
ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ബംഗ്ലാദേശ്. ഇന്ത്യയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച മതേതരത്വം മുറുകെപിടിച്ചിരുന്ന ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതോടെയാണ് ബംഗ്ലാദേശ് മാറിത്തുടങ്ങുന്നത്. എന്തിനും ഏതിനും മതത്തെ കൂട്ടുപിടിക്കുന്ന താല്‍ക്കാലിക സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ചൈനയുമായി കൂടുതല്‍ അടുക്കുകയാണ്. തങ്ങളുടെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ ചൈനീസ് സര്‍ക്കാരിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ബംഗ്ലാദേശിന്റെ കൈവശമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കടുത്തുള്ള ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് യൂനുസിന്റെ ശ്രമം. വിമാനത്താവളം വരുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പില്ല. എന്നാല്‍ ചൈനയുടെ സാന്നിധ്യമാണ് പ്രശ്‌നം. ചൈനയെ കൊണ്ട് ഈ വിമാനത്താവളം നവീകരിക്കാനാണ് യൂനുസ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരേ പുതിയൊരു ആയുധം കിട്ടുന്നതിനാല്‍ ഈ നീക്കത്തോടെ ചൈനയ്ക്കും താല്പര്യമാണ്.
തന്ത്രപ്രധാന സ്ഥാനത്താണ് ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സിലിഗുരി ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന പ്രദേശത്തു നിന്നും വെറും വെറും 132 കിലോമീറ്റര്‍ അകലെയാണ് ബംഗ്ലാദേശിന്റെ അധീനതയിലുള്ള ഈ വിമാനത്താവളം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നാകട്ടെ വെറും 20 കിലോമീറ്റര്‍ മാത്രം അകലെയും. ചൈനയുടെ വരവ് ഈ വിമാനത്താവളത്തെ സൈനികപരമായ ആവശ്യത്തിനായി ഉപയോഗിച്ചേക്കാമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളും മറ്റും നിരീക്ഷിക്കാന്‍ ചൈനയ്ക്ക് കിട്ടുന്ന അവസരം കൂടിയാണിത്.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം പ്രവര്‍ത്തനം നിലച്ചതാണ് ത്രിപുരയിലെ കൈലാഷഹര്‍ എയര്‍പോര്‍ട്ട്. നിലവില്‍ ത്രിപുരയില്‍ ഒരേയൊരു വിമാനത്താവളമാണുള്ളത്. തലസ്ഥാനമായ അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളമാണിത്. സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കംകൂട്ടാന്‍ കൈലാഷഹര്‍ വിമാനത്താവളം വരുന്നതോടെ സാധിക്കും. മാത്രമല്ല വാണിജ്യ, സൈനിക നീക്കത്തിനും മുതല്‍ക്കൂട്ടാകും.
ഉനകോടി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷഹര്‍ വിമാനത്താവളം വീണ്ടെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ വിമാനത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കുള്ള ദൂരം 800 കിലോമീറ്ററില്‍ താഴെയാണ്. കിഴക്കന്‍ പാക്കിസ്ഥാന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു കൈലാഷഹര്‍ വിമാനത്താവളം.
ബംഗ്ലാദേശ് രൂപീകരണത്തിനുശേഷം നാളിതുവരെ ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു അവര്‍. എന്നാല്‍ മതമൗലിക വാദികള്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശ് തിരിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് കൈലാഷഹര്‍ വിമാനത്താവള പദ്ധതിക്ക് വേഗംകൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും.
നിലവില്‍ കൈലാഷഹര്‍ വിമാനത്താവള റണ്‍വേ 1000 മീറ്ററാണ്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സ്ഥലമേറ്റെടുത്ത് റണ്‍വേയുടെ വലുപ്പം കൂട്ടുകയാണ് മാര്‍ഗം. ഇതിനുള്ള നടപടികള്‍ക്ക് കേന്ദ്രം വേഗത കൂട്ടിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ നീക്കങ്ങള്‍ക്ക് അതേപോലെ മറുപടി നല്കാനും ചൈനീസ് തന്ത്രങ്ങളെ ചെറുക്കാനും ഈ വിമാനത്താവളം വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine