ഭൂമി, കെട്ടിട വിവരങ്ങള്‍ മുതല്‍ ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ വരെ, കെ-സ്മാർട്ട് സേവനങ്ങള്‍ ഇനി എല്ലാ പഞ്ചായത്തുകളിലും

പൊതുജനങ്ങൾക്ക് വിവിധ അപേക്ഷകളുടെ നില ഇതിലൂടെ പരിശോധിക്കാവുന്നതാണ്
K-SMART
Image courtesy: ksmart.lsgkerala.gov.in
Published on

കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമായ കെ-സ്മാർട്ടിന്റെ സേവനങ്ങള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാകും. ഒരു പ്രത്യേക പ്ലോട്ടുമായി ബന്ധപ്പെട്ട ഡാറ്റകള്‍ ലഭ്യമാകുന്ന 'നിങ്ങളുടെ ഭൂമി അറിയുക', ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ, ഭീമ ഹര്‍‌ജി ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയ പുതിയ സവിശേഷതകളും പരിഷ്കരിച്ച പോർട്ടലില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും ഇനി കെ-സ്മാർട്ടിന്റെ സേവനങ്ങള്‍ ലഭ്യമാണ്. വിവിധ തദ്ദേശ സ്വയംഭരണ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് മൊബൈൽ വഴി ആക്‌സസ് ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോമാണ് കെ-സ്മാർട്ട് വാഗ്ദാനം ചെയ്യുന്നത്. പ്രവാസി കേരളീയർക്കും ഈ പ്ലാറ്റ്ഫോം ആക്‌സസ് ചെയ്യാൻ കഴിയും.

ജനനം, മരണം, വിവാഹം തുടങ്ങിയ രേഖകൾ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സ്വത്ത്, പ്രൊഫഷണൽ നികുതികള്‍ അടയ്ക്കുന്നതിനും ബിസിനസുകൾക്കുള്ള ലൈസൻസുകൾ നേടുന്നതിനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങൾ സമര്‍പ്പിച്ച വിവിധ അപേക്ഷകളുടെ നില പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

ഭൂമി അറിയുക സവിശേഷത

ഒരു ഉപയോക്താവ് ജിപിഎസ് വഴി സ്ഥലത്തിന്റെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തീരദേശ നിയന്ത്രണ മേഖല, റെയിൽവേ, വിമാനത്താവള മേഖലകൾ, പരിസ്ഥിതി ലോല മേഖലകൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാമോ എന്ന് പരിശോധിക്കാന്‍ 'നിങ്ങളുടെ ഭൂമി അറിയുക' എന്ന സവിശേഷത കൊണ്ട് സാധിക്കും.

ഒരു പ്രത്യേക പ്രദേശത്ത് കെട്ടിടം നിർമ്മിക്കാൻ അനുവാദമുള്ള പരമാവധി ഉയരം, സെറ്റ്ബാക്ക് ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കെ-സ്മാർട്ടില്‍ ലഭിക്കും. ഒരു കെട്ടിടത്തിനും അതിന്റെ അതിർത്തിക്കും ഇടയിലുള്ള ദൂരം കണക്കാക്കുന്നതാണ് സെറ്റ്ബാക്ക് നിയമങ്ങൾ. കെട്ടിടത്തിന്റെ സുരക്ഷ, വായുസഞ്ചാരം, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ നിയമങ്ങളുളളത്.

ലോകത്തെവിടെ നിന്നും വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കും, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണോ ഒരു കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയിട്ടുളളത് എന്ന് പരിശോധിക്കാനായി കെ-സ്മാർട്ടിലുളള കെട്ടിട അനുമതി മൊഡ്യൂള്‍ സഹായിക്കും. 'എന്റെ കെട്ടിടം' എന്ന സവിശേഷത ഉപയോഗിച്ച് കെട്ടിടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ, നികുതി തുക, കെട്ടിട നമ്പർ എന്നിവ അറിയാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com