കെ ഫോണ്‍ കമ്പനിക്ക് കൈകാര്യ ചുമതല, ബാക്കിയെല്ലാം പുറം പണിക്കാര്‍ക്ക്

കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനായി മാനേജ്മെന്റ് ചുമതല മാത്രം കെ ഫോണ്‍ ലിമിറ്റഡ് നിര്‍വഹിക്കും. മറ്റു പ്രവര്‍ത്തനങ്ങള്‍ പുറംജോലി നിര്‍വഹണമാക്കും. ഐടി സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിക്കാന്‍ തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

കെ ഫോണിന്റെ ഉത്തരവാദിത്വം

ഇന്റര്‍നെറ്റും ഇന്‍ട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളോടും വെവ്വേറെ ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം സര്‍ക്കാര്‍ കെ ഫോണ്‍ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ തുക നല്‍കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റനെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കല്‍ നെറ്റ്‌വർക്ക് ടെര്‍മിനല്‍ (ONT) വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എല്‍. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന കെ ഫോണ്‍ ഉറപ്പുവരുത്തണം.

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ലാന്‍, വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്‌ഐടിഐഎല്‍ (Kerala State Information Technology Infrastructure Limited) ഉറപ്പു വരുത്തണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കല്‍ നെറ്റ്‌വർക്ക് ടെര്‍മിനല്‍ വരെയുള്ള പ്രവര്‍ത്തനവും പരിപാലനവും മാത്രമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കൈകാര്യം ചെയ്യുന്നത്.

ഇതില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറിന്റെ (MSP) വൈദഗ്ധ്യം ആവശ്യമാണ്. അതിനാല്‍ ടെന്‍ഡര്‍ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറെ തെരഞ്ഞെടുക്കും. സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ ഫോണ്‍ ബോര്‍ഡിന് ഉപദേശം നല്‍കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സില്‍ നിന്നുള്ള അംഗത്തെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള ടെക്നിക്കല്‍ കമ്മിറ്റിയെ ശാക്തീകരിക്കും.


Related Articles
Next Story
Videos
Share it