ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഹുറുൺ ഇന്ത്യ. 2024 ലെ ഇന്ത്യയിലെ സമ്പന്നരായ വ്യക്തികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത് സെപ്‌റ്റോ സഹസ്ഥാപകനായ കൈവല്യ വോറയെയാണ്.
ഹുറുൺ പട്ടികയിൽ കൈവല്യ ഇടം നേടുന്നത് ഇതു മൂന്നാം തവണയാണ്. 2022 ൽ 19ാം വയസിലാണ് ഈ ചെറുപ്പക്കാരന്‍ ആദ്യമായി ഹുറൂൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. 3,600 കോടി രൂപയാണ് ഈ 21കാരന്റെ പേരിലുളള ആസ്തി. 2003 മാർച്ച് 15 ന് ബംഗളൂരുവിലാണ് കൈവല്യയുടെ ജനനം.
സെപ്‌റ്റോയുടെ പ്രവര്‍ത്തനം
പലചരക്കു സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓൺലൈൻ ഡെലിവറി ആപ്പാണ് സെപ്‌റ്റോ. കോവിഡ് മഹാമാരിയുടെ സമയത്ത് ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ നിയന്ത്രണമുളളപ്പോഴാണ് കൈവല്യ ഡെലിവറി ആപ്പായ സെപ്‌റ്റോ സ്ഥാപിക്കുന്നത്. ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍, സ്വിഗ്ഗി, ടാറ്റാ ഗ്രൂപ്പിന്റെ ബിഗ്ബാസ്കറ്റ് തുടങ്ങിയവയുമായി മത്സരം നടത്തിയാണ് സെപ്‌റ്റോ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
മറ്റു കമ്പനികൾ 30 മിനിറ്റിനുള്ളിൽ പലചരക്കു സാധനങ്ങള്‍ ഡെലിവറി ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ സെപ്‌റ്റോ 10 മിനിറ്റിനുള്ളിൽ നിത്യോപയോഗ സാധനങ്ങൾ വീടുകളില്‍ എത്തിക്കുമെന്ന അവകാശവുമായാണ് ഉപയോക്താക്കളെ സമീപിച്ചത്. മുംബൈ, പൂനെ, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയവിടങ്ങളിലാണ് നിലവില്‍ കമ്പനി സേവനങ്ങള്‍ നല്‍കുന്നത്.
യൂണികോൺ പദവി സ്വന്തമാക്കി കമ്പനി
സഹപാഠിയായിരുന്ന 22 കാരന്‍ ആദിത് പാലിച്ചയുമായി ചേര്‍ന്നാണ് കൈവല്യ കമ്പനി ആരംഭിക്കുന്നത്. ഹുറുൺ ഇന്ത്യ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളാണ് ആദിത്. കൈവല്യയും ആദിതും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു. പഠനത്തിനിടെ കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് ഉപേക്ഷിച്ച് ഇരുവരും സംരംഭകത്വത്തിലേക്ക് പ്രവേശിക്കുകയാണ് ഉണ്ടായത്.
തുടക്കത്തിൽ കിരണകാർട്ട് എന്ന പേരിലാണ് അവര്‍ കമ്പനി സ്ഥാപിക്കുന്നത്. പിന്നീടാണ് കമ്പനി വിപുലീകരിച്ച് സെപ്‌റ്റോ എന്ന് പുനര്‍നാമകരണം ചെയ്തത്. തുടര്‍ന്ന് ഓൺലൈൻ പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവ മിനിറ്റുകൾക്കുള്ളിൽ വിതരണം ചെയ്യുന്ന വാണിജ്യ ആപ്പായി സെപ്‌റ്റോ മാറുന്ന കാഴ്ചയാണ് കണ്ടത്.
2023 ഓഗസ്റ്റിൽ 1.4 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയം സ്വന്തമാക്കി കമ്പനി യൂണികോൺ പദവി നേടി. ഫോബ്‌സിന്റെ '30 വയസിന് താഴെയുളള ഏറ്റവും സ്വാധീനമുളള ഏഷ്യക്കാരന്‍' എന്ന പട്ടികയിലും കൈവല്യ ഇടംപിടിച്ചിട്ടുണ്ട്.
ഹുറൂൺ പട്ടികയില്‍ ഈ വർഷം 272 പുതുമുഖങ്ങൾ ഉൾപ്പെടെ 1,000 കോടിയിലധികം ആസ്തിയുള്ള 1,539 വ്യക്തികളാണ് ഉളളത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഗവേഷണ, നിക്ഷേപ സ്ഥാപനമാണ് 1999 ൽ യു.കെയിൽ സ്ഥാപിതമായ ഹുറുൺ. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ആദ്യമായി ഇത്തവണ 300 കവിഞ്ഞു. 334 ശതകോടീശ്വരന്മാര്‍ രാജ്യത്തുളളതായാണ് പട്ടിക വ്യക്തമാക്കുന്നത്.