ഗുണമേന്മയില്‍ മികവ് പുലര്‍ത്തുന്ന പുഷ്ടിമ കാലിത്തീറ്റയുമായി കെ.എസ്.ഇ

ആറ് പതിറ്റാണ്ടുകളായി കേരളത്തിന്റെ കാർഷിക സംസ്കാരത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് കെ.എസ്.ഇ കമ്പനി. കന്നുകാലി തീറ്റയാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഒന്ന്.
ഈ നിരയിലേക്ക് പുതിയ ഒരു ഉല്‍പ്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ഇ. കിടാരികൾക്കും കറവ വറ്റിയ പശുക്കൾക്കുമായി പുതുതായി കെ.എസ് പുഷ്ടിമ കാലിത്തീറ്റയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആലുവ വൈ.എം.സി.എ ഹാളില്‍ ഓഗസ്റ്റ് 21 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എസ്.ഇ കമ്പനി പ്രതിനിധികളും ക്ഷീരസംഗം പ്രതിനിധികളും മുന്നൂറോളം ക്ഷീരകർഷകരും പങ്കെടുത്തു.

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍

ഐസ്ക്രീം, പാല്‍, നെയ് ഉല്‍പ്പന്നങ്ങള്‍, കാലത്തീറ്റ എന്നിങ്ങനെയുളള ഉല്‍പ്പന്ന വൈവിധ്യങ്ങളാണ് കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ വെസ്റ്റ ഐസ്ക്രീം വിപണനം ചെയ്യുന്നുണ്ട്. കമ്പനിയുടെ മറ്റൊരു ഉല്‍പ്പന്നമാണ് കെ.എസ് ടോൺഡ് പാൽ. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുളള ഉല്‍പ്പന്നമായ കെ.എസ് നെയ്യും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

തെക്കേ ഇന്ത്യയില്‍ വിപുലമായ സാന്നിധ്യം

1963 ലാണ് കെ.എസ്.ഇ സ്ഥാപിതമായത്. ദക്ഷിണേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി കമ്പനിക്ക് നിലവില്‍ ഉല്‍പ്പാദന യൂണിറ്റുകളുണ്ട്. ഇത് തെക്കേ ഇന്ത്യന്‍ വിപണിയില്‍ ഫലപ്രദമായ സാന്നിധ്യമായി മാറാന്‍ കമ്പനിയെ സഹായിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 18.36 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. വരുമാനം 425.68 കോടി രൂപയില്‍ നിന്ന് 432.58 കോടി രൂപയായും വര്‍ധിച്ചു. കാലത്തീറ്റ വിഭാഗത്തിന്റെ വരുമാനം 365.13 കോടി രൂപയും ഓയില്‍ കേക്ക് പ്രോസസിംഗ് ഡിവിഷന്റെ വരുമാനം 105.30 കോടിയും ഡയറി വിഭാഗത്തിന്റേത് 16 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്.
ബി.എസ്.ഇ യില്‍ കെ.എസ്.ഇ ലിമിറ്റഡിന്റെ ഓഹരി 0.56 ശതമാനം വര്‍ധിച്ച് 2,921.80 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ കേരളാ വിപണിയില്‍ കമ്പനിയുടെ ഓഹരി 1.87 ശതമാനം വര്‍ധിച്ച് 2877 ലായിരുന്നു ക്ലോസ് ചെയ്തത്.
Related Articles
Next Story
Videos
Share it