കല്യാണ്‍ ജുവലേഴ്‌സ് വരുമാനം വര്‍ധിച്ചു, ലാഭം താഴ്ന്നു; പാദഫലം പുറത്ത്, ഓഹരികളില്‍ ഇടിവ്

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലാഭം 10.6 ശതമാനം ഉയര്‍ന്ന് 308 കോടി രൂപയായി
T.S. Kalyanaraman kalyan jewelers logo stock market
image credit : kalyan jewels , canva
Published on

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ലാഭത്തില്‍ ഇടിവ്. ലാഭം മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 3.3 ശതമാനം താഴ്ന്ന് 130 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 134.8 കോടി രൂപയായിരുന്നു ലാഭം. കസ്റ്റംസ് തീരുവ കുറച്ചതുമൂലം 69 കോടി രൂപയുടെ നഷ്ടമുണ്ടായത് ഈ പാദഫലത്തിനൊപ്പം ചേര്‍ത്തതാണ് ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണം.

ലാഭം കുറഞ്ഞുവെന്നതൊഴിച്ചാല്‍ വരുമാനത്തില്‍ ഉള്‍പ്പെടെ മികച്ച നേട്ടം കൊയ്യാന്‍ കല്യാണിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 4,427.6 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ ഇത് 6,091.5 കോടി രൂപയായി ഉയര്‍ത്താന്‍ കമ്പനിക്കായി. 37.5 ശതമാനത്തിന്റെ വളര്‍ച്ച.

മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം (EBITDA) 4.3 ശതമാനം ഉയര്‍ന്ന് 327.1 കോടി രൂപയായി. 2023-24 സെപ്റ്റംബര്‍ പാദത്തിലിത് 313.6 കോടി രൂപയായിരുന്നു. അതേസമയം, എബിറ്റ്ഡ മാര്‍ജിന്‍ 1.70 ശതമാനം ഇടിഞ്ഞ് 5.4 ശതമാനമായി.

ആദ്യ പകുതിയില്‍ വരുമാനം ഉയര്‍ന്നു

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലാഭം 10.6 ശതമാനം ഉയര്‍ന്ന് 308 കോടി രൂപയായി. 2024 സാമ്പത്തികവര്‍ഷം 278.4 കോടി രൂപയായിരുന്നു ഇത്. ഇക്കാലയളവില്‍ വരുമാനം 32 ശതമാനം ഉയര്‍ന്ന് 11,649 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 8,815 കോടി രൂപയായിരുന്നു.

സ്വര്‍ണ വിപണിയില്‍ വിലവര്‍ധന അടക്കം പ്രതികൂല സാഹചര്യം നിലനില്‍ക്കുമ്പോഴും മികച്ച പ്രകടനം നടത്താന്‍ കമ്പനിക്ക് സാധിച്ചതായി കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. വരുന്ന വിവാഹ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രണ്ടാംപാദ ഫലം പുറത്തുവന്നത് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളെയും ബാധിച്ചു. 4.87 ശതമാനം ഇടിവോടെ 670 രൂപയിലാണ് ഇന്ന് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബറില്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 786 രൂപ വരെ എത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com