40 സീറ്റുള്ള കോഴ്‌സിന് ആകെ 8 പേര്‍! വിദേശപഠനം കേരളത്തിലെ കോളെജുകളുടെ വേരറുക്കുമ്പോള്‍

'പ്ലസ് ടു' കഴിഞ്ഞാല്‍ വിദേശപഠനത്തിലേക്ക് തിരിയുകയാണ് കേരളത്തിലെ പല കൗമാരക്കാരും. അവരില്‍ നല്ലൊരു ശതമാനവും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലുമുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണെങ്കില്‍ കേരളത്തിലെ പല കോളെജുകളും വൈകാതെ അടച്ചുപൂട്ടേണ്ടി വരും. ഇന്ന് കേരളത്തിലെ പല കോളജുകളിലും വിവിധ കോഴ്‌സുകളില്‍ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഫലത്തില്‍ വിദേശപഠനം കേരളത്തിലെ കോളെജുകളുടെ വേരറുക്കുകയാണ്.

കോഴ്‌സിന് ആകെ 8 പേര്‍!

പ്ലസ് ടു കഴിഞ്ഞാലുടന്‍ കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതിന് പ്രധാന കാരണം നാട്ടില്‍ പഠിച്ചിറങ്ങിയാല്‍ ജോലി സാധ്യയതയില്ലാ എന്നതാണെന്ന് കേരളത്തിലെ ഒരു പ്രമുഖ കോളെജിലെ അദ്ധ്യാപിക പറഞ്ഞു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ ചില കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാല്‍ ഇവിടെ ജോലി കിട്ടില്ലെന്ന് പല വിദ്യാര്‍ത്ഥികളും പറയാറുണ്ടത്രേ. തന്റെ കോളെജിലെ ഫിസിക്‌സ് ക്ലാസിലെ സ്ഥിതി തന്നെയെടുത്താല്‍ മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും 40 സീറ്റുള്ള കോഴ്‌സിന് ചേര്‍ന്നത് 8 പേര്‍ മാത്രമെന്ന് അവര്‍ പറയുന്നു.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ പരമ്പരാഗതമായ കോഴ്‌സുകള്‍ പഠിച്ചാല്‍ അദ്ധ്യാപനം ഒഴികെ വലിയ തൊഴില്‍ സാധ്യതകളില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കരുതുന്നു. കൂടുതല്‍ പ്രചാരമുള്ള കോഴ്സുകളിലൊന്നായ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിന് പോലും ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കുറയുന്നുണ്ട്.

പഴകിയ സിലബസ്

മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ വിദേശപഠനത്തിലേക്ക് തിരിയുന്നതിന് മറ്റൊരു പ്രധാന കാരണം സിലബസ് പുതുക്കാത്തതാണ്. കാലം മാറിയതിനനുസരിച്ച് ഇവിടുത്തെ യൂണിവേഴ്‌സിറ്റികള്‍ സിലബസില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകാന്‍ കാരണമാണെന്ന് അദ്ധ്യാപിക അഭിപ്രായപ്പെട്ടു. കോഴ്‌സുകളോ, സിലബസുകളോ അപ്‌ഡേറ്റഡല്ലാത്തതിനാല്‍ കേരളത്തില്‍ ഉന്നത പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗ്യതയുള്ള അദ്ധ്യാപകരില്ല

ഇനി കാലത്തിനനുസരിച്ച് കോഴ്‌സുകള്‍ കൊണ്ടു വന്നാലോ, അത് പഠിപ്പിക്കാന്‍ യോഗ്യതയുള്ള ആളെ കിട്ടാത്ത സ്ഥതിയാണ്. കാലത്തിനനുസരിച്ചുള്ള പുത്തന്‍ കേഴ്‌സുകള്‍ ഇല്ലാത്തതിനാലും കേരളം വിടുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇനി പഠനത്തിനായി കേരളത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍കളുടെ കാര്യമെടുത്താലോ, അവര്‍ മറ്റ് കോളെജുകളേക്കാള്‍ സ്വയംഭരണ കോളെജുകളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. സ്വയംഭരണ കോളെജുകളിലെ സിലബസ് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതാണ് കാര്യം.

കോഴ്‌സ് പരീക്ഷാഫലങ്ങള്‍ ഏറെ വൈകിയെത്തുന്നതും ചിലരെ കേരളത്തില്‍ നിന്ന് അകറ്റുകയാണെന്ന് അദ്ധ്യാപിക പറയുന്നു. ഇത് അടുത്ത കോഴ്‌സിലേക്ക് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ വിവിധ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

വിദേശത്തേക്ക് പറക്കാന്‍ കാരണങ്ങളേറെ

മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പഠനത്തിന് പോകാനുള്ള പ്രധാന കാരണം വിദേശത്തെ പ്രശസ്തമായ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള കോഴ്‌സുകളാണ്. കേരളത്തില്‍ മികച്ച കോളെജുകളും സര്‍വകലാശാലകളും ഉണ്ടെങ്കിലും വിദേശത്തുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ വിപുലമായ പാഠ്യപദ്ധതിയും അത്യാധുനിക സൗകര്യങ്ങളും ഗവേഷണ-അധിഷ്ഠിത അന്തരീക്ഷവും നല്‍കുമെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് വിദേശങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നു.

മറ്റൊന്ന് 'ജോലി സാധ്യത'യാണ്. ഇവിടെ ഡിഗ്രി പഠിച്ചിറങ്ങിയാല്‍ ജോലി സാധ്യത വളരെ കുറവാണെന്നും അതുകൊണ്ടാണ് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നും പ്ലസ് ടു പഠിച്ചിറങ്ങിയ എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനി ആവണി എം.എസ് പറയുന്നു. പ്ലസ് ടു കഴിഞ്ഞിട്ടും താനും തന്റെ ചില കൂട്ടുകാരും കേരളത്തിലെ കോളെജുകളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്കൊന്നും തന്നെ അപേക്ഷിച്ചിട്ടില്ലെന്നും ആവണി എം.എസ് പറയുന്നു. അത്രമേല്‍ ഇന്ന് പ്ലസ് ടു കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിലേക്ക് തിരിയുകയാണ്.

വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരോട് ഇടപഴകാനും വിശാലമായ ലോകവീക്ഷണം നേടാനും വ്യക്തിഗത വികസനം സ്വാതന്ത്ര്യബോധം എന്നിവ വളര്‍ത്തിയെടുക്കാനും അവസരം ലഭിക്കും എന്നതും വിദ്യാര്‍ത്ഥികള്‍ വിദേശം തിരഞ്ഞെടുക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമാണ്. കേരളത്തിലെ കോളെജുകള്‍ നല്‍കുന്ന കോഴുസുകളേക്കാള്‍ നമ്മുടെ ഇഷ്ടങ്ങളോട് ചേര്‍ന്നുപോകുന്ന കോഴ്‌സുകള്‍ വിദേശത്തുണ്ടെന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥി അതുല്‍ കൃഷ്ണ. ജി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിനുള്ള വിപുലമായ കോഴ്‌സുകള്‍ പല വിദേശ സ്ഥാപനങ്ങളും ഇന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതും അവരെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നൊരു ഘടകമാണ്.

കുട്ടികളുടെ ചിന്താഗതികള്‍ മാറുന്നു

ഇന്ന് പ്ലസ് ടു കഴിഞ്ഞ് ഒരുപാട് കുട്ടികള്‍ വിദേശപഠനം നോക്കുന്നുണ്ടെന്നും കുട്ടകളുടെ ചിന്താഗതികള്‍ മാറിയതാണ് കാരണമെന്നും കൊച്ചിയിലെ ഡെല്‍റ്റാ അക്കാഡമി സ്ഥാപകനായ ഷിജിന്‍ ഷാനവാസ് പറഞ്ഞു. ഇന്ന് രക്ഷിതാക്കളെക്കാള്‍ ഏറെ കുട്ടികള്‍ തന്നെ താത്പര്യത്തോടെ സ്വമേധയാ മുന്നോട്ട് വന്ന് വിദേശത്തേക്ക് പോയി പഠിക്കണമെന്ന അവശ്യമുന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വിദേശ പഠനത്തിനുള്ള മനഃശക്തിയുണ്ടെന്ന് ഇന്നത്തെ കുട്ടികള്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്തി ആത്മവിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാന്‍ മാത്രം കുട്ടികള്‍ വിദേശപഠനത്തില്‍ താത്പര്യമുള്ളവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമല്ലെങ്കില്‍ വേരറ്റുപോകും

കേരളത്തിലുള്ള പത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും യുവാക്കളും ഇന്ന് വിദേശത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിലെ 30 ശതമാനം കോളെജുകള്‍ അധികം വൈകാതെ പൂട്ടിപോകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരുന്നത് തികച്ചും ആശങ്കാജനകമാണ്. ഭാവിയില്‍ കേരളത്തില്‍ യുവജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അവരെ ഇവിടെ നിലനിര്‍ത്തണമെന്നും പല വിദഗ്ധരും പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി പല ആര്‍ട്‌സ്, സയന്‍സ് കോളെജുകളിലേയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പണ്ടുമുതലേ ഇവിടെയുള്ള കോഴ്‌സുകള്‍ എങ്ങനെയും നിലനിര്‍ത്തികൊണ്ടുപോകണം എന്ന് ചിന്തിക്കുന്നതിന് പകരം കാലാനുസൃതമായ പാഠ്യവിഷയങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇന്നത്തെ ലോകവുമായി പൊരുത്തപ്പെട്ട് പോകുന്ന അത്യാധുനിക തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകള്‍ ഇവിടുത്തെ കോളെജുകളിലും എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ട്. കാരണം ഇന്ന് കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം ഏതാണ്ട് 35,000 വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നുണ്ട്. മികച്ച വിദ്യാഭ്യാസവും അവസരങ്ങളും തേടി മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് ചേക്കേറുമ്പോള്‍ കേരളത്തിലെ കോളെജുകളുടെ വേരറ്റുപോകുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.

Related Articles

Next Story

Videos

Share it