Begin typing your search above and press return to search.
ലാഭം ₹150 കോടി എത്തിക്കുമെന്ന് കെ-ഫോണ്‍; ബിസിനസ് പിടിക്കാന്‍ നിയോഗിച്ച കമ്പനി ഇരുട്ടില്‍ തപ്പുന്നു
അതിവേഗ ഇന്റര്‍നെറ്റ് എല്ലാവരിലേക്കും എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം 150 കോടി രൂപ ലാഭമുണ്ടാകുമെന്ന് അധികൃതരുടെ അവകാശവാദം. എന്നാല്‍ കെ-ഫോണിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെട്ട കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം.
എ.ഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടിയാണ് കെ-ഫോണിന്റെ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡര്‍. കൂടുതല്‍ വാണിജ്യ കണക്ഷനുകള്‍ കണ്ടെത്തി വരുമാനം കൂട്ടുകയാണ് ഈ കമ്പനിയുടെ ദൗത്യം. കമ്പനി വഴിയെത്തുന്ന വരുമാനത്തിന്റെ 10 ശതമാനം കമ്മീഷനും 2 ശതമാനം ഇന്‍സെന്റീവും ഇവര്‍ക്കു ലഭിക്കും.
ബംഗളൂരു കമ്പനിയുടെ വരവ് വരുമാനത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുമെന്നായിരുന്നു കെ-ഫോണ്‍ അധികൃതരുടെ പ്രതീക്ഷ. ആദ്യ വര്‍ഷം 350 കോടി രൂപ കണ്ടെത്താമെന്ന മോഹം പക്ഷേ നടപ്പായില്ലെന്ന് മാത്രമല്ല ബിസിനസ് പിടിക്കാന്‍ കൊണ്ടുവന്ന കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നതുമില്ല.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
വാടകയ്ക്ക് 4,300 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍, 5,388 വീടുകളില്‍ വാണിജ്യ കണക്ഷന്‍, 34 ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ കണക്ഷന്‍ എന്നിവയിലൂടെയാണ് കെ-ഫോണിന് ഇതുവരെ വരുമാനം ലഭിച്ചത്. ഇത് ലക്ഷ്യമിട്ടതിന്റെ തീരെ കുറവാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് 135 കോടി രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു കെ-ഫോണിന്റെ കണക്കുകൂട്ടല്‍. 30,438 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നാകും ഈ വരുമാനം കണ്ടെത്തുക. ഇതുവരെ 21,214 ഓഫീസുകളില്‍ കണക്ഷന്‍ കൊടുത്തുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതുവരെ ബില്‍ അടച്ചിട്ടില്ലെന്നതാണ് വസ്തുത.
സര്‍ക്കാര്‍ ബില്ലില്‍ പണമില്ല
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ ബില്ലുകള്‍ ഒന്നിച്ചായിരുന്നു അയച്ചത്. ഈ ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ രണ്ടാമത്തെ ബില്‍ അയച്ചിട്ടുമില്ല. സ്‌കൂളുകളുടെ കാര്യത്തിലും അവസ്ഥ സമാനമാണ്. സ്‌കൂളുകളുടെ ഇന്റര്‍നെറ്റിനുള്ള ചെലവ് വഹിച്ചിരുന്നത് സര്‍ക്കാരാണ്. കെ-ഫോണ്‍ വന്നതോടെ സ്‌കൂളുകള്‍ സ്വന്തമായി ഈ തുക കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. ഇതും നടപ്പിലായിട്ടില്ല.
സംസ്ഥാനത്ത് സ്ഥാപിച്ച ഫൈബര്‍ ശൃംഖലയില്‍ സ്വന്തം ആവശ്യം കഴിഞ്ഞ് 4,300 കിലോമീറ്റര്‍ കേബിള്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഇതിലൂടെ നിലവില്‍ അഞ്ചു കോടിയുടെ വരുമാനമുണ്ട്. ഇത് 10,000 കിലോമീറ്ററില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കമ്പനി പറയുന്നു. ഇതിനായി വിവിധ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രതിവര്‍ഷം 50 കോടി രൂപ ഇതുവഴി നേടാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഓരോ മാസവും 15-18 കോടി രൂപയാണ് കെ-ഫോണിന്റെ ചെലവ്. വാര്‍ഷിക അറ്റകുറ്റപ്പണിക്ക് നല്‍കേണ്ട തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, പലിശ എന്നിവയ്‌ക്കൊപ്പം മറ്റ് ചെലവുകളും ഇതില്‍ ഉള്‍പ്പെടും. ഈ തുക വാണിജ്യ കണക്ഷനുകളിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
Next Story
Videos