലെ സമ്പന്ന നടിയെന്ന പദവി സ്വന്തമാക്കി ചലച്ചിത്ര താരം ജൂഹി ചൗള. 2025ലെ കണക്ക് അനുസരിച്ച് താരത്തിന്റെ കുടുംബത്തിന് 7,790 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. 2025ലെ എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടിക അനുസരിച്ച് ഋത്വിക് റോഷന്‍, കരണ്‍ ജോഹര്‍, അമിതാഭ് ബച്ചന്‍ എന്നിവരെ ജൂഹീ ചൗള പിന്നിലാക്കി.

ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനാണ് പട്ടികയില്‍ മുന്നില്‍. 12,490 കോടി രൂപയാണ് താരത്തിന്റെ സമ്പത്ത്. പട്ടികയില്‍ ഉള്ളവരില്‍ മിക്കവരും സിനിമയിലൂടെ പണമുണ്ടാക്കിയപ്പോള്‍ ജൂഹീ ചൗളയുടെ സ്വത്തുക്കള്‍ ക്രിക്കറ്റിലൂടെയാണെന്നതാണ് പ്രത്യേകത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആർ) ടീമിന്റെ ഉടമകളായ നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സില്‍ ജൂഹീ ചൗളയ്ക്കുള്ള പങ്കാളിത്തമാണ് സഹായിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താരം ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടീമില്‍ ഷാരൂഖ് ഖാനും സഹ ഉടമയാണ്.

ഹുറൂണ്‍ പട്ടികയില്‍ സ്വയാര്‍ജിത സമ്പന്ന വനിതകളുടെ (Self made women) കൂട്ടത്തില്‍ ആറാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ 53 ലക്ഷം ഫോളോവേഴ്‌സും താരത്തിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് താരത്തിന്റെ സമ്പത്ത് 4,600 കോടി രൂപയാണ്. ഒറ്റവര്‍ഷം കൊണ്ട് സമ്പത്തില്‍ 3,190 കോടി രൂപയുടെ വര്‍ധന. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ 69 ശതമാനം. കഴിഞ്ഞ വര്‍ഷം ദീപിക പദുകോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന ചോപ്ര എന്നിവരെ പിന്നിലാക്കി പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലെത്താനും താരത്തിന് കഴിഞ്ഞിരുന്നു.

സ്വയാര്‍ജിത വനിതകളുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ ഏക ചലചിത്ര താരവും ജൂഹി ചൗളയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അരിസ്റ്റ നെറ്റ്‌വര്‍ക്കിന്റെ ജയശ്രീ ഉള്ളാള്‍ (50,170 കോടി), സോഹോ സഹസ്ഥാപക രാധ വെമ്പു (46,580 കോടി), ഫാഷന്‍ ബ്രാന്‍ഡായ നൈക്കയുടെ ഫാല്‍ഗുനി നായര്‍ (39,810 കോടി), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍, ഓഫ്ബിസിനസിന്റെ രുചി കല്‍റ എന്നിവരാണ് പട്ടികയിലുള്ള മറ്റ് വനിതകള്‍.

ബോളിവുഡിന്റെ ബാദ്ഷ

ഐ.പി.എല്ലില്‍ കിരീടം നേടിയതോടെ കെ.കെ.ആറിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നതാണ് ജൂഹീ ചൗളയെ സഹായിച്ചത്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയിലൂടെ ഷാരൂഖ് ഖാനും ടീമിന്റെ സഹഉടമയാണ്. 2024ലെ കിരീട നേട്ടത്തിന് പിന്നാലെ കെ.കെ.ആറിന്റെ ബ്രാന്‍ഡ് മൂല്യം 19.3 ശതമാനം വര്‍ധിച്ച് 1,915 കോടി രൂപയിലെത്തിയിരുന്നു. ഇതോടെ ഷാരൂഖ് ഖാന്‍ ബ്രില്യണയര്‍ (സഹസ്ര കോടീശ്വരന്‍) പദവിയും സ്വന്തമാക്കി. ഹുറൂണ്‍ പട്ടിക പ്രകാരം താരത്തിന് 12,490 കോടി രൂപയുടെ (1.4 ബില്യന്‍ ഡോളര്‍) സ്വത്തുക്കളുണ്ട്. ഹുറൂണ്‍ സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനക്കാരനാണ് താരം. ഇതോടെ സമ്പത്തിന്റെ കാര്യത്തില്‍ പല പ്രശസ്ത ഹോളീവുഡ് താരങ്ങളെ പിന്നിലാക്കാനും ഷാരൂഖ് ഖാനായി.

കെ.കെ.ആറിന് പുറമെ ഇന്‍ഡോര്‍ തീം പാര്‍ക്കായ കിഡ്‌സാനിയ, ന്യൂട്രിഷന്‍ ആപ്പ് നൗറിഷ്, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മിറാര്‍ (MirrAR) എന്നിവയിലും താരത്തിന് നിക്ഷേപമുണ്ട്. ഇന്ത്യയിലും യു.എ.ഇയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.

2,160 കോടി രൂപയുടെ സ്വത്തുക്കളുമായി ഋത്വിക് റോഷനാണ് പട്ടികയില്‍ മൂന്നാമന്‍. ചലച്ചിത്ര താരം കരണ്‍ ജോഹര്‍ (1,880 കോടി), അമിതാഭ് ബച്ചന്‍ (1,630 കോടി) എന്നിവരാണ് പട്ടികയില്‍ താഴെയുള്ളത്.

Juhi Chawla’s net worth has surged by over 69%, making her the richest Bollywood actress. She now surpasses Hrithik Roshan, Karan Johar, and Amitabh Bachchan in wealth rankings.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com