വേമ്പനാട്ടു കായലിലെ ഈ ദ്വീപുകളിലേക്ക് ഉല്ലാസ യാത്ര പോകാം, ഇനി വാട്ടർ മെട്രോയിൽ; ശരിക്കും കലക്കും!

വേമ്പനാട് കായലിലെ 14 ദ്വീപുകളുടെ സമൂഹമാണ് കടമക്കുടി
Kadamakudy island
Image courtesy: www.keralatourism.org, Canva
Published on

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാണ് കൊച്ചിക്ക് സമീപമുളള കടമക്കുടി ദ്വീപസമൂഹം. വ്യവസായി ആനന്ദ് മഹീന്ദ്ര ഈ ദ്വീപ് സമൂഹങ്ങളെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത് ദേശീയ തലത്തില്‍ ശ്രദ്ധേയമായിരുന്നു. ഗതാഗത സൗകര്യങ്ങളുടെ പരിമിതി ഈ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് കാര്യമായ വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ ഇവിടേക്ക് ഫെറി സർവീസുകൾ ആരംഭിക്കാനുളള ഒരുക്കത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ.

കടമക്കുടി ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഹൈക്കോടതി, മട്ടാഞ്ചേരി ടെർമിനലുകളിൽ നിന്ന് കടമക്കുടി-പാളിയംതുരുത്ത് വരെ സർവീസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ കടമക്കുടി കാർണിവൽ എന്നറിയപ്പെടുന്ന വില്ലേജ് ഫെസ്റ്റിന് മുമ്പായി വാട്ടര്‍ മെട്രോ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയുളളത്.

ദ്വീപുകളിൽ വളരെ കുറച്ച് താമസക്കാർ മാത്രമുള്ളതിനാൽ സാധാരണ യാത്രക്കാരേക്കാൾ കൂടുതൽ വിനോദസഞ്ചാരികളെയാണ് ഇവിടേക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഫോർട്ട് കൊച്ചി, കാക്കനാട് പ്രദേശങ്ങളിലേക്ക് എന്നപോലെ തുടർച്ചയായി ഇവിടേക്ക് വാട്ടര്‍മെട്രോ സർവീസുകൾ തുടക്കത്തില്‍ ഉണ്ടായിരിക്കില്ല.

വേമ്പനാട് കായലിലെ 14 ദ്വീപുകളുടെ സമൂഹമാണ് കടമക്കുടി. മനോഹരമായ കനാലുകൾ, പച്ചപ്പു നിറഞ്ഞ നെൽപ്പാടങ്ങൾ, പരമ്പരാഗത മത്സ്യബന്ധന ഗ്രാമങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവകൊണ്ട് സമ്പന്നമാണ് പ്രദേശം. ഇവിടത്തെ പക്ഷിസങ്കേതവും കായലിലെ വശ്യമായ സൂര്യാസ്തമയവും വളരെ ആകര്‍ഷകമാണ്. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട വിശ്രമ കേന്ദ്രമാണ് കടമക്കുടി.

Kadamakudy island cluster near Kochi to get Water Metro connectivity, boosting its growing global tourism appeal.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com